തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും സംസ്ഥാനം അനുമതി നല്‍കുകയും ചെയ്തതോടെ ജില്ലയില്‍ ഇന്നലെ കൂടുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഫാന്സിഷോപ്പുകള്, സ്റ്റേഷനറി കടകള്‍, ചെരുപ്പുകടകള്‍, ബേക്കറികള്‍, പെട്ടിക്കടകള്‍ എന്നിവയാണ് തുറന്നത്.
രാവിലെ തന്നെ നിരവധി പേര് വിവിധ കടകളിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തി. ജ്വല്ലറികള്‍, തുണിക്കടകള്‍ എന്നിവ ഇന്നലെയും തുറന്നില്ല. തൃശൂര്‍ നഗരത്തിലടക്കം തുറന്ന തുണിക്കടകള്‍ പിന്നീട് പോലീസെത്തി അടപ്പിച്ചു. തുണിക്കടകള്‍ തുറക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടപ്പിച്ചത്.
കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെ ചിലയിടങ്ങളില്‍ നിയമവിരുദ്ധമായി തുറന്ന തുണിക്കടകള്‍ക്ക് അധികൃതര്‍ പിഴയും ചുമത്തി. ഗ്രാമപ്രദേശത്ത് ചെറുകിട കടകള്‍ ഇന്നലെ തുറന്നത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി. കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതിന്റെ ആദ്യദിനമായ ഞായറാഴ്ച നാമമാത്ര കടകള്‍ തുറന്നിരുന്നെങ്കിലും കൂടുതലായും അണുവിമുക്തമാക്കുന്ന ശുചീകരണ ജോലികളാണ് നടന്നത്. മിക്ക കടകളിലും അണുനാശിനി ഉപയോഗിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
ഇന്നലെ നഗര-ഗ്രാമഭേമന്യേ കടകള്‍ തുറന്നതോടെ റോഡില്‍ വാഹന തിരക്കും വര്‍ദ്ധിച്ചു. കാറുകളും ബൈക്കുകളുമടക്കം വാഹനങ്ങളുടെ വന്‍നിര തന്നെ നിരത്തിലുണ്ടായി. റോഡുകളില്‍ കടുത്ത പരിശോധനയില്‍ നിന്ന് പോലീസ് പിന്മാറിയിട്ടുണ്ട്.
അതേസമയം ചിലയിടങ്ങളില്‍ ഒറ്റ, ഇരട്ടയക്ക നമ്പര്‍ സംവിധാനം നടപ്പാക്കാന്‍ പോലീസ് ശ്രമിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളുമായെത്തിയവരെ പോലീസ് തടഞ്ഞു നിര്‍ത്തി തിരിച്ചയക്കുകയും മടങ്ങിപ്പോകാന്‍ കൂട്ടാക്കാത്തവര്‍ക്കെതിരെ കേസെടുത്തത്തായും യാത്രക്കാര്‍ പരാതിപ്പെടുന്നു. മാസ്ക് ധരിക്കാതെ യാത്രചെയ്യുന്നവര്‍ക്ക് ഉപദേശവും മുന്നറിയിപ്പും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: