പാലാ: കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ മാര്‍ഗ്ഗമില്ലാതെ നടക്കാനിറങ്ങിയ നിര്‍ദ്ധന രോഗിക്കും കുടുംബത്തിനും തുണയായി സേവാഭാരതി. തൊടുപുഴ കോലാനി പഞ്ചവടിപ്പാലം താമരശ്ശേരില്‍ (കൊന്നക്കാട്ട്മലപ്പാറ) ആനന്ദനുംകുടുംബവുമാണ് സേവഭാരതിയുടെ തണലില്‍ വീട്ടിലെത്തിയത്.
മെഡിക്കല്‍ കോളേജില്‍ നിന്ന് നടന്ന് പാതി വഴിയെത്തിയ കുടുംബത്തിന്റെ നിസഹായവസ്ഥയെ തുടര്‍ന്ന് സേവാഭാരതി ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു. ഹൃദ്രോഗത്തിന്റെ ചികിത്സയ്ക്കായി ഒരാഴ്ച മുമ്പാണ് ആനന്ദന് മെഡിക്കല്‍ കോളേജിലെത്തിയത്. തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ഭാര്യറീനയും മകന് ആദിത്യനും ഒപ്പമുണ്ടായിരുന്നു.
ആശുപത്രി ചെലവ് കഴിഞ്ഞ 100 രൂപ മാത്രമാണ് കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നത്. ഇത് മൂലം ടാക്സി വിളിക്കാനും നിവൃത്തിയില്ല. ആശുപത്രി എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചപ്പോള്‍ ടാക്സി വിളിച്ച് തരാമെന്ന് മാത്രം പറഞ്ഞു. മറ്റാരോടും സഹായം ചോദിക്കാന്‍ നില്‍ക്കാതെ കുടുംബം നാട്ടിലേക്ക് നടന്ന് തുടങ്ങി. അതുവഴി വന്ന വാഹനങ്ങള്‍ക്ക് കൈ നീട്ടിയെങ്കിലും നിര്‍ത്തിയില്ല. ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് വിവരം ധരിപ്പിച്ചു. ദയ തോന്നിയ അദ്ദേഹം ഒരു വാഹനം കൈ കാണിച്ച് നിര്‍ത്തി അതില്‍ കയറ്റി വിട്ടു. പാലായില്‍ ഇറങ്ങിയ കുടുംബം ജനറല്‍ ആശുപത്രി ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ സമീപിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. പോലീസ് ഉടന്‍ സേവാഭാരതിയെ വിവരം അറിയിച്ചതിന് അനുസരിച്ച് സേവാഭാരതിയുടെ ആംബുലന്‍സ് എത്തി.
സേവാഭാരതിയുടെ ചുമതലക്കാരായ കെ.എന്‍.വാസുദേവന്‍, അഡ്വ.ഡി.പ്രസാദ്, ബിജു കൊല്ലപ്പള്ളി എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം സ്വരൂപിച്ച തുകയും ഭക്ഷണവിഭവങ്ങള്‍ അടങ്ങിയ കിറ്റും നല്കി കുടുംബത്തെ യാത്രയാക്കി. സേവാഭാരതി പ്രവർത്തകരായ മഹേഷ് ചന്ദ്രന്,സുജിന്‍ സുഗണന്‍,രാജേഷ് ഗോപി,ബാബു പുളിക്കല്‍ എന്നിവരാണ് സഹായധനവും ഭക്ഷണകിറ്റും സ്വരൂപിച്ചത്. ട്രാഫിക് എസ്.ഐ ടി.ജി.ജയന്,എഎസ്ഐ ആനന്ദ് കണ്ട്രോള് റൂം എസ്.ഐ രാജു എന്നിവരും സഹായത്തിനെത്തി. രാത്രി എട്ട് മണിയോടെ കോലാനിയിലെ വീട്ടിലെത്തിയ കുടുംബം സേവാഭാരതിയോടുള്ള നന്ദി അറിയിച്ചു. ഓട്ടോ ഡ്രൈവാണ് ആനന്ദന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: