ശ്ലോകം 176
മനോ നാമ മഹാ വ്യാഘ്രോ വിഷയാരണ്യഭൂമിഷു
ചരത്യത്ര ന ഗച്ഛന്തു സാധവോ യേ മുമുക്ഷവഃ
വിഷയങ്ങളാകുന്ന കൊടുങ്കാട്ടില്‍ മനസ്സ് എന്ന് പേരായ വന്‍ പുലി സഞ്ചരിക്കുന്നുണ്ട്. സാധുക്കളായ മുമുക്ഷുക്കള്‍ ആ വഴി പോകരുത്. മോക്ഷത്തെ ലക്ഷ്യമിട്ടാണ് ഓരോ സാധകരുടേയും മുമുക്ഷുക്കളുടേയും യാത്ര. ആ വഴി അത്ര സുഗമമൊന്നുമല്ല. വഴിയിലുള്ള ഒരു പ്രധാന മുന്നറിയിപ്പാണ് ഇവിടെ പറയുന്നത്. ഒരു വലിയ അപായ സൂചന. ഇനി വിഷയാരണ്യം എന്ന കൊടും കാടാണ്. അതില്‍ മനസ്സ് എന്ന് പോയ ഭയങ്കരനായ ഒരു കടുവയുണ്ട്. അത് ആള് പിടിയനാണ് യാത്രക്കാര്‍ സൂക്ഷിക്കണം. അതു വഴി പോകരുത്. സാധകരും മുമുക്ഷുക്കളും കരുതിയിക്കണം
മനസ്സ് സ്വതവേ അപകടകാരിയാണ് പ്രത്യേകിച്ചും മോക്ഷമാര്‍ഗ്ഗത്തിലൂടെ പോകുന്നവര്‍ക്ക്. മനസ്സുമായി ഇടപെടുമ്പോള്‍ വളരെ കരുതല്‍ വേണം. ആത്മനിയന്ത്രണമാകുന്ന കവചത്തിന്റെ ഏതെങ്കിലും പഴുതിലൂടെ പുറത്ത് ചാടാന്‍ കാത്തിരിക്കുകയാണ് അത്. എങ്ങനെയെങ്കിലും പുറത്ത് വന്നാല്‍ അത് വിഷയവാസനയാകുന്ന കൊടും കാട്ടിലേക്ക് നമ്മെ വലിച്ചിഴച്ച് കൊണ്ടുപോകും.കടിച്ചുകീറും.പിന്നെ ബാക്കിയുണ്ടാകില്ല.
മനസ്സെന്ന നരഭോജി കടുവ പാര്‍ക്കുന്ന വിഷയക്കാട്ടില് നിന്ന് മാറി പോവുക തന്നെ വേണം സാധകന്. അല്ലെങ്കില്‍ അതിനെ പിടിച്ച് തന്റെ ചൊല്പടിക്ക് കൊണ്ടുവരണം. വിവേക വൈരാഗ്യങ്ങളാകുന്ന വഴിയിലൂടെ നിരന്തര ജാഗ്രതയോടെ യാത്ര ചെയ്യുക തന്നെ വേണം. വഴിതെറ്റിപ്പോയോ പിന്നെ വിഷയക്കാട്ടിലെ വ്യാഘ്രത്തിന്റെ വായ്ക്കകത്താകും. അത് കടിച്ച് കുടഞ്ഞിടും. തുണ്ടും തുണ്ടമാക്കും. മനസ്സിനെ ഭയങ്കരനായ കടുവയായി ചിത്രീകരിച്ചിരിക്കുന്നത് അതീവ മുന്‍കരുതല്‍ എടുക്കാന്‍ വേണ്ടി തന്നെയാണ്. ഇര തേടി നടക്കുന്ന സിംഹത്തേയോ കടുവയേയോ ഒക്കെ അകലെയോ സുരക്ഷിതമായ സ്ഥലത്തോ ഇരുന്ന് കാണാം. അതിന്റെ കൂടെ കെട്ടി മറയാന്‍ പോകുമ്പോഴാണ് അപകടം. ഇപ്പോഴാണെങ്കില്‍ ബോധമില്ലാതെയുള്ള സെല്‍ഫിയെടുക്കല്‍. അത് മിക്കവാറും അവസാനത്തേതാകും.
വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുക എന്നതും ഇന്ദ്രിയങ്ങളോടൊപ്പം നിരന്തരം വിഷയങ്ങളുടെ പുറകെ ഓടുക എന്നതും മനസ്സിന്റെ കളിയാണ്. അതില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്ക്കാന് അതിന് കഴിയില്ല. പുലി പോലെ അപകടകാരിയായേക്കാവുന്ന അതിനെ പൂച്ചക്കുട്ടിയെ പോലെ ആക്കാന്‍ കഴിയണം. നല്ല നിയന്ത്രണം വന്നാല്‍ നാം പറയുന്നതിനപ്പുറം പോകില്ല.
പിന്നെ അത് പല്ല് കൊഴിഞ്ഞ സിംഹം പോലെയായി.അവയെ മെരുക്കിയെടുത്ത് സര്‍ക്കസിലും മറ്റും ഉപയോഗിക്കാറുണ്ട്. ഘോര മൃഗത്തെപ്പോലെ മെരുക്കാന്‍ പ്രയാസമുള്ളതാണ് മനസ്സ്. വിഷയങ്ങളിലേക്ക് ഓടല് അതിന്റെ സ്വഭാവവും. വിഷയ അനേകതരത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്ക് കാരണമായതിനാലാണ് അരണ്യം എന്ന് പറഞ്ഞത്. ഇരയെ പിടിക്കാനും മറ്റും ഘ്രാണിച്ച് നടക്കുന്നതിനാലാണ് വ്യാഘ്രം എന്ന് പേര് വന്നത്. മനസ്സ് ഇത് പോലെ ഇന്ദ്രിയ വിഷയങ്ങളെ ഘ്രാണിച്ച് നടപ്പാണ്. സാധകരായ മുമുക്ഷുക്കള്‍ അതിന്റെ പെടാതിരിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: