പത്തനംതിട്ട: ആരോഗ്യ വകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച വടശേരിക്കരയിൽ സഹകരണബാങ്കിൽ നിന്നും കിറ്റുകൾ വാങ്ങാൻ നൂറുകണക്കിന് ആളുകൾ എത്തിയത് ലോക്ഡൗൺ ലംഘിച്. വടശേരിക്കര പേഴുംപാറ ശാഖയിലാണ് കിറ്റുകൾ വാങ്ങാൻ ആളുകൾ സംഘടിച്ചത്. പോലീസ് ഇടപെടലിൽ കിറ്റ് വിതരണം നിർത്തിവയ്ക്കുകയും ബാങ്ക് അധികൃതർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ലോക്ക്ഡൗൺ കാലയളവിൽ ബാങ്കിന്റെ അംഗങ്ങൾക്കായി 1000 രൂപയുടെ കിറ്റുകളാണ് പേഴുംപാറ ശാഖയോടു ചേർന്ന നീതി സ്റ്റോർ മുഖേന ഇന്നലെ വിതരണത്തിനു തയ്യാറാക്കിയിരുന്നത്. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ബാങ്ക് ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 1000 രൂപ പലിശ രഹിത വായ്പയായി അനുവദിച്ച് അത്രയും വിലയുള്ള പലവ്യജ്ഞന സാധനങ്ങളാണ് കിറ്റുകളിലാക്കി വിതരണം ചെയ്യാനൊരുക്കിയിരുന്നത്. കിറ്റിന്റെ പണമായി 1000 രൂപ നാലുമാസത്തിനുശേഷം അഞ്ചുതവണകളായി തിരികെ അടയ്ക്കാനാണ് നിർദേശിച്ചിരുന്നത്.
1800 ലധികം കിറ്റുകളാണ് വിതരണത്തിനായി തയാറാക്കിയിരുന്നത്. എൽഡിഎഫ് ഭരിക്കുന്ന ബാങ്കിന്റെ ഭരണ സമിതിയിൽപെട്ടവരും ഇടതു പ്രവർത്തകരും നവമാധ്യമങ്ങളിൽകൂടി പ്രചരിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 10 മുതൽ വിതരണം ചെയ്യുമെന്നാണറിയിച്ചിരുന്നത്. ഒമ്പതു മണിമുതൽ മുതൽ ആളുകൾ എത്തി തുടങ്ങി. പത്തിനുശേഷം ബാങ്ക് പ്രസിഡന്റ് ബാബു പറവിനേത്ത് വിതരണോദ്ഘാടനം നടത്തി. ഇതിനുള്ളിൽ ബാങ്കിന്റെ മുൻഭാഗം ആളുകളെകൊണ്ട് നിറഞ്ഞു.
കിറ്റ് വാങ്ങാനുള്ള തിക്കും തിരക്കുമായിരുന്നു. നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. പെരുനാട് എസ്ഐ കവിരാജിന്റെ നേതൃത്വത്തിൽ പോലീസെത്തുമ്പോഴും ബാങ്കിന് മുമ്പിൽ തിരക്കായിരുന്നു. എട്ട് പേർക്ക് മാത്രമെ കിറ്റുകൾ നൽകിയിരുന്നുള്ളൂ. പോലീസ് ഇടപെട്ട് കിറ്റ് വിതരണം നിർത്തിവയ്പിക്കുകയും ആളുകളെ പറഞ്ഞയ്ക്കുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ് ബാബു പറവിനേത്ത്, സെക്രട്ടറി ജയിംസ് ജോർജ് എന്നവരുടെ പേരിൽ കേസെടുത്തു. അറസ്റ്റു ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: