തിരുവനന്തപുരം: കൊറോണക്കാലത്ത് സംസ്ഥാനത്തെ മൂന്നാമത്തെ അവയവദാനത്തിനു കളമൊരുങ്ങിയിരിക്കുകയാണ്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര എഴുകോണ്‍ ദേവീപ്രസാദത്തില്‍ ശിവപ്രസാദ് (59) ആണ് നിരവധി പേര്‍ക്കു പുതുജീവനേകിയത്. മസ്തിഷ്ക മരണം സംഭവിച്ച ഭര്‍ത്താവിന്റെ അവയവം ദാനം ചെയ്യാന്‍ ഭാര്യ ഗിരിജ പ്രസാദ് സമ്മതം അറിയിച്ചതോടെ മക്കളും ആ തീരുമാനത്തെ പിന്താങ്ങുകയായിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍ മുന്നോട്ടുള്ള ജീവിതം അനിശ്ചിതത്വത്തിലായ രോഗികള്‍ക്കു തണലാകാന്‍ ഗിരിജ പ്രസാദെടുത്ത തീരുമാനം വിദേശത്തുള്ള മക്കള്‍ ശരത് പ്രസാദും ശ്യാം പ്രസാദും അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ 27നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവിന്റെ വിയോഗം തീര്‍ത്ത ശൂന്യത മുന്നിലുണ്ടെങ്കിലും അവയവദാനത്തിന്റെ സാധ്യതയെപ്പറ്റി ശിവപ്രസാദിന്റെ ഭാര്യ ഗിരിജ പ്രസാദ് തന്നെയാണ് ആശുപത്രി അധികൃതരോട് ആരാഞ്ഞത്.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാട്ടിലെത്താന്‍ കഴിയാതിരുന്ന മക്കള്‍ അമ്മയുടെ തീരുമാനത്തിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ. മുരളീധരന്റെ നേതൃത്വത്തില്‍ അവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള സംരക്ഷണ നടപടികള്‍ സ്വീകരിച്ചു. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലുമടക്കം അഞ്ചുപേര്‍ക്കാണ് അവയവങ്ങള്‍ നല്‍കിയത്. മെഡിക്കല്‍ കോളജിലെ രോഗിക്കു യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവന്‍ പോറ്റി, ഡോ. ഉഷ (അനസ്തേഷ്യ) എന്നിവരുടെ നേതൃത്വത്തില്‍ വൃക്ക വച്ചുപിടിപ്പിക്കുകയും ചെയ്തു. വിദേശത്തായിരുന്ന ശിവപ്രസാദ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നാട്ടിലെത്തി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: