ന്യൂദല്‍ഹി: സമസ്ഥമേഖലയിലും തൊഴിലാളികള്‍ക്കും മിനിമം കൂലി ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക പാക്കേജിന്റെ ഭാഗമായുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ‘ഒരു ഇന്ത്യ ഒരു കൂലി’ എന്ന പദ്ധതി നടപ്പിലാക്കുമെന്നും അവര്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. മഴക്കാലത്ത് സാധ്യമായ രീതിയില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും.ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ 11002 കോടി കൈമാറിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് മുഖേനയാണ് തുക കൈമാറിയത്.
വിവിധഭാഷാ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കും. അഞ്ച് കിലോ ധാന്യവും ഒരു കിലോ പരിപ്പും നല്‍കും. ഇതിന്റെ മുഴുവന്‍ ചിലവും കേന്ദ്രം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. 8 കോടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം കിട്ടുമെന്നും മന്ത്രിവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 30,000 കോടി രൂപയുടെ അധിക സഹായം കൂടി നല്‍കുമെന്ന് നിര്‍മ്മലാ സാതാരാമന്‍ അറിയിച്ചു. ഗ്രാമീണ സംഘങ്ങളിലൂടെയും സഹകരണ സംഘങ്ങളിലൂടെയുമാണ് ഈ പണം വായ്പയായി നല്‍കുക. രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ചെറുകിട കര്‍ഷകര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ 2.5 കോടി കര്‍ഷകര്‍ക്ക് വായ്പാ സഹായം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിനായി രണ്ടു ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളേയും ക്ഷീര കര്‍ഷകരേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
നാല് ലക്ഷം കോടി രൂപയുടെ വായ്പ കര്‍ഷകര്‍ക്ക് ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് കോടി കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ കിട്ടി. നബാര്‍ഡ് വഴി 29,600 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: