കാസര്‍കോട്: തുളു അക്കാദമി ചെയര്മാന് ഉമേശ് സാലിയാന്റെ വീട്ടില്‍ നിന്ന് മദ്യം പിടികൂടിയത് ഒതുക്കി തീര്‍ക്കാന്‍ സിപിഎം ഉന്നത കേന്ദ്രങ്ങളുടെ ഇടപെടല്‍ ശക്തം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഉമേഷ് എം. സാലിയാന്റെ മകന് കമലേശിന്റെപേരിലുള്ള കെഎല്‍ 05 എ.പി. 8040 നമ്പര്‍ ടാര്‍ ജീപ്പില്‍ നിന്നാണ് മദ്യം പിടികൂടിയത്.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ടവരില്‍ ഒരാള്‍ സിപിഎം ഏരിയ സെക്രട്ടറിയുടെ മകന് മൃതുലേഷ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് നേരത്തെതന്നെ ചാരായ വാറ്റും മദ്യം കടത്തും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പോലീസ് പരിശോധനകള്‍ ഇല്ലാത്ത ഊടുവഴികളിലൂടെയാണ് സംഘം കര്‍ണാടകയിലേക്ക് കടന്ന് മദ്യം കൊണ്ടുവരുന്നത്. പിന്നീട് വിവിധ സ്ഥലങ്ങളിലെ ഏജന്റുമാര്‍ക്ക് മദ്യം കൈമാറുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കടത്തി കൊണ്ടുവരുന്ന മദ്യം നാലിരട്ടി തുകയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് എസ്ഐ ഷേക്ക് അബ്ദുല്‍ റസാക്ക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉന്നത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് റോഡില്‍ വച്ചാണ് മദ്യം പിടികൂടിയതെന്നും പ്രതികളാരെന്ന് അറിയില്ലെന്നുമാണ് പോലീസ് പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ പ്രതികളെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പോലീസിന് സമ്മതിക്കേണ്ടിവരികയായിരുന്നു.
കേരളത്തില്‍ വിദേശ മദ്യശാലകള്‍ ഉള്‍പ്പെടെ ലോക് ഡൗ ണ് കാരണം അടച്ചത് മറയാക്കി അനധികൃത മദ്യവില്പന സജീവമാണ്. സിപിഎം സ്വാധീനത്തിലുള്ള അക്കാദമി, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ബോര്‍ഡ് വെച്ച വാഹനങ്ങളില്‍ നേതാക്കളുടെ ഒത്താശയോടെ വ്യാപകമായി ഊടുവഴികളിലൂടെ കര്‍ണ്ണാടക മദ്യം കടത്തുന്നതായി ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: