ഇരിട്ടി: നാലുദിവസം മുന്‍പേ വനം വകുപ്പധികൃതര്‍ക്ക് നാട്ടുകാര്‍ നല്കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ആറളം ഫാമിലെ ജീവനക്കാരനായ നാരായണന് ജീവന് നഷ്ടപ്പെടാനിടയാക്കിയത്. കാലിന് സാരമായി പരിക്കേറ്റ ആന നാല് ദിവസമായി പ്രദേശത്തുള്ളതായി ഇവര്‍ വനം വകുപ്പധികൃതര്‍ക്ക് വിവരം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇതേ ആന ഫാമിലെ നിരവധി വാഴകള്‍ നശിപ്പിച്ചിരുന്നു. കൂട്ടത്തില്‍ മറ്റൊരാന കൂടി ഉള്ളതായും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നു. ഈ വിവരം ഫോണിലൂടെ വിളിച്ചറിയിച്ചയാളെ ചീത്ത പറയുന്ന അവസ്ഥയാണ് വനം വകുപ്പധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്നാണ് സമീപവാസികള്‍ പറഞ്ഞത്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് ഏഴാമത്തെ മരണമാണ് ആറളം ഫാമില്‍ ഉണ്ടാകുന്നത്. ഏഴുപേര്‍ക്ക് ജീവന് നഷ്ടമായിട്ടും അധികൃതര്‍ നിസ്സംഗത പാലിക്കുന്നതില്‍ ജനരോഷം ശക്തമാണ്. ഏതു നിമിഷവും ജനങ്ങളുടെ ജീവിതവും വസ്തുവകകളും കാട്ടാനകള്‍ അപഹരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത് എന്നാണ് ഫാമിലെ ജീവനക്കാരും പുനരധിവാസ മേഖലയിലെ ആദിവാസികളും പറയുന്നത്. മുന്‍പ് രാത്രികാലങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഇത്തരം അക്രമങ്ങള്‍ ഇപ്പോള്‍ പകലും ഉണ്ടാവുകയാണെന്നതും ഭീതി വര്‍ദ്ധിപ്പിക്കുകയാണ്.
മൂന്ന് മണിക്കൂറിലേറെ മൃതദേഹം വഴിയില്‍ കിടന്നിട്ടും വനം വകുപ്പുകാര്‍ തിരിഞ്ഞു നോക്കാത്തതില്‍ സഹ ജീവനക്കാരും നാട്ടുകാരും ശക്തമായ പ്രതിഷധത്തിലാണ്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള ശ്രമം ഇവര്‍ തടസ്സപ്പെടുത്തി. ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റുന്നത് രൂക്ഷമായ വാക്കേറ്റത്തിനിടയാക്കി. വനം വകുപ്പധികൃതര്‍ സ്ഥലത്തെത്താതെ മൃതദേഹം ഇവിടെ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ തറപ്പിച്ചു പറഞ്ഞു. ഇതിനിടയില്‍ 12 മണിയോടെ ഡെപ്യൂട്ടി റേഞ്ചര്‍ ജയേഷ് ജോസഫിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. തുടര്‍ന്ന്നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം പരിയാരത്തേക്കു മാറ്റാന്‍ ഫാമിലെ തൊഴിലാളികളും ജീവനക്കാരും നാരായണന്റെ നാട്ടുകാരും അനുവദിച്ചത്. ഇനി ഒരു മരണം കാട്ടാനമൂലം ആറളം ഫാമില്‍ ഉണ്ടായാല്‍ വനപാലകരും ആനകളും പിന്നെ ഫാമിലിറങ്ങില്ലെന്ന് ചിലര്‍ ഇതിനിടയില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: