കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ മാർച്ച് 24 ന് ആരാധ്യനായ ഭാരതത്തിൻറ്റെ പ്രധാനമന്ത്രി 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്, അത് രണ്ട് ഘട്ടമായി വീണ്ടും നീട്ടുകയും ചെയ്തു. ലോക്ക് ടൗണിൻറ്റെ ആദ്യഘട്ടത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം, ഏറ്റവും വലിയ ലോക്ക്ഡൗണിലേയ്ക്ക് വീഴുന്നത് ദക്ഷിണേഷ്യയും ലോകരാജ്യങ്ങളും അത്ഭുതത്തോടെയും ആശങ്കയോടെയും നോക്കി കണ്ടു. ആ സാഹചര്യത്തിൽ ജനപക്ഷ സർക്കാരെന്ന നിലയിൽ, അധികാരവികേന്ദ്രീകരണത്തിലും പ്രതിരോധ പ്രവർത്തങ്ങളുടെ പ്രായോഗികതയിലും ഏറ്റവും കൂടുതൽ ആശങ്ക നിലനിന്നിരുന്നത് അന്നത്തെ അന്നം നിറയ്ക്കാൻ അരവയർ പട്ടിണിയുമായി തോഴിലിടങ്ങളിൽ അലയുന്ന രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ കാര്യത്തിലായിരുന്നു. 140 കോടിയോളം ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഏകദേശം 80 കോടി അന്ത്യോദയ അന്നയോജന തുടങ്ങി മുൻഗണനാ വിഭാഗങ്ങളിൽ നിലനിൽക്കെ, വിഭവ സമാഹരണത്തിന്റെയും വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും മികവ് ഒരു ഭരണാധികാരി എന്ന നിലയിലും ഭരണകൂടം എന്ന നിലയിലും ആവിഷ്ക്കരിക്കപ്പെടേണ്ട സാഹചര്യം കൂടെയായിരുന്നു അത്. അതിനനുസൃതമായി, കേന്ദ്ര പദ്ധതികൾ പ്രായോഗികമായും അവസരോചിതമായും ഉപയോഗപ്പെടുത്തുന്നതിൽ മികവുറ്റ പ്രവർത്തനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ രാജ്യവ്യാപകമായി നടപ്പിലായത്.
പാവപ്പെട്ടവരെ സഹായിക്കാൻ പ്രധാന മന്ത്രി ഗരിബ് കല്യാൺ യോജനയുടെ കീഴിൽ 1.70 ലക്ഷം കോടിയുടെ ദുരിതാശ്വാസ പാക്കേജ് 2020 മാർച്ച് 26-ാം തിയതി ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിക്കുമ്പോഴും അത് അർഹതയുള്ളവരുടെ കൈകളിൽ എങ്ങനെ എത്തപ്പെടുമെന്ന പ്രായോഗികതകളെ കുറിച്ച് രാജ്യം ആശങ്കപ്പെട്ടിരുന്നു. എന്നാൽ കൈകളിൽ ഭക്ഷണവും പണവുമായി രാജ്യത്തെ ദരിദ്രരിലും ദരിദ്രരുടെ അരികിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നടപടികളെന്ന് കേന്ദ്ര ധനകാര്യ,കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ കൊവിഡ് പാക്കേജ് പ്രഖ്യപിക്കവേ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നിലവിലെ കേന്ദ്ര പദ്ധതികൾ പ്രായോഗികതയോടെ അവസരോചിതമായും ജനോപകാരപ്രദമായും ഈ ലോക്ക് ഡൗൺ കാലത്ത് എങ്ങനെ നടപ്പിലാക്കിയെന്ന വസ്തുതയും അതിന്റെ നിലവിലെ വിജയകരമായ മുന്നേറ്റവും അവലോകനം
1. പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന
ഭാരതത്തിലും ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ ആരോഗ്യപ്രവർത്തകരോടുള്ള സ്നേഹവും ആദരവും അർപ്പിച്ചുകൊണ്ട്, ധനമന്ത്രി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന.. സർക്കാർ ആശുപത്രികളിലും ആരോഗ്യപരിചരണ കേന്ദ്രങ്ങളിലും കോവിഡ്-19നെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരായ ശുചീകരണ തൊഴിലാളികൾ, വാർഡ് ബോയ്, നഴ്സുമാർ, ആശാ വർക്കർമാർ, പാരാമെഡിക്കൽ സാങ്കേതിക വിദഗ്ധർ, ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ, 50 ലക്ഷം രൂപയുടെ പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള എല്ലാ ഗവണ്മെൻറ്റ് ആരോഗ്യ കേന്ദ്രങ്ങളും, സൗഖ്യകേന്ദ്രങ്ങളും, ആശുപത്രികളും ഈ പദ്ധതിയുടെ കീഴിൽ വരുന്നതായി വിജ്ഞാപനമിറക്കി. കോവിഡ് 19 ന്റെ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 22 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് പദ്ധതി കൊണ്ട് പ്രയോജനമുണ്ടാകും.
2 .പ്രധാനമന്ത്രി ഗരിബ് കല്യാൺ അന്ന യോജന
കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി അടുത്ത മൂന്നു മാസങ്ങളിൽ രാജ്യത്ത് ആരും, പ്രത്യേകിച്ച് പാവപ്പെട്ട കുടുംബങ്ങൾ, ഭക്ഷ്യധാന്യ ക്ഷാമം മൂലം കഷ്ടത അനുഭവിക്കാനിടവരരുത് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം നിലവിൽ നൽകുന്ന അഞ്ച് കിലോയ്ക്ക് പുറമെ 80 കോടി പാവങ്ങൾക്ക് ഏപ്രിൽ മുതൽ ജൂൺ വരെ മൂന്നു മാസത്തേക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പ് സൗജന്യമായി നൽകും, കൂടാതെ റേഷൻ കാർഡ് ഒന്നിന് ഒരു കിലോ പയർ വർഗവും മൂന്നുമാസം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഏപ്രിൽ മാസത്തെ വിഹിതമായി എഫ്സിഐ 58 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചത്,3985 മെട്രിക് ടൺ പയറുവർഗങ്ങളും വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി അയച്ചിട്ടുണ്ട്. കൂടാതെ സെൻട്രൽ പൂളിനായി 130 ലക്ഷം മെട്രിക് ടൺ ഗോതമ്പും സംഭരിച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം സാധരണയായി നല്കി വരുന്ന 7000 മെട്രിക് ടണിന് പുറമെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്കുകീഴിൽ ആലപ്പുഴ ജില്ലയ്ക്ക് 17000 മെട്രിക് ടൺ അരി ലഭ്യമായതായി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ അലപ്പുഴ ഡിവിഷണൽ മാനേജർ ശ്രീഎസ്.ശ്രീജിത്ത് വ്യക്തമാക്കി.കാസർഗോഡ് ജില്ലയിലെ അർഹരായ 1,32, 852 ഗുണഭോക്താക്കൾക്ക് 3 മാസത്തെ വിതരണത്തിന് 29,910.5 ക്വിൻറ്റൽ അരിയും കണ്ണൂർ ജില്ലയിൽ 1358.44 മെട്രിക് ടൺ അരിയും കോഴിക്കോട് ജില്ലയിൽ 20,605 മെട്രിക് ടൺ അരിയും ഗോഡൗണുകളിലെത്തി.
3.കിസാൻ സമ്മാൻ നിധി
. പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജനയുടെ കീഴിൽ കൃഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ: കർഷകർക്ക് കിസാൻ സമ്മാൻ നിധിയുടെ ആദ്യ ഗഡുവായി പ്രഖ്യാപിക്കപ്പെട്ടിരുന്ന 2000 രൂപ ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ, മൊത്തം തുകയിൽ, 14,946 കോടി രൂപ PM-KISAN പദ്ധതിയുടെ ആദ്യ ഗഡുവിനായി വകയിരുത്തി. തുടർന്ന് പദ്ധതിയിലുൾപ്പെട്ട 8.7 കോടി ഗുണഭോക്താക്കളിൽ 8,43,79,326 കോടി പേർക്ക് 17,733.53 കോടി രൂപ അക്കൗണ്ടുകളിൽ ലഭ്യമാക്കുകയും ചെയ്തു.
4. വായ്പ തിരിച്ചടവിൽ ഇളവു
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിളവായ്പാ തിരിച്ചടവിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ കർഷകർക്ക് വായ്പ തിരിച്ചടവിൽ മൂന്നു ശതമാനം വരെ ഇളവു നൽകും. മൂന്നുലക്ഷം വരെയുള്ള വായ്പകൾക്ക് മെയ് 31 വരെയാണ് ഈ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. . മാർച്ച് 1 മുതൽ മെയ് 31 വരെ തവണ അടയ്ക്കേണ്ടവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പിഴത്തുക ഈടാക്കാതെയാണ് കാലാവധി നീട്ടി നല്‍കുന്നത്. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്; പിഴ കൂടാതെ പ്രീമിയം അടയ്ക്കാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി. പ്രീമിയം അടയ്ക്കാൻ കഴിയാത്ത 13 ലക്ഷം പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതിൽ 7.5 ലക്ഷം പേരും ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉപയോക്താക്കളും 5 .5 ലക്ഷം പേർ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉപയോക്താക്കളുമാണ്.
5. ജൻധൻ അക്കൗണ്ടിലേക്ക് ധന സഹായം:
പ്രധാനമന്ത്രി ജൻധൻ യോജന പ്രകാരം 20.40 കോടി സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ടിലൂടെ 500 രൂപ വീതം അടുത്ത മൂന്നു മാസം നല്‍കുമെന്നായിരുന്നു വ്യവസ്ഥ. ഗരിബ് കല്യാൺ പായ്ക്കേജ് പ്രകാരമുള്ള ഏപ്രിലിലെ തുക സ്ത്രീകൾക്ക് വ്യക്തിഗത ജൻധൻ അക്കൗണ്ടിലേക്ക് 2020 ഏപ്രിൽ 2 മുതൽ പണം ക്രെഡിറ്റ് ചെയ്ത് തുടങ്ങി. ജൻ ധൻ അക്കൗണ്ട് ഉടമകളായ 19.86 കോടി സ്ത്രീകൾക്ക്, 500 രൂപ വീതം അക്കൗണ്ടുകളിൽ ഏപ്രിൽ 20 വരെ 9,930 കോടി രൂപയാണ് നൽകിയത്. പദ്ധതിയുടെ രണ്ടാം ഘട്ട വിതരണം മെയ് ആദ്യവാരം തുടങ്ങിക്കഴിഞ്ഞു.
കേരളത്തിൽ ഇടുക്കി ജില്ലയിലെ ബൈസൺ വാലി , കൊന്നത്തടി ,രാജപുരം ,വാത്തിക്കുടി, ചിന്നാർ തുടങ്ങിയിടങ്ങളിലെ മലയോര ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ കർഷകർക്കും വീട്ടമ്മമ്മാർക്കും ഈ പദ്ധതികൾ വലിയ അനുഗ്രഹമായി.സാമ്പത്തിക ബുദ്ധിമുട്ടിലായ കർഷകർക്കും, വീട്ടമ്മമാർക്കും കേന്ദ്ര പദ്ധതികൾ സഹായകമായി. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയാത്ത ഘട്ടത്തിലാണ് കിസാൻ സമ്മാൻ നിധിയുടെ ആദ്യ ഗഡു അക്കൗണ്ടുകളിൽ. ഈ തുക ലഭിച്ചത് തന്നെ പോലുള്ള കർഷകർക്ക് വലിയൊരു ആശ്വാസമായെന്ന് സംസ്ഥാനത്തെ വിവിധ കർഷകർ അഭിപ്രായപ്പെട്ടു. മറ്റ് ആദായമൊന്നും ഇല്ലാത്ത കൊറോണക്കാലത്ത് ഒരേ കുടുംബത്തിൽ രണ്ടു പദ്ധതികളിൽ നിന്നും പണം കിട്ടുന്നത് വലിയ അനുഗ്രഹമാണെന്നും അവർ കൂട്ടിച്ചേർത്തു.”കോവിഡ് പാക്കേജിന് കീഴിൽ ഇന്നുവരെ 36,659 കോടി രൂപയാണ് രാജ്യത്തെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് നിക്ഷേപിച്ചത്.
6. മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള തൊഴിലുറപ്പ് വേതനം കൂട്ടി. 182 രൂപ 202 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഈ മാസം ഒന്നുമുതൽ വർധിപ്പിച്ച നിരക്കുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. നടപ്പ് സാമ്പത്തികവർഷത്തിൽ 19.56 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. വേതനത്തിലടക്കം നിലവിലുള്ള കുടിശ്ശികകൾ തീർക്കാനായി സംസ്ഥാനങ്ങൾക്ക് 7100 കോടി രൂപ അനുവദിച്ചു. കേരളത്തിന് 396 കോടി അനുവദിച്ചു.
7.സൗജന്യ ഭക്ഷ്യ ധാന്യങ്ങളും, ധനസഹായവും
പാക്കേജിന്റെ ഭാഗമായി രാജ്യത്തെ, സ്ത്രീകൾക്കും, പാവപ്പെട്ട വയോജനങ്ങൾക്കും, കൃഷിക്കാർക്കും സൗജന്യ ഭക്ഷ്യ ധാന്യങ്ങളും, ധനസഹായവും സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അംഗനവാടികൾക്ക് അവധിയായതിനാൽ ഇക്കാലയളവിൽ കുട്ടികൾക്കുണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായാണ് പോഷകാഹാര വസ്തുക്കൾ വീടുകളിലേക്ക് നൽകുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വെള്ളാഞ്ചിറയിൽ അംഗനവാടി കുട്ടികൾക്കുള്ള പോഷകാഹാരം വിതരണം കൃത്യമായി നടക്കുന്നു. സാധനങ്ങൾ എത്തുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായാണ് പോഷകാഹാരം കുട്ടികൾക്കായി നൽകിവരുന്നത്.അംഗനവാടി കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുളള ഭക്ഷണ സാധനങ്ങൾ നിശ്ചിത അളവിൽനൽകുകയാണ് ചെയ്യുന്നത്. ഗോതമ്പു, ചെറുപയർ, കപ്പലണ്ടി, ഉഴുന്ന്, ശർക്കര തുടങ്ങിയ വിഭവങ്ങളാണ് വിതരണം ചെയ്യുന്നത്.
8. മൂന്നുകോടി ആളുകൾക്ക് 1000 രൂപ വീതം
മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ, പെൻഷൻകാർ എന്നിങ്ങനെ മൂന്നുകോടി ആളുകൾക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസവും നല്‍കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. രണ്ട് തവണകളായിട്ടായി അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന വ്യവസ്ഥയനുസരിച്ച് ഇതുവരെ 1400 കോടി രൂപയാണ് വിതരണം ചെയ്തത്. 2.82 കോടി ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ആദ്യ ഗഡുവായി അഞ്ഞൂറ് രൂപ വീതം ഓരോ ഗുണഭോക്താവിനും ലഭിച്ചുകഴിഞ്ഞു. ഇതിന്റെ രണ്ടാം ഗഡുവായ അഞ്ഞൂറ് രൂപ മെയ് മാസം ലഭ്യമാകും.
9. സേവനങ്ങൾ പാവപ്പെട്ടവരുടെ വീടുകളിൽ
നിരാലംബരായ പാവപ്പെട്ടവർക്കായി കേന്ദ്ര ഗവണ്മെൻറ്റ് പ്രഖ്യാപിച്ച പദ്ധതിയായ ഗരീബ് കല്യാൺ യോജന ലോക ശ്രദ്ധ ആകർഷിക്കുകയുണ്ടായി. ജൻ ധൻ അക്കൗണ്ട് വഴി കുടുംബിനികളുടെ അക്കൗണ്ടിലേക്ക് 500 രൂപയും മുതർന്ന പൗരന്മാരുടെ അക്കൗണ്ടുകളിലേക്ക് 1000 രൂപയും നല്കുന്ന പദ്ധതി പല ലോക രാജ്യങ്ങളും അനുകരിക്കാനും തുടങ്ങി. എന്നാൽ ലോക്ഡൗൺ കാലത്ത് ഈ പണം എങ്ങനെ ജനങ്ങളിൽ എത്തുമെന്ന ആശങ്കയ്ക്ക് പരിഹാരമായി ബാങ്കിംഗ് സേവനങ്ങൾ പാവപ്പെട്ടവരുടെ വീടുകളിൽ എത്തിച്ചാണ് വിവിധ പൊതുമേഖലാ ബാങ്കുകൾ ഈ ഗവണ്മെൻറ്റ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം പൂർത്തീകരിക്കുന്നത് .വയനാട്ടിൽ ഏപ്രിൽ 2ാം തീയതി മുതൽ ഓരോ ദിവസവും ഇത്തരത്തിൽ 100ഓളം വീടുകളിൽ സേവനം എത്തിക്കുന്നതായി ലീഡ് ബാങ്ക് മാനേജർ . ജി. വിനോദ് അറിയിച്ചു. ഗരീബ് കല്യാൺ യോജനയ്ക്ക് പുറമെ കിസാൻ സമ്മാൻ നിധിയും ഇപിഎഫ് പെൻഷനുകളും ഇത്തരത്തിൽ അർഹരിലേക്ക് എത്തുന്നുണ്ട്. ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഇത്തരത്തിൽ പോസ്റ്റ് ഓഫീസിൽ വിളിച്ചാൽ പോസ്റ്റുമാൻ മുഖേന വീട്ടിലെത്തിക്കും.
10.നഷ്ടപരിഹാരം
.പ്രധാന തുറമുഖങ്ങളിലെ ജോലിക്കിടെ തൊഴിലാളികളോ ജീവനക്കാരോ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടാല്‍ അവരുടെ ആശ്രിത കുടുംബത്തിനോ അവകാശികള്‍ക്കോ 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്കാന് കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം തീരുമാനിച്ചു.
11. പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജിന് (PMGKP) കീഴിൽ കഴിഞ്ഞ മാസം 26 നു ശേഷം ഏപ്രിൽ 22 വരെയുള്ള കണക്കുകൾ പ്രകാരം 33 കോടിയിലേറെ പാവപ്പെട്ട ജനങ്ങൾക്കായി 32,822 കോടി രൂപയുടെ ധനസഹായമാണ് ഡിജിറ്റൽ ഇടപാടുകളിലൂടെ നേരിട്ട് വിതരണം ചെയ്തത്.
പദ്ധതികൾ |
കാലയളവ്: 2020 മാർച്ച് 26 മുതൽ ഏപ്രിൽ 22 വരെ |
|
പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജ് (PMGKP) |
ഗുണഭോക്താക്കൾ (കോടി) |
തുക(കോടി) |
പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ട് ഉടമകളായ വനിതകൾക്കുള്ള സഹായം |
20.05 (98%) |
10,025 |
NSAPയ്ക്കുള്ള സഹായം (പ്രായമായവിധവകൾ, ദിവ്യംഗ്യർ, മുതിർന്ന പൗരന്മാർ ) |
2.82 (100%) |
1405 |
പ്രധാൻമന്ത്രികിസാൻ സമ്മാൻനിധിക്ക് കീഴിൽ കർഷകർക്ക് നൽകിയ ധനസഹായം |
8 |
17,733 |
കെട്ടിട നിർമ്മാണം അടക്കമുള്ള നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്കുള്ള സഹായം |
2.17 |
3497 |
EPFO ലേക്കുള്ള 24 % സംഭാവന |
0.10 |
162 |
ആകെ |
33.14 |
32,822 |
12.ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട്
ലോക് ഡൗൺ കാലയളവിൽ,( മാർച്ച് 24 മുതൽ ഏപ്രിൽ 17 വരെ) ധനകാര്യ വകുപ്പിന് കീഴിലെ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) കാര്യാലയം, പൊതു ധനകാര്യ നിർവഹണ സംവിധാനത്തിലൂടെ (PFMS) 36,659 കോടിയിലേറെ രൂപ വിതരണം ചെയ്തതു കഴിഞ്ഞു. 16.01 കോടി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് (DBT) ആണ് ഈ തുക നൽകിയത്. DBT ഇടപാടുകളിലൂടെ 2018-19 സാമ്പത്തികവർഷത്തിൽ വിതരണം ചെയ്തത് 22 ശതമാനം തുകയെങ്കിൽ, 2019-20ൽ അത് 45 ശതമാനമായി മാറി.ഇതിൽ, 27,442 കോടി രൂപയും നൽകിയത് കേന്ദ്ര ധനസഹായ പദ്ധതികളുടെ ഗുണഭോക്താക്കളായ 11.42 കോടി ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്.
ആദ്യ പത്ത് കേന്ദ്ര -കേന്ദ്ര ധനസഹായ പദ്ധതികൾക്കായി നടത്തിയ DBT ഇടപാടുകളുടെ സംക്ഷിപ്തം ചുവടെ:
പദ്ധതികൾ |
കാലയളവ്: 2020 മാർച്ച് 24 മുതൽ ഏപ്രിൽ 17വരെ |
|
ഗുണഭോക്താക്കൾ | തുക(കോടി) | |
പ്രധാൻമന്ത്രികിസാൻസമ്മാൻനിധി |
8,43,79,326 |
17,733.53 |
മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി |
1,55,68,886 |
5,406.09 |
ഇന്ദിരഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി |
93,16,712 |
999.49 |
ഇന്ദിരഗാന്ധി ദേശീയ വിധവ പെൻഷൻ പദ്ധതി |
12,37,925 |
158.59 |
ദേശീയഗ്രാമീണ ആരോഗ്യമിഷൻ |
10,98,128 |
280.80 |
പ്രധാൻമന്ത്രി മാതൃവന്ദനയോജന |
7,58,153 |
209.47 |
ന്യൂനപക്ഷങ്ങൾക്കായുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് |
5,72,902 |
159.86 |
ദേശീയഭക്ഷ്യസുരക്ഷാ നിയമത്തിന് (NFSA) കീഴിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിനുള്ള സബ്സിഡി |
2,91,250 |
19.18 |
ഇന്ദിരഗാന്ധി ദേശീയഭിന്നശേഷി ദിവ്യംഗപെൻഷൻ പദ്ധതി |
2,39,707 |
26.95 |
ദേശീയ സാമൂഹിക സഹായ പദ്ധതി |
2,23,987 |
30.55 |
13. മൊബൈൽ പോസ്റ്റ്
എറണാകുളം, ആലുവ പോസ്റ്റൽ ഡിവിഷനുകളിൽ ഉപഭോക്താക്കൾക്കായി സഞ്ചരിക്കുന്ന ‘മൊബൈൽ പോസ്റ്റ് ഓഫീസ് – “ഓൺ വീൽസ്” സൗകര്യം ഒരുക്കി. സേവിങ്ങ്സ് ബാങ്ക് ഡിപ്പോസിറ്റുകൾ, പണം പിൻവലിക്കൽ, ഇ-മണി ഓർഡർ ബുക്കിങ്ങ്, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/റൂറൽ പോസ്റ്റല്‍ ലൈഫ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കൽ തുടങ്ങിയ സാമ്പത്തിക സേവനങ്ങൾ മൊബൈൽ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭ്യമാകും.
14. തപാൽ ജീവനക്കാർക്കു ധനസഹായം
കോവിഡ് 19 ഭീഷണിയ്ക്കിടയിലും മെയിൽ ഡെലിവറി, പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക്, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്,വീട്ടുപടിക്കൽ പണം പിൻവലിക്കൽ തുടങ്ങിയ വിവിധ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമീണ്‍ ഡാക് സേവക്മാർ ഉൾപ്പെടെയുള്ള എല്ലാ തപാൽ ജീവനക്കാർക്കും രോഗം ബാധിച്ച് ജീവഹാനിയുണ്ടായാൽ 10 ലക്ഷം രൂപയുടെ ധനസഹായം നൽകാൻ കേന്ദ്ര ഗവൺമെൻറ്റ് തീരുമാനിച്ചു.
15. ഡിജിറ്റൽ പേയ്മെൻറ്റ്
മുൻ ധനമന്ത്രിയായിരുന്ന . അരുൺ ജയ്റ്റ്ലി പ്രധാനമായും ഊന്നൽ നൽകിയ കരുത്തുറ്റ ഡിജിറ്റൽ പേയ്മെൻറ്റ് സംവിധാനത്തിലൂടെ (ഏ.ഇ.പി.എസ്സ് ,ഭീം ആധാർ പേ, റൂപേ ഡെബിറ്റ് കാർഡുകൾ, യൂ.പി.ഐ, ബി.ബി.പി എസ്സ്) പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരമുള്ള പണ വിതരണം വേഗത്തിലാക്കി, മേൽ പറഞ്ഞ ഡിജിറ്റൽ പേയ്മെൻറ്റ് സംവിധാനം മുഖേന ഏപ്രിൽ 10 വരെ 30 കോടിയിലധികം പേർ 28,256 കോടി രൂപയുടെ സഹായം കൈപ്പറ്റിയതായി കേന്ദ്ര ധനകാര്യ മന്ത്രലയം അറിയിച്ചു.
16.ഈടില്ലാത്ത വായ്പ
63 ലക്ഷം സ്വാശ്രയ സംഘങ്ങൾ വഴി വനിതാ സ്വാശ്രയ സംഘങ്ങൾക്ക് നൽകുന്ന ഈടില്ലാത്ത വായ്പ 10 ലക്ഷമായിരുന്നത് 20 ലക്ഷമായി ഉയർത്തി.
17. ദീനദയാല്‍ അന്ത്യോദയ യോജന
കോവിഡ് -19 നെ നേരിടുന്നതിനായി രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ 399 ജില്ലകളിൽ ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലുള്ള ദീനദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനു കീഴിൽ രാജ്യത്തെ 14,522 സ്വാശ്രയസംഘങ്ങളിലെ 65,936 അംഗങ്ങളൾ ചേർന്ന് ഇതുവരെ ഒരു കോടി മാസ്കുകൾ നിർമ്മിച്ചു. കേരളം, ആന്ധ്രാപ്രദേശ്, ഛത്തിസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ സ്വാശ്രയ സംഘാംഗങ്ങൾ മാസ്ക് നിർമ്മാണത്തിൽ സജീവമാണ്. കേരളത്തിൽ ഏപ്രിൽ 3 വരെ 14 ജില്ലകളിലെ 306 സ്വാശ്രയ സംഘങ്ങിൽ നിന്നുള്ള 1,570 പേർ ചേർന്ന് 15,77,770 മാസ്കുകളാണ് നിർമ്മിച്ചിരിക്കുന്നത്.
18 സൗജന്യ പാചക വാതകം
രാജ്യത്തെ ഉജ്ജ്വല പദ്ധതിയിലുള്ള എട്ടു കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് അടുത്ത മൂന്നു മാസത്തേയ്ക്ക് പ്രധാന മന്ത്രി കല്യാൺ യോജനയുടെ കീഴിൽ പാചക വാതകം സൗജന്യമായി നൽകുന്ന പദ്ധതിയിൽ എണ്ണ വിപണന കമ്പനികൾ ഏപ്രിൽ 12 വരെ 7.15 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കായി 5,606 കോടി രൂപ കൈമാറ്റം ചെയ്യുന്നതിനു തുടക്കം കുറിച്ചിരികയാണ് . PMUY യ്ക്ക് കീഴിൽ, 1.39 കോടി സിലണ്ടറുകൾക്കാണ് ഇതുവരെ ബുക്കിംഗ് ലഭിച്ചിട്ടുള്ളത്. ഇതിൽ 97.8 ലക്ഷം PMUY സൗജന്യ സിലണ്ടറുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു കഴിഞ്ഞു.രാജ്യത്ത് 27.87 കോടി എ.ൽ.പി.ജി ഉപയോക്താക്കളാണ് ഉള്ളത്. ഇതിൽ എട്ടു കോടിയിലധികം പ്രധാന മന്ത്രി ഉജ്വൽ യോജന ഗുണഭോക്താക്കളാണ്. ഉജ്വല യോജനയിൽ നിലവിൽ അംഗത്വമില്ലാത്ത, അർഹതയുള്ള കുടുംബങ്ങൾക്കും കൊവിഡ് കാലത്ത് പ്രഖ്യാപിച്ച സൗജന്യ പാചക വാതക പദ്ധതിയിൽ പങ്കാളികളാകുന്നതിന് അവസരമുണ്ടെന്ന് അധികൃതർ അറിയിച്ചു.
19. തൊഴിലാളികൾക്ക് ആശ്വാസ ധനം
നിർമ്മാണ ക്ഷേമ ഫണ്ടിലെ 31,000 കോടി രൂപയിൽ നിന്ന് നിർമ്മാണ മേഖലയിലെ 3.5 കോടി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് ആശ്വാസ ധനം കൈമാറാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. സംസ്ഥാനങ്ങളുടെ, കെട്ടിടനിർമ്മാണ തൊഴിലാളി നിധിയിൽ നിന്നും, ഇതുവരെ 2.17 കോടി നിർമ്മാണത്തൊഴിലാളികൾക്ക് ധനസഹായം ലഭിച്ചുകഴിഞ്ഞു. 3,071 കോടി രൂപയാണ് ഗുണഭോക്താക്കൾക്കായി നൽകിയത്.
20.പിഎഫ് അക്കൗണ്ടുകളിൽ നിക്ഷേപം
സംഘടിത മേഖലയിൽ കുറഞ്ഞ വേതനം ലഭിക്കുന്നവരെ സഹായിക്കുന്നതിന് 100 – ൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായങ്ങളിലെ, പ്രതിമാസം 15000 രൂപയിൽ താഴെ ശമ്പളമായി ലഭിക്കുന്നവർക്ക് അവരുടെ തൊഴിൽ നഷ്ടമായോക്കുമെന്ന ആശങ്കയിലാണ്. എന്നാൽ ഈ പാക്കേജ് പ്രകാരം അടുത്ത മൂന്നു മാസത്തേയ്ക്ക് അവരുടെ മാസ ശമ്പളത്തിന്റെ 24 ശതമാനം തുക ഗവണ്മെന്റെ അവരുടെ പിഎഫ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതാണ്. ഇതിനു കീഴിൽ, ഏപ്രിൽ മാസത്തേയ്ക്കായി EPFO യിലേക്ക് 1000 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. 78.74 ലക്ഷം ഗുണഭോക്താക്കളെയും, ബന്ധപ്പെട്ട സ്ഥാപനങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഏകദേശം 8500 സ്ഥാപനങ്ങള്‍ക്കാണു പിഎംജികെവൈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ ഏകദേശം 1500 സ്ഥാപനങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും 4.9 കോടി രൂപയുടെ ആനുകൂല്യത്തിന് അര്‍ഹമാവുകയും ചെയ്തു.
21. പ്രോവിഡൻറ്റ് ഫണ്ട് ചട്ടങ്ങൾ പരിഷ്കരിക്കും
പ്രോവിഡൻറ്റ് ഫണ്ട് ചട്ടങ്ങൾ പരിഷ്കരിക്കുകയും ഇതിലൂടെ തിരിച്ച് അടയ്ക്കേണ്ടതില്ലാത്ത, വേതനത്തിൻറ്റെ 75 ശതമാനം വരെ തുകയോ മൂന്നു മാസത്തെ ശമ്പളമോ ഏതാണോ കുറവ് അത് അവരുടെ അക്കൗണ്ടിൽ നിന്നും അഡ്വാൻസായി ലഭിക്കും. പ്രോവിഡൻറ്റ് ഫണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാലു കോടി തൊഴിലാളി കുടുംബങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ് . കെട്ടിട നിർമ്മാണ മേഖലയിലെയും മറ്റ് നിർമ്മാണ മേഖലകളിലെയും തൊഴിലാളികൾക്കായി കേന്ദ്ര ഗവണ്മെൻറ്റ് നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ക്ഷേമ നിധിയിൽ ഏകദേശം 3.5 കോടി തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ 2.1 ലക്ഷം അംഗങ്ങളാണ് ഈ ഇളവ് പ്രയോജനപ്പെടുത്തിയത്. ഓൺലൈൻ ഇടപാടിലൂടെ, ഏപ്രിൽ 20 വരെ 510 കോടി രൂപയാണ് ഇത്തരത്തിൽ പിൻവലിക്കപ്പെട്ടത്.
22. ഇ.പി.എഫ് പദ്ധതിയിൽ ഭേദഗതി വിജ്ഞാപനം
ഇ.പി.എഫ് അംഗങ്ങൾക്ക് പിൻവലിക്കുന്നതിനായി തൊഴിൽ മന്ത്രാലയം ഇ.പി.എഫ് പദ്ധതിയിൽ ഭേദഗതി വിജ്ഞാപനം ചെയ്തു. ഇ.പി.എഫ് അംഗങ്ങൾക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത അഡ്വാൻസുകൾ ലഭ്യമാക്കുന്നതിനായി 1952ലെ ഇപി.എഫ് പദ്ധതി ഭേദഗതിചെയ്യുന്ന വിജ്ഞാപനം ജി.എസ്.ആർ 225(ഇ) കേന്ദ്ര തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചു.ഭേദഗതി ചെയ്ത പദ്ധതി എംപ്ലോയീസ് പ്രോവിഡൻറ്റ് ഫണ്ട് (ഭേദഗതി) പദ്ധതി 2020, 2020 മാർച്ച് 28 മുതൽ നിലവിൽ വന്നു.
23.12.91 ലക്ഷം ക്ലെയിമുകൾക്ക് തീർപ്പ്
. ഇ.പി.എഫ് നിധിയുടെ വേഗത്തിലുള്ള വിതരണത്തിൻറ്റെ ഭാഗമായി, തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള EPFO ലോക്ഡൗൺ കാലത്ത് 12.91 ലക്ഷം ക്ലെയിമുകൾക്ക് തീർപ്പ് കല്പിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന (PMGKY) പാക്കേജിൻറ്റെ ഭാഗമായ 7.40 ലക്ഷം കോവിഡ് ക്ലെയിമുകളും ഇതിൽ ഉൾപ്പെടും. കോവിഡ് കേസുകൾക്കായി നൽകിയ 2367.65 കോടി ഉൾപ്പെടെ ആകെ 4684.52 കോടി രൂപയാണ് EPFO ഇതിൻറ്റെ ഭാഗമായി വിതരണം ചെയ്തത്.
24. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് രാജ്യവ്യാപകമായി ഇ.പി.എഫ് പെന്ഷന് വിതരണം ചെയ്യുന്ന ബാങ്ക് ശാഖകൾക്ക് 764 കോടി രൂപ അനുവദിച്ചു. പദ്ധതിയില്‍ 65 ലക്ഷം പെന്‍ഷന്‍കാരാണുള്ളത്.
25.ജൻ ഔഷധി കേന്ദ്രങ്ങൾ
ലോക്ഡൗൺ സമയത്ത് ഒട്ടേറെ നിയന്ത്രണങ്ങൾക്ക് ഇടയിലും സാധാരണക്കാർക്ക് വലിയ തോതിൽ ആശ്വാസമായി മാറുകയാണ് ജൻ ഔഷധി കേന്ദ്രങ്ങൾ, രാജ്യത്ത് 726 ജില്ലകളിലായി നിലവില്‍ 6300 ലധികം ജന്‍ ഔഷധി കേന്ദ്രങ്ങളാനുള്ളത്. 325000ത്തിലധികം പേരാണ് ‘ജന്‍ ഔഷധി സുഗം’ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജപ്പെടുത്തിയത്. പ്രധാൻ മന്ത്രി ഭാരതീയ ജനൗഷധി പരിയോജന പദ്ധതി പ്രകാരം 900 ലധികം ഗുണനിലവാരമുള്ള ജനറിക്-മരുന്നുകളും 154 ശസ്ത്രക്രിയാ ഉപകരണങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കി ആരോഗ്യസംരക്ഷണരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇന്ത്യ. ആലപ്പുഴയിലെ ചേർത്തലയിൽ കണിച്ചുകുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള ജൻ ഔഷധി കേന്ദ്രം പ്രതിദിനം 700 ലധികം തരം മരുന്നുകളാണ് വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് നൽകി വരുന്നത്. പൊതുവിപണിയിൽ പതിനേഴര രൂപ വില വരുന്ന രക്ത സമ്മർദ്ദത്തിനുള്ള മരുന്ന് കേവലം രണ്ടര രൂപയ്ക്കാണ് ജൻ ഔഷധി കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത്. ആവശ്യക്കാരില്‍ നിന്ന് നിന്ന് വാട്സ്ആപ്പിലൂടെയും ഇ മെയിലുകളിലൂടെയും ഓര്‍ഡര്‍ സ്വീകരിക്കാനാനും രോഗബാധിതര്‍ക്ക് വീട്ടുപടിക്കല്‍ മരുന്നുകള്‍ എത്തിച്ചു നൽകാനുമാണ് ജന്‍ ഔഷധി കേന്ദ്രങ്ങളുടെ തീരുമാനം.
26.ആയുഷ്മാൻ ഭാര ത്
ദേശീയ ആയുഷ് മിഷനിൽ ആയുഷ്മാൻ ഭാരതിൻറ്റെ ആയുഷ് ഹെല്‍ത്ത് ആൻറ്റ് വെല്‍നെസ് സെൻറ്റർ (ആയുഷ് HWC) ഘടകം ഉൾപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. അതനുസരിച്ച് 2019-20 സാമ്പത്തിക വർഷം മുതൽ 2023-24 സാമ്പത്തിക വർഷം വരെ ആയുഷ് HWCകൾ പ്രവർത്തനക്ഷമമാക്കുന്നതിന് 2209 .58 കോടി രൂപ കേന്ദ്ര വിഹിതവും 1189.77 കോടി സംസ്ഥാന വിഹിതവുമായി ആകെ 3399.35 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
27. കൈയ്യുറ നിർമ്മാണ ശാലകൾ
കൊവിഡ് -19 ൻറ്റെ പരിശോധനയ്ക്കും സർജിക്കൽ ആവശ്യങ്ങൾക്കും വേണ്ട കൈയ്യുറകളുടെ പ്രാധാന്യം കണക്കിലെടുത്ത് കൈയ്യുറ നിർമ്മാണ ശാലകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയത് ഏകദേശം 7 ലക്ഷത്തോളം റബ്ബർ കർഷകർക്ക് ആശ്വാസമായി, രാജ്യത്തെ 14 ഓളം കൈയ്യുറ നിർമ്മാണ ഫാക്ടറികളിൽ രണ്ടെണ്ണവും 3400 ലാറ്റക്സ് സംഭരണ കേന്ദ്രങ്ങളിൽ 2400 എണ്ണവും കേരളത്തിലാണ്. തേയില , കാപ്പി, റബർ , തോട്ടം മേഖലകളെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ അൻപതു ശതമാനം തൊഴിലാളികളോടെ പ്രവർത്തിക്കാനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.
28.താങ്ങുവില
20 സംസ്ഥാനങ്ങളിലെ 49 ഇന ചെറുകിട വന ഉൽപന്നങ്ങളുടെ സംഭരണത്തിന് ആക്കം കൂട്ടുന്നതിനായി മിനിമം താങ്ങുവിലയിൽ 16 ശതമാനം മുതൽ 66 ശതമാനം വരെ വർധനവ് കേന്ദ്രം പ്രഖ്യാപിച്ചു.
29.തൊഴിൽ പദ്ധതികൾ
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള സൂക്ഷ്മ ,ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം, പ്രധാൻമന്ത്രി എംപ്ലോയ്മെൻറ്റ് ജനറേഷൻ പ്രോഗ്രാമിനുള്ള (പിഎംഇജിപി) അപേക്ഷകളിൽ മുഴുവൻ നടപടിക്രമങ്ങളും ലളിതമാക്കാൻ ശുപാർശ ചെയ്തു. 2019‐20 ൽ രാജ്യത്ത് 66,653 തൊഴിൽ പദ്ധതികൾക്കായി കെവിഐസി 1951 കോടി രൂപയുടെ സബ്സിഡി അനുവദിച്ചിട്ടുണ്ട്.
30. പ്രത്യേക ചരക്കുവണ്ടികൾ
രാജ്യത്ത് ലോക് ഡൗണ്‍ തുടങ്ങിയതിനു ശേഷം പഴങ്ങൾ, പച്ചക്കറികൾ, പാൽ, ക്ഷീര ഉത്പ്പന്നങ്ങൾ, കാർഷികാവശ്യത്തിനുള്ള വിത്തുകൾ എന്നിവ ഉൾപ്പെടെ പെട്ടെന്ന് കേടാകുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതിനായി റെയിൽവെ തിരുവനന്തപുരം ഉൾപ്പെടെ 67 പാതകളിൽ 134 പ്രത്യേക ചരക്കുവണ്ടികൾ തുടങ്ങി.രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പ്രത്യേക പാഴ്സൽ വണ്ടികൾ ഓടുന്നതിന് ക്രമീകരണം ചെയ്തിട്ടുള്ളത്. ഇതു കൂടാതെ രാജ്യത്തിൻറ്റെ വടക്കു കിഴക്കൻ മേഖലയിൽ അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിന് ഗുവാഹത്തിയിലേയ്ക്കും കൃത്യമായി ചരക്കു വണ്ടികൾ എത്തുന്നതിനു ക്രമീകരണം ചെയ്തിട്ടുണ്ട്.
31.കോച്ചുകളുടെ നവീകരണം
രോഗികളുടെ ഐസൊലേഷനു 3.2 ലക്ഷം കിടക്കകളുള്ള സൗകര്യമൊരുക്കാൻ ഇന്ത്യൻ റെയിൽവേ 20000 കോച്ചുകൾ നവീകരിക്കുന്നു. തുടക്കത്തിൽ 80000 കിടക്കകളോടെ 5000 കോച്ചുകൾ തയ്യാറാക്കും, അഞ്ച് റെയിൽവേ മേഖലകളിലും ക്വാറന്റൈൻ, ഐസൊലേഷൻ കോച്ചുകളുടെ മാതൃക തയ്യാറാക്കിക്കഴിഞ്ഞു. തുടക്കത്തിൽ 5000 കോച്ചുകളുടെ നവീകരണം തുടങ്ങി.
32. ഭക്ഷണപ്പൊതി
കഴിഞ്ഞ മാർച്ച് 28 മുതൽ ഇതുവരെ രാജ്യത്തെ വിവിധ നഗരങ്ങളിലായി ഐ.ആർ.സി.ടി.സി, ആർപിഎഫ്, റെയിൽവേയുടെ കൊമേഴ്സ്യൽ വിഭാഗം, ജില്ലാഭരണകൂടങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായത്തോടെ പാവപ്പെട്ടവർക്ക് 30 ലക്ഷം ഭക്ഷണപ്പൊതികളാണ് റയിൽവേ വിതരണം ചെയ്തത്.
33 “ശ്രമിക്ക് ” പ്രത്യേക ടെയിന്‍
.ലോക്ക്ഡൗൺ മൂലം വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍,തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍,തുടങ്ങിയവർക്കുള്ള മടക്കയാത്രയ്ക്ക് റെയില്‍വേ “ശ്രമിക്ക് ” എന്ന പേരിൽ പ്രത്യേക ടെയിന്‍ സർവീസ് ആരംഭിച്ചു. 2020 മാർച്ച് 21 മുതൽ ഏപ്രിൽ 14 വരെയുള്ള യാത്രാ കാലഘട്ടത്തിലെ എല്ലാ ടിക്കറ്റുകളുടെയും മുഴുവൻ തുകയും ഇന്ത്യൻ റെയിൽവെ തിരികെ നൽകും
34.വിമാനങ്ങളും കപ്പലുകളും
കോവിഡ് 19 ൻറ്റെ പശ്ചാലത്തിൽ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. വിദേശരാജ്യങ്ങളിലേക്ക് വിമാനങ്ങളും കപ്പലുകളും അയച്ച് വരാനാഗ്രഹിക്കുന്ന എല്ലാവരേയും കൊണ്ടുവരാനാണ് പദ്ധതി
35. വെബ്സൈറ്റ്
ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്ന വിദേശ വിനോദ സഞ്ചാരികളെ തിരിച്ചറിയാനും സഹായിക്കാനും അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാനുമായി കേന്ദ്ര സർക്കാരിനു കീഴിലുള്ള 2020 മാർച്ച് 31ന് www.strandedinindia.com എന്ന വെബ്സൈറ്റ് ആരംഭിച്ചു. സ്ട്രാൻഡഡ് ഇൻ ഇന്ത്യ’ പോർട്ടലിൽ ആദ്യ അഞ്ചു ദിവസത്തിനുള്ളിൽ തന്നെ 769 വിദേശ വിനോദ സഞ്ചാരികൾ രജിസ്റ്റർ ചെയ്തു. അവരെ തിരിച്ച് സ്വന്തം രാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോകാനുള്ള ദൗത്യം തുടരുന്നു. യാത്രാ നിയന്ത്രണത്തെ തുടർന്ന് ഇന്ത്യയിൽ തങ്ങുന്ന വിദേശപൗരൻമാർക്ക് 2020 ഏപ്രിൽ 30 വരെ നയതന്ത്ര സേവനം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവാദം നൽകി.
36. ആദായ നികുതി റീഫണ്ടുകൾ
കോവിഡ് 19 പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉടനടി ആശ്വാസം പകരുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകൾ ഉടൻ നൽകാൻ കേന്ദ്ര ഗവണ്മെൻറ്റ് തീരുമാനിച്ചു. 14 ലക്ഷം നികുതി ദായകർക്ക് ഇതിൻറ്റെ പ്രയോജനം ലഭിക്കും.
37. കസ്റ്റം റീഫണ്ടുകൾ
കെട്ടിക്കിടക്കുന്ന ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും കൊടുത്ത് തീർക്കാനും തീരുമാനമായി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർ ഉൾപ്പെടെ ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങൾക്ക് ഇത് ഗുണം ചെയ്യും. ആകെ 18,000 കോടി രൂപയുടെ റീഫണ്ടിനാണ് കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകുന്നത്. അതിന്റെ അടിസ്ഥാനത്തിൽ 2020 ഏപ്രില്‍ 14 വരെ 4,250 കോടി രൂപ വിതരണം ചെയ്തതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. കെട്ടിക്കിടന്നിരുന്ന 10.2 ലക്ഷം തിരിച്ചടവുകളാണ് ഇങ്ങനെ നല്‍കിയത്. 2019-20 സാമ്പത്തിക വർഷത്തിൽ 2020 മാർച്ച് 31 വരെ 2.50 കോടി റീഫണ്ട് നല്‍കിയതിനു പുറമേ 1.75 ലക്ഷത്തിലധികം തിരിച്ചടവുകൾ കൂടി നികുതിദായകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും എന്ന് സിബിഡിടി അറിയിച്ചു.
38.15,000 കോടിയുടെ നിക്ഷേപം
രോഗപ്രതിരോധത്തിൻറ്റെ ഭാഗമായി അടിയന്തര പ്രതികരണവും ആരോഗ്യസംവിധാനം തയാറാക്കുന്നതിനും കേന്ദ്രസർക്കാർ 15,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. അനുവദിച്ച തുകയിൽ 7774 കോടി രൂപ അടിയന്തര കോവിഡ് -19 പ്രതിരോധ, ഗവേഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ബാക്കി തുക പദ്ധതിക്ക് കീഴിൽ വരുന്ന മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഈ തുകയുടെ വിനിയോഗത്തിന് നാലു വർഷം വരെ സമയവും അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ് ചികിൽസാകേന്ദ്രങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ രോഗത്തെ പ്രതിരോധിക്കുന്ന വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ഐസൊലേഷൻ കിടക്കകൾ, ഐ.സി.യു സംവിധാനം, വെന്റിലേറ്ററുകൾ, മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവ കൂടുതലായി ഒരുക്കാൻ ഈ പാക്കേജ് സഹായകമാകും. ICMRൻറ്റെ കീഴിൽ സർക്കാർ മേഖലയിൽ 321 ഉം സ്വകാര്യമേഖലയിൽ 118 ഉം,മൂന്ന് കളക്ഷൻ സെൻറ്ററുൾപ്പെടെ രാജ്യത്ത് നിലവിൽ 439 പരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിൽ ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ്, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജ്, തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെൻറ്റർ ഫോർ ബയോ ടെക്നോളജി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി, തിരുവനന്തപുരം റീജനൽ കാൻസർ സെൻറ്റർ, കോട്ടയം ഇൻറ്റർ യൂണിവേഴ്സിറ്റി സെൻറ്റർ ഫോർ ബയോ മെഡിക്കൽ റിസർച്ച്, തലശ്ശേരി മലബാർ കാൻസർ സെൻറ്റർ തുടങ്ങി 14 സർക്കാർ പരിശോധനാ കേന്ദ്രങ്ങൾ നിലവിലുണ്ട്. നിലവിലെ അടിയന്തര സാഹചര്യം നേരിടുന്നതിനായി വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി 4113 കോടി രൂപയും അനുവദിച്ചു
39.നികുതിവിഹിതം.
കേന്ദ്രനികുതിയിൽനിന്ന് സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട ഏപ്രിൽ മാസത്തെ നികുതിവിഹിതമായി 46,038.10 കോടി രൂപ അനുവദിച്ചുകൊണ്ട് ധനമന്ത്രാലയം ഉത്തരവായി.കേരളത്തിന് 894.53 കോടി രൂപയാണ് ലഭിക്കുക. ഉത്തർപ്രദേശിന് 8555.19 കോടിയും ബിഹാറിന് 4631.96 കോടിയും മധ്യപ്രദേശിന് 3630.60 കോടിയും ലഭിക്കും. കർണാടകം-1678.57 കോടി, തമിഴ്നാട്-1928.56 കോടി, മഹാരാഷ്ട്ര-2824.47 കോടി, പശ്ചിമ ബംഗാൾ-3461.65 കോടി, ഗുജറാത്ത്-1564.40 കോടി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം.
40. റവന്യു കമ്മി
സംസ്ഥാനങ്ങൾക്കു റവന്യു കമ്മി പരിഹരിക്കാൻ ധനകാര്യ കമ്മിഷൻ നിർദേശിച്ച തുകയുടെ ആദ്യ ഗഡു നൽകാൻ കേന്ദ്ര മന്ത്രാലയം ഉത്തരവിറക്കി. കേരളത്തിന് 1277 കോടി രൂപയാകും ലഭിക്കുക.
41. ജില്ലാ മിനറൽ ഫണ്ട്
കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുമായി ആശുപത്രികളുടെ സൗകര്യങ്ങൾ വർധിപ്പിക്കുക, വൈദ്യ പരിശോധനയും, സ്ക്രീനിംങ്ങും നടത്തുക തുടങ്ങിയവയ്ക്കായി ജില്ലാ മിനറൽ ഫണ്ടിൽ നിന്ന് ആവശ്യമായ തുക ഉപയോഗിക്കാൻ എല്ലാ സംസ്ഥാന ഗവണ്മെൻറ്റുകൾക്കും നിർദ്ദേശം നൽകി.
42.ദുരന്ത നിവാരണ നിധി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം,സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ നിധിയിലേക്ക് ആഭ്യന്തര മന്ത്രാലയം 11,092 കോടി രൂപ അനുവദിച്ചു.
43. അധിക കേന്ദ്ര സഹായം
കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങൾക്ക് 5751.27 കോടി രൂപയുടെ അധിക കേന്ദ്ര സഹായത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല സമിതി അംഗീകാരം നൽകി. കേരളം, ബിഹാർ, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡിഷ, രാജസ്ഥാൻ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം ഉണ്ടായ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, ബുൾബുൾ ചുഴലിക്കാറ്റ് എന്നീ പ്രകൃതി ക്ഷോഭങ്ങളിലും കർണാടകയിൽ 2018 -19 ലെ റാബി സീസണിലെ വരൾച്ചയിലും സംഭവിച്ച നാശനഷ്ടങ്ങൾക്കു കേന്ദ്രം 5751.27 കോടി രൂപ കൂടി സഹായമായി അനുവദിച്ചു. ( കേരളത്തിന് 460.77 കോടി) 2019 -20 സാമ്പത്തിക വർഷത്തിൽ ഇതുവരെ കേന്ദ്ര ഗവണ്മെന്റ് 10937.62 കോടി രൂപയാണ് (മുൻ സംസ്ഥാനമായ ജമ്മുകാശ്മീർ ഉൾപ്പെടെ) 29 സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ നിധിയിലേയ്ക്കുള്ള കേന്ദ്ര വിഹിതമായി നല്‍കിയിട്ടുള്ളത്.
44.മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും
അടിയന്തര സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള 790.22 ടൺ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സിവിൽ വ്യോമയാന മന്ത്രാലയം, ലൈഫ്ലൈൻ ഉഡാനു കീഴിൽ 422 വിമാനങ്ങൾ വഴി വിതരണം ചെയ്തു.
45.വൈദ്യ ഉപകരണങ്ങളുടെ ഉത്പാദനം
രാജ്യത്ത് ആഭ്യന്തരമായി വൈദ്യ ഉപകരണങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ക്രിറ്റിക്കൽ കീ സ്റ്റാർട്ടിംഗ് മെറ്റീരിയലുകൾ/ഡ്രഗ് ഇൻറ്റർമീഡിയറ്റുകൾ ആക്ടീവ് ഫാർമസ്യൂട്ടിക്കൾ ഇൻഗ്രേഡിയൻസ് എന്നിവയുടെ ആഭ്യന്ത്യര ഉത്പാദനം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.
46.പി.എം. കെയേഴ്സ് ഫണ്ട്”
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ഘട്ടങ്ങളിൽ പൗരന്മാർക്ക് സഹായം നൽകാനും ആശ്വാസമേകാനും “പി.എം. കെയേഴ്സ് ഫണ്ട്” എന്ന പേരിൽ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. പ്രധാനമന്ത്രി ചെയർമാനായുള്ള ട്രസ്റ്റിൽ പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി തുടങ്ങിയവർ അംഗങ്ങളാണ്. ഏതു പ്രശ്നവും പരിഹരിക്കാൻ പൊതുജനപങ്കാളിത്തമാണ് ഏറ്റവും ഫലപ്രദമായ വഴിയെന്ന പ്രധാനമന്ത്രി മോദിയുടെ ചിന്തയ്ക്കു മറ്റൊരു ഉദാഹരണമാണ് ഇത്.
pmindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് താഴെ പറയുന്ന വിശദാംശങ്ങൾ ഉപയോഗപ്പെടുത്തി പൗരന്മാർക്കും സംഘടനകൾക്കും സംഭാവന നൽകാം.
അക്കൗണ്ടിന്റെ പേര്: PM CARES
അക്കൗണ്ട് നമ്പർ: 2121PM20202
ഐ.എഫ്.എസ്. കോഡ്: SBIN0000691
സ്വിഫ്റ്റ് കോഡ് : SBININBB104
ബാങ്കിന്റെ പേരും ബ്രാഞ്ചും: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ന്യൂഡെൽഹി മെയിൻ ബ്രാഞ്ച്
യു.പി.ഐ. ഐ.ഡി.: pmcares@sbi
pmindia.gov.in എന്ന വെബ്സൈറ്റിൽ താഴെ പറയുന്ന രീതികളിൽ പണമടയ്ക്കാം.
1. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി
2. ഇൻറ്റർനെറ്റ് ബാങ്കിങ്
3. യു.പി.ഐ.(ഭീം, ഫോൺ പേ, ആമസോൺ പേ, ഗൂഗിൾ പേ, പേടിഎം, മൊബിക്വിക് തുടങ്ങിയവ)
4. ആർ.ടി.ജി.എസ്./നെഫ്റ്റ്
ഈ ഫണ്ടിലേക്കുള്ള സംഭാവനകൾക്ക് ആദായനികുതി 80(G) വകുപ്പു പ്രകാരമുള്ള ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
ഇത്തരത്തിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഗവൺമെൻ്റിന്റെ പ്രഖ്യാപിത പദ്ധതികളുടെ സുതാര്യമായ നടത്തിപ്പിലൂടെയും സംസ്ഥാന ഖജനാവിൽ സർക്കാരിതരവും വ്യക്തിഗതവുമായി എത്തിച്ചേരേണ്ട ഫണ്ട് അവസരോചിതമായും കുടിശ്ശികയിനത്തിലും അനുവദിക്കപ്പെട്ടതുകൊണ്ടും രാജ്യവ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും ആക്കം കൂട്ടുവാനും കേന്ദ്ര സർക്കാരിന് സാധിച്ചു. പ്രത്യേകിച്ച് അർഹതയുള്ള അടിസ്ഥാന ജനവിഭാഗങ്ങൾക്കുള്ള ആശ്വാസധനം ഇടനിലക്കാരില്ലാതെ നേരിട്ട് അവരുടെ കൈകളിൽ അവസരോചിതമായി എത്തിക്കാൻ കഴിഞ്ഞിടത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും അഭിനന്ദനാർഹരാക്കുന്നത്. സംസ്ഥാന രാഷ്ട്രീയങ്ങൾക്കപ്പുറം മോദിയെന്ന ദേശീയ രാഷ്ട്രീയത്തിന്റെ പൊതു സ്വീകാര്യതയും രാഷ്ട്രീയ സ്വയംസേവക സംഘമെന്ന രാഷ്ട്ര ഇഛാശക്തിയുടെ ഭാഗമായ ഭാരതീയ ജനതാപാർട്ടിയുടെ ദേശീയ സംഘടനാവൈഭവും പ്രകടമാകുന്ന ഇടപെടലുകളാണ് ഈ ദുരിതകാലത്ത് ഭാരതത്തെ നയിക്കുന്നത്.
(അവലംബം: പ്രസ് ഇൻഫർമേഷൻ ബ്യൂറോ,ഭാരത സർക്കാർ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: