കുമാരനല്ലൂര്‍: സംക്രാന്തി സ്വദേശിനി കുവൈറ്റില്‍ മരിച്ചു. മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍ മൃതദേഹം വിട്ടു നല്‍കുന്നതിന് തിരുമാനമായില്ല. പാറമ്പുഴ സംക്രാന്തി തെക്കനായില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും തങ്കമ്മയുടെയും മകളായ ടി.ജെ സുമി (37) ആണ് കുവൈറ്റില്‍ മരണപ്പെട്ടത്.
മരണകാരണം ഹൃദ്രോഗം എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാല്‍ പിന്നീട് കൊവിഡ് 19മൂലമാണ് മരണം എന്നും സംശയം ഉണ്ടായി. ഇതേ തുടര്‍ന്ന് മൃതദേഹം വിട്ടു നല്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്കുകയാണ്. കുവൈത്തില്‍ ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറു മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തുള്ള ഒരു ഏജന്‍സി വഴിയാണ് ഇവര്‍ കുവൈത്തില്‍ എത്തിയത്. ഏതാനും നാളുകള്‍ക്കു ശേഷം ഇവരുടെ ജോലി നഷ്ടപ്പെട്ടു. പിന്നീട് ഇന്ത്യന്‍ എംബസ്സിയുടെ റെസ്ക്യൂ ഹോമില്‍ കഴിഞ്ഞു വരികയായിരുന്നു.
ജോലി നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരുമാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് ഇവര്‍ മരണപ്പെടുന്നത്. ഹൃദയ സംബന്ധമായ കാരണം കൊണ്ടാണ് മരണം സംഭവിച്ചതെന്ന വിവരമാണ് തങ്ങള്‍ക്ക് ആദ്യം ലഭിച്ചതെന്ന് മരിച്ച യുവതിയുടെ സഹോദരി പറയുന്നു. പിന്നീടാണ് ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് മരണം എന്നറിയുന്നത്. മൃതദേഹം വിട്ടുകിട്ടുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഇവര്‍ പറയുന്നു.
വിദ്യാര്‍ത്ഥികളായ രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്ത പെണ്‍കുട്ടി സഹോദരിയുടെ സംരക്ഷണയിലും രണ്ടാമത്തെ ആണ്‍കുട്ടി വൃദ്ധരും രോഗികളുമായ മാതാപിതാക്കളുടെ സംരക്ഷണയിലുമാണ് കഴിയുന്നത്. ഭര്‍ത്താവ് നാളുകള്‍ക്കു മുമ്പ് ഇവരുമായി അകന്നു കഴിയുകയാണ്. ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സഹോദരി പറയുന്നു. നാട്ടില്‍ ഹോം നഴ്സായി ജോലി ചെയ്തുവരവെയാണ് എറണാകുളത്തെ ഏജന്‍സി വഴി സുമി കുവൈത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: