കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്ററി സ്കൂളിലെ താല്‍ക്കാലിക അഗതി മന്ദിരത്തില്‍ താമസിപ്പിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേര് നിരീക്ഷണത്തില്‍. കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിലെ 47 പേര് അടക്കം 100 ലധികം പേരാണ് നിരീക്ഷണത്തിലായിരിക്കുന്നത്.കോഴിക്കോട് ടൗണ്‍ സിഐ അടക്കം നിരീക്ഷ ണത്തിലാണ്. നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവരെ വിവിധ അഗതിക്യാമ്പുകളിലായി പാര്‍പ്പിക്കുന്നതിന് മുന്‍കൈയെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരീക്ഷണത്തിലായിട്ടുണ്ട്.
എന്നാല്‍ രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലായവരെ കണ്ടെത്തി മറ്റുള്ളവരെ വരും ദിവസങ്ങളില്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ആരോഗ്യവകുപ്പ് വിശദ ീകരിക്കുന്നത്. രോഗിയുമായി നേരിട്ട് സമ്പര്ത്തിലേര്പ്പെട്ടുവെന്ന് കരുതുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സ്രവങ്ങള്‍ പരിശോധിക്കും. ഇന്നലെ അഞ്ച് പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചു. ബീച്ച് ഫയര്‍ഫോഴ്സിലെ സിവില്‍ ഡിഫന്‍സ് വിംഗിലെ 36 പേരും നിരീക്ഷണത്തിലുള്‍പ്പെടും. ക്യാമ്പിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ആര്.എസ്. ഗോപകുമാര്‍ പറഞ്ഞു.
ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ ആകെ 24 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ 6 ഇതര ജില്ലക്കാര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 11 കോഴിക്കോട് സ്വദേശികളും 4 ഇതര ജില്ലക്കാരും ഉള്‍പ്പെടെ ആകെ 15 പേര് രോഗമുക്തരായി. കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശിനി (4 മാസം പ്രായം) ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ ആകെ 14 പേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്.
ജില്ലയില്‍ ഇന്നലെ 1116 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,178 ആയി. 1680 പേരാണ് നിരീക്ഷണത്തില്‍ ബാക്കിയുള്ളത്. ഇന്ന് പുതുതായി വന്ന 17 പേര് ഉള്‍പ്പെടെ ആകെ 48 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്നലെ 15 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 786 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 761 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 731 എണ്ണം നെഗറ്റീവ് ആണ്. 25 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: