കോഴിക്കോട്: സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുമെന്നും തനിക്ക് എതിരെയുള്ള പോലീസ് നടപടികളെ നിയമപരമായി നേരിടുമെന്നും സി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി പറഞ്ഞു. ജിഹാദി നടപടികളെ തുറന്നു കാട്ടിയ സി ന്യൂസിന്റെ വാര്‍ത്താധിഷ്ഠിത പരിപാടിക്കെതിരെ മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ഗവാസ് നല്‍കിയ പരാതിയില്‍ കോഴിക്കോട് പോലീസ് കേസെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ വാര്‍ത്തയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ആ പരിപാടി മുസ്ലിങ്ങള്‍ക്കെതിരായിരുന്നില്ല. എന്നാല്‍ ചിലര്‍ മതത്തിന്റെ പേരില്‍ അവരുടെ നികൃഷ്ടമായ അജണ്ട അടിച്ചേല്‍പ്പിക്കുകയായിരുന്നു. ലാന്‍ഡ് ജിഹാദ്, ലൗ ജിഹാദ്, സിഎഎക്കെതിരായ പ്രതിഷേധത്തിന് പോപ്പുലര്‍ ഫ്രണ്ടിന്റെ ധനസഹായം എന്നിവ ഞങ്ങള്‍ തുറന്നു കാട്ടിയിരുന്നു. മറച്ചുവെക്കാന്‍ ചിലര്‍ ആഗ്രഹിച്ചത് ഞങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഈ കേസും സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാരത്തിന്റെ ഭാഗമാണ്.
ജിഹാദിനെതിരെ മാധ്യമങ്ങള്‍ പ്രതികരിക്കുന്നത് ദേശവിരുദ്ധ ശക്തികള്‍ മതത്തിനെതിരാണെന്നും മത വികാരം വ്രണപ്പെടുത്തുന്നുവെന്നും തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഷ്‌ട്രീയ താല്‍പ്പര്യത്തോടെയുള്ള ഇത്തരം കേസുകള്‍ ഈ അപകടകരമായ പ്രവണതയുടെ ഭാഗമാണ്. അപ്രിയ സത്യങ്ങളെ അഭിമുഖീകരിക്കാന്‍ ആവാത്ത ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ഇത്തരം തന്ത്രങ്ങളിലൂടെ മാധ്യമങ്ങളുടെ നാവ് അടയ്‌ക്കാന്‍ ശ്രമിക്കുകയാണ്. വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉപയോഗിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതാണെങ്കില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരെയും കുറ്റവാളികളായി കാണേണ്ടി വരും. രാജ്യത്തെ നിയമത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. കേസിനെ നിയമപരമായി നേരിടും. സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തിനുള്ള അവകാശം കോടതി ഉയര്‍ത്തിപ്പിടിക്കുമെന്ന് ഉറപ്പുണ്ട്.
എനിക്കെതിരെ കേസെടുത്തുവെന്ന് അറിഞ്ഞതു മുതല്‍ നാട്ടിലും പുറത്തുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് എനിക്ക് പിന്തുണ നല്‍കിയത്. അവരുടെ ആത്മാര്‍ത്ഥമായ പിന്തുണ കരുത്ത് പകരുന്നു. രാജ്യം എന്നോടൊപ്പമുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: