കോഴിക്കോട്: ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്നെത്തിയ 51 വയസ്സുകാരനായ ഓമശ്ശേരി സ്വദേശി, 55 വയസ്സുകാരനായ പേരാമ്പ്ര സ്വദേശി, ചെന്നൈയില്‍ നിന്നെത്തിയ 43 കാരനായ നരിപ്പറ്റ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
മെയ് 13 ന് കുവൈത്തില്‍ നിന്ന് കരിപ്പൂരില്‍ എത്തിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ ഓമശ്ശേരിയില്‍ എത്തിച്ച് അവിടെ കോവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. ഓമശ്ശേരി സ്വദേശി ക്ക് 14-ാം തിയ്യതിയും പേരാമ്പ്ര സ്വദേശി ക്ക് 15-ാം തിയ്യതിയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.
നരിപ്പറ്റ സ്വദേശി മെയ് ഒന്‍പതിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് 10 ന് രാവിലെ വാളയാറില്‍ എത്തുകയും പാസില്ലാത്തതിനാല്‍ അവിടെ വൈകുന്നേരം വരെ തങ്ങുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സജ്ജമാക്കിയ വാഹനത്തല്‍ പുറപ്പെട്ട് മെയ് 11 ന് രാവിലെ 10.30 ന് നരിപ്പറ്റയിലെത്തി വീട്ടില്‍ നീരീക്ഷണത്തിലായിരുന്നു. 13 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വാളയാറില്‍ നിന്ന് വാഹനത്തില്‍ പുറപ്പെട്ട സംഘം നരിപ്പറ്റ സ്വദേശിയെ വടകരയില്‍ ഇറക്കുകയായിരുന്നു. വാഹനത്തിലുള്ള മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. വടകരയില്‍ ഇറങ്ങിയ ശേഷം പലസ്ഥലങ്ങളിലും കറങ്ങിയതായാണ് പ്രാഥമിക വിവരം. പിന്നീട് പോലീസ് ഇടപെട്ടാണ് ഇയാളെ നരിപ്പറ്റ പഞ്ചായത്തിലെ 14 ാം വാര്‍ഡിലെ മൊട്ടന്‍ തറയ്ക്കടുത്തുള്ള വീട്ടിലെത്തിക്കുന്നത്. വടകരയില്‍ സമ്പര്‍ക്കത്തിലായവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നരിപ്പറ്റ പഞ്ചായത്തില്‍ ഇതോടെ രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31 ആയി. ഇവരില്‍ 24 പേര്‍ക്ക് രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ ഏഴ് കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഇന്നലെ 52 സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ആകെ 2754 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2648 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2609 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 206 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: