അതിഥികള്‍ അതിവേഗം കുടിയേറ്റത്തൊഴിലാളികളായി. അതിന്റെ പിന്നിലൊരു ഹിക്ക്മത്തുണ്ട്. അതിഥികളെ സഹായിക്കാനും സംരക്ഷിക്കാനും ചുമതല കേന്ദ്രസര്‍ക്കാരിനില്ല. എന്നാല്‍ കുടിയേറ്റ തൊഴിലാളികളായാല്‍ പണി വീഴുന്നത് കേന്ദ്രത്തിനാണ്. ധനമന്ത്രി തോമസ് ഐസക്കാണ് അതിഥികളെ നിന്ന നില്പ്പിന് കുടിയേറ്റക്കാരാക്കിയത്. നോക്കണേ ഓരോരോ പ്രത്യയശാസ്ത്ര പ്രതിസന്ധികള്‍.
ബിജെപി സംസ്ഥാന പ്രസിഡന്റും മറ്റു നേതാക്കളും തോമസ് ഐസക്കിനെ വിമര്‍ശിക്കാന്‍ സമയം കണ്ടെത്തുകയാണ്. കേന്ദ്രസര്‍ക്കാരിനെ സ്ഥാനത്തും അസ്ഥാനത്തും വെറുതെ ഐസക് വിമര്‍ശിക്കുന്നതിലെ അരിശം കൊണ്ടാണത്. ധനമന്ത്രി വിമര്‍ശിക്കുന്നത് കേന്ദ്രത്തെയാണെന്ന് തെറ്റിദ്ധരിച്ചുപോയി. അദ്ദേഹം ഓരോ നേരവും തുപ്പുന്നത് മുഖ്യമന്ത്രിയുടെ മുഖം നോക്കിയാണ്. കേന്ദ്രം പറയുന്നത് അപ്പടി നടപ്പാക്കുമെന്ന് അടിക്കടി മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത് എങ്ങനെ സഹിക്കാന്‍ പറ്റും. തുപ്പിയാല്‍ തോറ്റുപോകുമെന്ന തോറ്റമൊന്നും ഡോ. ഐസക് ഓര്ക്കുന്നതേയില്ലേ?. അല്ലെങ്കില്‍ തന്നെ തോറ്റ് നില്ക്കുകയല്ലേ ധനമന്ത്രി.
കൈയില്‍ നയാപൈസയില്ല. ഉള്ളകാശൊക്കെ ഓരോരോ കാര്യത്തിന് നല്കിക്കൊണ്ടിരിക്കുന്നു. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും ഇരിക്കപ്പൊറുതിക്ക് വിരിക്കാന്‍ തൂവാലയും തുമ്മാന്‍ തോന്നുമ്പോഴും അത്യാവശ്യമുള്ളതാണ് കര്‍ചീഫ്. അത് നൂറെണ്ണം വാങ്ങണമെന്നത് അത്യാവശ്യമാകുമ്പോള്‍ ഖജനാവിന്റെ കനമൊന്നും നോക്കാന്‍ പറ്റില്ല. 75,000 രൂപ അനുവദിക്കുന്നതിലെന്താണ് തെറ്റ്. ലോക്ഡൗണ്‍ കാലത്ത് സന്ദര്‍ശകരില്ലെങ്കിലും ഇല്ലാത്ത സന്ദര്‍ശകര്‍ക്ക് കാണാന്‍ ടിവി വേണമെന്ന് ചീഫ് സെക്രട്ടറിക്ക് തോന്നിയാല്‍ 1.70 ലക്ഷം രൂപ അതിന് അനുവദിക്കാതിരിക്കാമോ ?
ദുരന്തമല്ലേ ? അതിനെ നേരിടാനും നിരീക്ഷിക്കാനും ഹെലിക്കോപ്ടര്‍ അനിവാര്യമാണല്ലോ. മാസം ഒന്നരക്കോടി കൊടുത്താലെന്താ – കേരളത്തിന്റെ അന്തസ് ആകാശത്തോളം വളര്‍ന്നില്ലെ ?
കാശില്ലെങ്കില്‍ തരാമെന്ന് സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിന്റെ പശിയില്ലാത്ത പാര്‍ട്ടി പറഞ്ഞതാണ്. നാല് ജില്ലാ കമ്മിറ്റി പത്ത് ലക്ഷത്തിന്റെ ചെക്കുമായി കളക്ടറെ സമീപിച്ചു. പക്ഷെ വാങ്ങാന്‍ പറ്റില്ലെന്ന് മറുപടി. വണ്ടിച്ചെക്കായിരിക്കുമെന്നുറപ്പ്. ആംബുലന്‍സിനു പോലും മിസ്കോള് അടിക്കുന്ന പാര്‍ട്ടിയാണല്ലോ അത്. 10 ലക്ഷത്തിന്റെ നോട്ടുകെട്ടുകളായിരുന്നെങ്കില് വാങ്ങിച്ചേനെ.
എല്ലാം നന്നായി ചെയ്യുന്നത് കേരളമെന്നാണ് അവകാശവാദം. അന്യദേശത്തുള്ള മലയാളികളെ തിരിച്ചെത്തിക്കേണ്ട ഘട്ടമെത്തിയപ്പോള്‍ ഒന്നും നടക്കുന്നില്ല. അപ്പോഴാണ് ബോധ്യമാകുന്നത് ഇവിടെ കൃത്യമായി നടക്കുന്ന ഒന്നുമാത്രം. മുഖ്യമന്ത്രിയുടെ പന്ത്രസമ്മേളനം തുടങ്ങുന്നതും നിര്‍ത്തുന്നതും കൃത്യസമയത്ത്. ബാക്കിയെല്ലാം ഐസൊലേഷനില്‍.
കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍കോട് കൊറോണ വ്യാപകമായപ്പോള്‍ കര്‍ണാടകം ചില മുന്‍കരുതലുകള്‍ സ്വീകരിച്ചു. കാസര്‍കോഡ് നിന്നും മംഗലാപുരത്തേക്കുള്ള ജന-വാഹനയാത്ര നിരോധിക്കുന്നതായിരുന്നു അത്. ഈ പൊതുവായ തീരുമാനമെടുത്ത സാഹചര്യത്തില്‍ തടയപ്പെട്ടതില്‍ ചില രോഗികളെ കൊണ്ടുപോയ വാഹനങ്ങളും പെട്ടു. വിദഗ്ധ ചികിത്സ ലഭിക്കാതായപ്പോള്‍ മരണവും സംഭവിച്ചു. അത് പൊക്കിക്കാട്ടി കര്‍ണാടകത്തിനെതിരെ കേരള സര്‍ക്കാറും ദൃശ്യ-അച്ചടി മാധ്യമങ്ങളും ചൊരിഞ്ഞ ശകാരത്തിന് കയ്യും കണക്കുമില്ല. കര്‍ണാടകം ഭരിക്കുന്നത് ബിജെപിയായതിനാല്‍ ആ കക്ഷിക്ക് മനുഷ്യത്വമില്ലെന്ന് സ്ഥാപിക്കാനായി ശ്രമം. ഇസ്ലാമിക ഭീകര സംഘടനകളില്‍ നിന്നും അച്ചാരം പറ്റുന്ന ചിലര്‍ ഇത് ആഘോഷമാക്കി.
എന്നിട്ടും കര്‍ണാടകം കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തിന് ഒരു തടസ്സത്തിനും നിന്നില്ല. അറിയാമല്ലോ, കര്‍ണാടകയും തമിഴ്നാടും ചരക്ക് നീക്കം നിര്‍ത്തിവച്ചാല്‍ മലയാളികള്‍ കൊടും പട്ടിണിയിലാകും. ഭക്ഷ്യധാന്യങ്ങള്‍ കിട്ടില്ല. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഇല്ലാതാകും. കേരളത്തില്‍ സമൃദ്ധമായി വിളയുന്നത് കുശുമ്പും കുന്നായ്മയും പകയും വിദ്വേഷവുമാണെന്നതില് ആര്‍ക്കും സംശയമുണ്ടാകില്ല. മുല്ലപ്പെരിയാറില്‍ നിന്നും ജലം വിട്ടുനല്‍കില്ലെന്ന് തമിഴ്നാടിനോട് കേരളം വാശിയോടെ പറയുമ്പോള്‍ അത് സ്വന്തം വയറ്റത്തടിയാണെന്ന് ഓര്‍ക്കാറില്ല. അധിക്ഷേപം സഹിച്ചും മലയാളികളുടെ വയറുനിറയ്ക്കാന്‍ മുണ്ടും മുറുക്കിയുടത്ത് പാണ്ടികള് പാടത്തും പറമ്പത്തും എല്ലുമുറിയെ പണിയെടുക്കും. അവരെ അതിഥി തൊഴിലാളികളും അതിഥി കര്‍ഷകരുമെന്ന ഗണത്തില്‍പ്പെടുത്താന്‍ കേരളീയര്‍ക്ക് ഒരിക്കലും തോന്നിയിട്ടില്ല. അവരത് അര്‍ഹിക്കുന്നുണ്ടെങ്കിലും ആഗ്രഹിക്കുന്നില്ലെന്നത് വാസ്തവം.
മനുഷ്യത്വം അടിമുടി വിരിഞ്ഞു നില്ക്കുന്ന കേരളീയര്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു എന്നാണ് അവകാശവാദം. പക്ഷേ പല അതിര്‍ത്തികളിലെയും സ്ഥിതി കേട്ടാലറിയാം കേരളത്തിന്റെ മനുഷ്യപ്പറ്റ്. പാലക്കാട്-തമിഴ്നാട് അതിര്‍ത്തികളെല്ലാം ആഴ്ചകള്‍ക്ക് മുമ്പെ അടിച്ചിട്ടു. ഊടുവഴികളും കൊട്ടിയടച്ചു. കര്‍ണാടകയില്‍ നിന്നും ഒരു ഗര്‍ഭിണി തലശേരിയിലെ സ്വന്തം വീട്ടിലെത്താന്‍ അനുമതിയും വാങ്ങി പുറപ്പെട്ട് സന്ധ്യയാകുമ്പോഴേക്ക് കേരള അതിര്ത്തിലെത്തിയിട്ടും കടത്തി വിട്ടില്ല. ഒരു രാത്രി മുഴുവന്‍ കുടിക്കാന്‍ വെള്ളം പോലുമില്ലാതെ അവര്‍ക്ക് അതിര്‍ത്തിയില്‍ കഴിയേണ്ടി വന്നു. അവര്‍ക്ക് യാത്രാ അനുമതി ലഭിക്കാന്‍ 20 മണിക്കൂര്‍ കാത്തു കഴിയേണ്ടി വന്നു. അവര്‍ ഗര്ഭിണിയാണെന്നതൊഴിച്ചാല് രോഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്കുമുമ്പ് ആംബുലന്‍സുകളെ അതിര്‍ത്തിയില്‍ തടഞ്ഞുവച്ചിരുന്നു. തമിഴ്നാടുമായുള്ള അതിര്‍ത്തിയിലെല്ലാം ബാരിക്കേഡ് മതിയാകാത്തതിനാല്‍ മണ്‍കൂമ്പാരവും തീര്‍ത്തു. ഇതൊക്കെ കര്‍ണാടകം ചെയ്തപ്പോള്‍ മനുഷ്യത്വമില്ലായ്മ. കേരളം ചെയ്താലോ മഹത്തരം. മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടി ഞങ്ങള്‍ അങ്ങനെയാണ്. ഇന്ത്യാ മഹാരാജ്യമാകുന്ന തറവാട്ടിലെ കാരണവന്മാര്. കാരണവന്മാര്ക്ക് അടുപ്പിലും ആകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: