നാഗ്പൂര്‍: കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ആഗോള മുതലാളിത്ത, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പരിമിതികള്‍ സ്വയം വെളിപ്പെട്ടെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ. ഈ സാഹചര്യത്തില്‍ സ്വയംപര്യാപ്തതയിലും സ്വദേശീയതയിലും ഊന്നിയ പുതിയ മാതൃകയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.
കൊറോണയ്ക്കെതിരെ ഭാരതം ഒറ്റക്കെട്ടായാണ് പോരാടുന്നത്. നിശ്ചയദാര്‍ഢ്യമുള്ള, സുസജ്ജമായ സര്‍ക്കാരും സൂക്ഷ്മബോധമുള്ള ജനതയും ഒന്നിച്ചു നിന്നതാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗബാധയും മരണനിരക്കും കുറയ്ക്കാന്‍ സഹായിച്ചത്. പരിശോധനകളും ക്വാറന്റൈന് നടപടികളും സര്‍ക്കാര്‍ ശക്തമാക്കി. മൂന്ന് ഘട്ടമായി ലോക്ഡൗണ്‍ നടപ്പാക്കിയതിലൂടെ ജനങ്ങള്‍ക്ക് മാനസികമായി തയാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ധനരെയും ദുരിതബാധിതരെയും ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ നല്കി സഹായിക്കാന്‍ ആളുകള്‍ സ്വമേധയാ രംഗത്തെത്തി. ജോലിക്കെത്താന്‍ കഴിയാത്ത ജീവനക്കാര്‍ക്കു പോലും ശമ്പളം നല്കി സഹായിച്ച നിരവധി തൊഴിലുടമകളുണ്ട്. കൊറോണയുദ്ധത്തിലെ മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം രാജ്യം ഒന്നടങ്കം ഉറച്ചുനിന്നു. പലയിടത്തും കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ ക്ഷേത്രങ്ങളും മഠങ്ങളും ഗുരുദ്വാരകളും ദേരകളും മുന്നോട്ട് വന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതു ദുരിതത്തിലും ജനസേവനത്തില്‍ മുന്നിട്ടു നില്ക്കുന്ന ആര്‍എസ്എസ് കൊറോണ കാലത്തും സേവനരംഗത്ത് സജീവമാണ്. 3,42,000 സ്വയംസേവകര്‍ 67,336 സ്ഥലങ്ങളില്‍ വിവിധ സേവാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 50 ലക്ഷത്തില്‍പരം കുടുംബങ്ങളില്‍ ഇവര്‍ സഹായമെത്തിച്ചു. അര്‍ഹരായവരെ കണ്ടെത്തി മൂന്ന് കോടി ഭക്ഷണപ്പൊതികളും 45 ലക്ഷം മാസ്കുകളും ഇതുവരെ വിതരണം ചെയ്തു. കൊറോണ ബാധയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നു. ഭാരതാംബയുടെ 130 കോടി മക്കളും തങ്ങളുടെ സഹോദരീ സഹോദരന്മാരാണെന്നുള്ള, ശാഖകളില്‍ നിന്നു പകര്‍ന്നുകിട്ടിയ അറിവാണ് സ്വയംസേവകര്‍ക്ക് പ്രചോദനം.
കൊറോണ പ്രതിസന്ധി നിരവധി പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി. പോരാട്ടം എങ്ങനെയായാലും ഒടുവില്‍ വിജയം നമ്മുടേതാകണം. ഇതിന് ലോകം ഒറ്റക്കെട്ടായി നില്‍ക്കണം, ഹൊസബൊളെ പറഞ്ഞു. മഹാമാരിയുടെ ഉത്ഭവവും പ്രത്യാഘാതങ്ങളെയും കുറിച്ച് കൃത്യമായ അന്വേഷണം വേണം. ഭാവിയില്‍ ഇത്തരം അടിയന്തരാവസ്ഥ ഉടലെടുക്കുന്നത് ഒഴിവാക്കണം.
ഉത്തരവാദികളായ വ്യക്തികളെയും സംഘടനകളെയും രാജ്യങ്ങളെയും കണ്ടെത്തി കൈകാര്യം ചെയ്യാന്‍ പുതിയ സംവിധാനങ്ങള്‍ രൂപീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയാറാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: