കൊല്ലം: കപ്പക്കോലും ശീമക്കൊന്നക്കമ്പും കുത്തിനിര്‍ത്തി പ്ലാസ്റ്റിക് ഷീറ്റ്കൊണ്ടു മറച്ച, ഏതു നിമിഷവും നിലംപൊത്താമെന്ന നിലയിലുള്ള കൂരയില്‍ നിന്ന് കൂപ്പുകൈകളുമായി ഇറങ്ങിവരുന്നത് എല്ലും തോലുമായ ഒരു മനുഷ്യക്കോലം. പിന്നില്‍ ദൈന്യത തുളുമ്പുന്ന മുഖവുമായൊരു സ്ത്രീരൂപം. ഇത് കുമാരനും രാജമ്മയും. മൂന്നു പതിറ്റാണ്ടായി ഇടതു പാര്‍ട്ടികള്‍ ഭരിക്കുന്ന കൊല്ലം ചവറ തെക്കുംഭാഗം പഞ്ചായത്തിലാണ് ഈ ദയനീയ കാഴ്ച.
സ്വന്തമായി ഒരുതുണ്ടു ഭൂമി ഇവര്‍ക്കില്ല. ആകെയുണ്ടായിരുന്ന അഞ്ചു സെന്റ് മകളുടെ വിവാഹ ആവശ്യത്തിന് വിറ്റു. കയറിക്കിടക്കാന്‍ ഇടമില്ലാതെ ഇവര്‍ അലയുന്നതു കണ്ട വടക്കുംഭാഗം മൂന്നാം വാര്‍ഡില്‍ പരുത്തിവിളയില്‍ രാജേന്ദ്രന്‍പിള്ള തന്റെ പുരയിടത്തില്‍ നല്കിയ സ്ഥലത്താണ് എട്ടു വര്‍ഷമായി ഇവരുടെ താമസം.
മരംകയറ്റ തൊഴിലാളിയായിരുന്നു കുമാരന്. രാജമ്മ കശുവണ്ടി ഫാക്ടറിയിലും തൊണ്ടുതല്ലാനുമൊക്കെ പോയിരുന്നു. ഇപ്പോള്‍ 85 വയസിലെത്തിയ കുമാരന് ജോലി ചെയ്യാന്‍ കഴിയില്ല. 66 വയസുള്ള രാജമ്മയ്ക്കും തൊഴിലില്ല. പല ദിവസവും പട്ടിണി. അയല്‍വാസികള്‍ നല്കുന്ന അരിയും പച്ചക്കറിയും ചില്ലറ സാമ്പത്തിക സഹായവുമാണ് ഇവരുടെ ജീവന് നിലനിര്‍ത്തുന്നത്. കൂട്ടിനുള്ളത് ഒരു നായയാണ്, അതാകട്ടെ പട്ടിണിക്കോലവും. രണ്ട് മക്കളാണിവര്‍ക്കുള്ളത്. അവരും ജീവിതപ്രാരാബ്ധങ്ങളോട് പടവെട്ടി അകലങ്ങളില്‍ കഴിയുന്നു.
രാജേന്ദ്രന് പിള്ള മൂന്നു വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മുന്‍ പഞ്ചായത്തംഗം മല്ലികയും കുടുംബവും ഇപ്പോഴും അത്യാവശ്യ സഹായങ്ങള്‍ ചെയ്യുന്നു. പട്ടിക വിഭാഗക്കാര്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി വാങ്ങുന്നതിനുള്ള പദ്ധതിയില്‍ ഇവര്‍ അപേക്ഷിച്ചിരുന്നു. മല്ലിക മെംബറായിരുന്ന കാലത്ത് ഭൂമി കണ്ടെത്തിയെങ്കിലും സഹായമായി ലഭിക്കുന്ന തുകയ്ക്ക് പുറമെ പണം കണ്ടെത്താനാകാത്തതോടെ സ്വന്തം ഭൂമിയെന്നത് സ്വപ്നമായി അവശേഷിച്ചു.
സര്‍ക്കാരില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിലിവര്ക്ക് ആരോടും പരിഭവവുമില്ല, പരാതിയുമില്ല. സഹായിക്കാനെത്തുന്നവരോട് സന്തോഷവും സ്നേഹവും പ്രകടിപ്പിക്കും. ലോക്ഡൗണില്‍ പണിയില്ലാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനിറങ്ങിയ സേവാഭാരതി, ബിജെപിതെക്കുംഭാഗം പഞ്ചായത്ത് സമിതി പ്രവര്‍ത്തകരാണ് ഇവരുടെ ദുരവസ്ഥ നേരില്‍ക്കണ്ടത്. ആയിരം രൂപയും ഭക്ഷ്യധാന്യകിറ്റുകളും പ്രവര്‍ത്തകര്‍ ഇവര്‍ക്ക് നല്കി.
പട്ടിണിയില്ലാതെ, സ്വന്തം മണ്ണില്‍ അടച്ചുറപ്പുള്ളൊരു വീട്ടില്‍ കിടന്നുറങ്ങാന്‍ സുമനസുകളുടെ സഹായം തേടുകയാണിവര്‍. രാജമ്മയ്ക്ക് എസ്ബിഐ ചവറ സൗത്ത് ബ്രാഞ്ചില്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുണ്ട്. വിശദാംശങ്ങള്‍ – കെ. രാജമ്മ, അക്കൗണ്ട് നമ്പര്‍ 67301367085, ഐഎഫ്എസ്സി കോഡ് എസ്ബിഐഎന്‍ എസ്ബിഐആര് 0000283.
പ്രതികരിക്കാൻ ഇവിടെ എഴുതുക: