കുമളി: ‘ഞാന്‍ നഴ്സല്ല, പക്ഷെ നേരിട്ട് അനുഭവിച്ചറിഞ്ഞു, കൊറോണ പ്രതിരോധ വസ്ത്രം ധരിച്ച് ജോലി ചെയ്യേണ്ടി വരുന്ന നേഴ്സുമാരുടെ ധര്‍മ്മസങ്കടം’. കുമളി സ്വദേശിയായ സുബിന് വര്‍ഗ്ഗീസ് എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണിത്. വ്യാപാര മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സുബിന് കഴിഞ്ഞ ഒന്നര മാസമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സന്നദ്ധ സേവകന് എന്ന നിലയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്.
ഈ ദിവസങ്ങളിലൊക്കെയും സുരക്ഷിത (പിപിഇ കിറ്റ്) വസ്ത്രങ്ങണിഞ്ഞ സഹോദരിമാരെ കാണുകയും, ആ സമയത്ത് അവര്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ പങ്കു വയ്ക്കുന്നത് കേള്‍ക്കുന്നുമുണ്ടായിരുന്നു. പതിവായി ഒപ്പം നില്ക്കുന്ന സഹോദരിമാരുടെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട് കണ്ടതോടെയാണ് ഇവരെ എങ്ങനെ സഹായിക്കാനാകുമെന്ന ചിന്തയുണ്ടായത്.
കൂടെയുള്ളവരുമായി വിഷയം ചര്‍ച്ച ചെയ്തതതോടെ തങ്ങളിലാരെങ്കിലും ഈ ദൗത്യം ഏറ്റെടുത്താല്‍ നമ്മുടെ സഹോദരിമാര്‍ക്ക് ആശ്വാസമാകുമെന്ന അഭിപ്രായമുയര്‍ന്നു. അധികൃതരുടെ അനുമതി ലഭിച്ചതോടെ സുബിന് സുരക്ഷിത കവചം അണിയാന്‍ തയ്യാറായി. കേട്ടറിഞ്ഞതിനേക്കാള്‍ എത്രയിരട്ടി ദുരിതപൂര്‍ണ്ണമായിരുന്നു പിന്നീടുള്ള മണിക്കൂറുകളെന്ന് അദ്ദേഹം ഓര്‍ക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത അവസ്ഥ. ആരോഗ്യ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായി പിപിഇ കിറ്റിനുള്ളിലായാല്
പിന്നെ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ തല്‍സ്ഥിതി തുടരണം. അതിന് ശേഷം ഭക്ഷണം കഴിക്കാനോ, ഒരു തുള്ളി വെള്ളം കുടിക്കാനോ, എന്തിന് മലമൂത്ര വിസര്‍ജ്ജനത്തിന് പോലും അവസരമില്ല. അന്തരീക്ഷം ചുട്ടുപൊള്ളുമ്പോള്‍ ശരീരം വെന്തുരുകുന്നത് പോലെ. ശാരീരികമായും മാനസികമായും ഏറെ കരുത്തുള്ള പുരുഷന്മാരുടെ അവസ്ഥ ഇതാണെങ്കില്‍ വളരെയധികം ശാരീരിക പ്രത്യേകതകളുള്ള വിവിധ പ്രായത്തിലെ സ്ത്രീകളുടെ പിപിഇ കിറ്റിനുള്ളിലെ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണെന്ന് സുബിന് വര്‍ഗീസ് പറയുന്നു. തൊഴില്‍ രംഗത്ത് ഇത്രയും വെല്ലുവിളികള്‍ നേരിടുന്ന മുഴുവന്‍ നഴ്സുമാര്‍ക്കും മനസ്സുകൊണ്ട് ആദരവ് നല്‍കുകയാണ് ലോക നഴ്സ് ദിനത്തില്‍ സുബിനും കൂട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: