തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 1 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ എണ്ണം. ഇതില്‍ അഞ്ച് പേര് തമിഴ്നാട്ടില്‍നിന്നുള്ളവരാണ്. ഒരാള്‍ വിദേശത്തുനിന്നും എത്തി. ഒരാള്‍ക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് പരിശോധിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗം ബാധിച്ചത്. ഇന്ന് 13 പേര്‍ക്ക് രോഗം മാറി. കണ്ണൂര്‍ 6, കോഴിക്കോട് 4, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 481 പേര്‍ക്കാണ് സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചത്. 123 പേര് ചികിത്സയിലുണ്ട്. 20301 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 19812 പേര് വീടുകളിലും 489 പേര് ആശുപത്രിയിലുമാണ്. ഇന്നു മാത്രം 104 പേര് ആശുപത്രിയിലെത്തി. ഇതുവരെ 23,271 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 22537 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹ്യ സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ എന്നിങ്ങനെ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 875 സാംപിളുകള്‍ ശേഖരിച്ച് പരിശോധയ്ക്ക് അയച്ചു. 611 എണ്ണം നെഗറ്റീവാണ്. കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ 3056 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഹോട്സ്പോട്ടുകളില്‍ മാറ്റം വന്നിട്ടുണ്ട്. ഇതോടൊപ്പം റെഡ് സോണുകളിലും മാറ്റം വരും.
ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും വര്‍ധനവാണ് വരുന്നത്. ആ സാഹചര്യത്തില്‍ രണ്ട് ജില്ലകളും റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുന്നു. ഒപ്പം ഹോട്സ്പോട്ടിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ വണ്ടന്മേട്, ഇരട്ടയാര്‍, കോട്ടയത്ത് അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകള്‍ ഹോട്സ്പോട്ടാണെന്നും നേരത്തേ പ്രഖ്യാപിച്ച നാലു ജില്ലകള്‍ റെഡ് സോണില്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: