കാസര്‍കോട്: കേരളത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 രൂപയുടെ പലിശ രഹിത വായ്പ സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ വെട്ടിക്കുറച്ചതിനെ ചൊല്ലി വിവാദം മുറുകുന്നു. ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ കുടുംബശ്രീ അംഗങ്ങള്‍ 20,000 രൂപ വായ്പ ലഭിക്കുമെന്ന് കരുതി ആശ്വാസത്തിലായിരുന്നു. എന്നാല്‍ 7000 രൂപക്ക് താഴെ മാത്രമാണ് വായ്പയെന്നാണ് പുതിയ അറിയിപ്പ്. അതും കര്‍ശനമായ വ്യവസ്ഥകളോടെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്ള കുടുംബങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അപേക്ഷയ്ക്ക് അര്‍ഹരല്ല.
മുന്‍ഗണന ക്രമത്തിലാണ് വായ്പ അനുവദിക്കുന്നത്. രോഗികള്‍, നിത്യ വരുമാനം പൂര്‍ണമായും മുടങ്ങിയവര്‍, മരുന്നിനും ചികിത്സക്കും ബുദ്ധിമുട്ടുന്നവര്‍, കടബാധ്യതയുള്ളവര്‍, വാടക നല്കാന് പ്രയാസപ്പെടുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. എന്നാല്‍ സര്‍ക്കാര്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ധനസഹായം പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം നിബന്ധനകളുണ്ടായിരുന്നില്ല.
എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും വായ്പ ലഭ്യമാകുമെന്നാണ് അറിയിച്ചിരുന്നത്. അതേ സമയം കുടുംബശ്രീ വായ്പ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. 20,000 രൂപ വായ്പ നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും 5000 മുതല്‍ തുക അനുവദിക്കുമെന്നാണ് അറിയിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
1,78,000 കുടുംബശ്രീ അംഗങ്ങളാണ് കാസര്‍കോട് ജില്ലയില്‍ ഉള്ളത്. ഇവര്‍ക്ക് 20,000 രൂപ വീതം വായ്പ നല്കണമെങ്കില് 356 കോടി രൂപ വേണ്ടിവരും. എന്നാല്‍ 93 കോടി രൂപ മാത്രമാണ് ജില്ലക്ക് അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് കൈയ്യടികിട്ടാനായി ഒരു വിഭാഗം സിപിഎം സൈബര്‍ സഖാക്കളുടെ തെറ്റായ പ്രചരണം വിശ്വസിച്ച് വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലിരുന്ന വലിയൊരു വിഭാഗം കുടുംബശ്രീ അംഗങ്ങളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: