നീ എന്റെ പ്രിയപ്പെട്ട പ്രണയിനി…
എത്ര കാലം ആരോരുമറിയാതെ ആ ഹൃദയത്തേരില്‍ നീ എന്നെ വാഴിച്ചു. സൂര്യദേവനെപ്പോലെ ഏഴുകുതിരകളെ പൂട്ടിയ സ്വര്‍ണ രഥത്തില്‍ ഞാന്‍ നിന്റെ ചിന്തകളിലേക്ക്, നമ്മുടെ മാത്രം സ്വകാര്യതയിലേക്ക്, നിന്നിലേക്ക് ദിനവും സൂര്യപ്രഭയോടെ പറന്നിറങ്ങിയിരുന്നു. വാനം മുട്ടെ നീ കണ്ട സ്വപ്നങ്ങളും പേറി ആ സ്വര്‍ണ്ണത്തേരില്‍ നമ്മള് പറന്നുയര്‍ന്നു. ഇടയിലെപ്പോഴോ എന്റെ കടിഞ്ഞാണുകള്ക്കപ്പുറം നിന്റെ ചിന്തകള്‍ക്ക് ശക്തി വര്‍ധിച്ചുവെന്നു ഞാന്‍ തിരിച്ചറിഞ്ഞു. നിനക്ക് സ്വയം ചിറകുകള് മുളയ്ക്കുകയാണോ…? നിന്റെ സ്വപ്നങ്ങള്‍ സ്വയം പേറി നീ പറന്നുയരുന്നത് നിരാശനായി ഞാന്‍ നോക്കി നിന്നു.
എന്നത്തേയും പോലെ നിന്റെ വിശ്രമമില്ലാത്ത നീണ്ട ദിവസങ്ങളുടെ അവസാന യാമത്തിലെ നമ്മുടെ സംഗമത്തിനായി ഞാന്‍ കാത്തിരുന്നു. കണ്ണുതുറന്നു നീ സ്വപ്നം കണ്ടിരുന്ന ആ സമയത്തു നിന്റെ ചിന്തകളേക്കാള്‍ വേഗത്തില്‍ നിന്നിലേക്ക് പറന്നിറങ്ങുവാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. നീ ഉറങ്ങുന്നതുവരെ നിന്റെ സ്വപ്നങ്ങളുടെ പങ്കുപറ്റി നമ്മള് രമിച്ചുകൊണ്ടേയിരുന്നു, നിന്റെ വിനയേട്ടന്പോലുമറിയാതെ. എന്തെല്ലാം കഥകളായിരുന്നു, എന്തെല്ലാം സ്വപ്നങ്ങളായിരുന്നു നീയെന്നോട് പങ്കിട്ടത്.
ക്രമേണ നീയെന്നെ മറന്നുതുടങ്ങി. നിന്റെ ദിവസങ്ങളുടെ നീളം വീണ്ടും കൂടിയതുകൊണ്ടാവാം. എനിക്ക് മുന്‍പേ ഉറക്കം നിന്റെ നീണ്ട മിഴിയിണകളെ തഴുകി കടന്നുപോയിക്കഴിഞ്ഞിരുന്നു. ഞാന്‍ നിസ്സഹായനായി, നിരാശനായി മടങ്ങിക്കൊണ്ടേയിരുന്നു.
ഇന്നിതാ ഞാന്‍ വീണ്ടും അല്‍പ്പം നേരത്തെ തന്നെ എത്തിയിരിക്കുകയാണ്.
”താനുറങ്ങിയില്ലേ?”
വിനയേട്ടന്റെ ചോദ്യം അവളെ ചിന്തകളില്‍നിന്നുണര്‍ത്തി. ക്ഷീണം കണ്പോളകളുടെ ഭാരം കൂട്ടിയിരിക്കുന്നു. അവള് തിരിഞ്ഞു കിടന്നു.
വീണ്ടും ആ മ്യദു ശബ്ദം അവളുടെ കാതുകളില്‍ മുഴങ്ങി.
”നീ എന്നെ മറന്നുവോ? ഇത്ര പെട്ടെന്ന്? ഒരു നോക്ക് കാണുവാന്‍, കരുതലിന്റെ ഒരു വാക്ക് കേള്‍ക്കുവാന്‍, ഒന്നു തൊട്ടുരുമ്മിയിരിക്കുവാന് ഞാനെത്രനാളായി നിന്റെ പിന്നാലെ അലയുകയാണ്. എന്റെ നിരാശയുടെ ആഴം നീ കാണാതെ പോവുന്നതെന്തേ?”
അവള് അയാളുടെ വശ്യസൗന്ദര്യം ആസ്വദിച്ചുകൊണ്ട് കണ്ണുകള്‍ ചിമ്മിത്തുറന്നു.
അയാളുടെ വശീകരിക്കുന്ന കണ്ണുകളുടെ ആഴങ്ങളില്‍ അവളെത്തേടി. ചഞ്ചലമായ തന്റെ മനസിന്റെ പ്രതിരൂപം അവളെനോക്കി പരിഹാസത്തോടെ ചിരിച്ചുകൊണ്ടുപറഞ്ഞു:
”വല്ല്യ എന്തൊക്കെയോ ആണെന്നാ വിചാരം ല്ലേ…? അതൊക്കെ ശരിയാണോയെന്ന് ഒന്നുകൂടെ ആലോചിച്ചുനോക്ക്. നിന്റെപേര് ‘ദുര്‍ബല’ എന്നാക്കിയാലോ? അല്ലെങ്കില്‍ ‘ചഞ്ചല’ അല്ലെങ്കില്‍ ‘മൃദുല?’ ആരാണു നീ?”
”ആരാണ് നീ ….?”
ആ ചോദ്യം അവളുടെയുള്ളില്‍ അലകളലകളായി പ്രതിദ്ധ്വനിച്ചുകൊണ്ടേയിരുന്നു..
”ഞാന്‍ ആത്മജ… ആത്മാവില്‍ പിറവിയെടുത്തവള്‍, നിന്റെയും എന്റെയും ആത്മാവില്‍ ജനിച്ചവള്‍.” ദൃഢതയോടെ അവള് പറഞ്ഞു.
വിസ്മയത്തോടെ ആ സത്യം ഉള്‍ക്കൊണ്ടുകൊണ്ട് അവള് കണ്ണുകള്‍ ചിമ്മിയടച്ചു.
അയാള്‍ തുടരുകയാണ്….
”നമുക്കൊന്നിച്ചു ഈ സ്വര്‍ണ്ണത്തേരില്‍ നീലാകാശത്തിന്റെ വശ്യതയിലേക്കു ഒരിക്കല്‍ക്കൂടി പറന്നുയരണ്ടേ…?
ആലോലമാടുന്ന കടല്‍ത്തിരകള്‍ക്കുമീതെ ഓളങ്ങളുടെ താളത്തിനൊപ്പം രമിച്ചു രസിക്കാം..
ഈ പ്രപഞ്ച വിസ്മയങ്ങളില്‍ നമുക്കൊന്നിച്ചു മുങ്ങിപ്പൊങ്ങാം..
വേഗം വരൂ… ഞാന്‍ കാത്തുനില്‍ക്കുകയാണ് അക്ഷമയോടെ…”
അവള് പുലമ്പി… ”നീയെന്റെ പ്രണയദേവന്‍ ആയിരുന്നതുതന്നെ… പക്ഷേ ഞാന്‍ എന്റെ ജീവിതയാഥാര്ഥ്യങ്ങള്ക്കുവേണ്ടി നിന്നെ മനഃപൂര്‍വം മറന്നതാണ്.”
”ഇനി എന്നെത്തേടി വരരുത് ദയവുചെയ്ത്…” അവള് കെഞ്ചി
”ഇനി മേലാല്‍ ഞാന്‍ നിന്നില്‍ വശംവദയാകില്ല.”
”എനിക്കിന്നൊരു പ്രണയമേയുള്ളു അതെന്റെയീ പ്രിയപ്പെട്ട ജീവിതത്തോടാണ്. എന്റെ പ്രിയപ്പെട്ടവര്‍, എന്റെ ജീവന്റെ ജീവനായവര്‍, അവരെയെല്ലാം വിട്ട് ഞാനെങ്ങനെ നിന്റെകൂടെവരും?”
ഈര്‍ഷ്യ നിഴലിച്ച സ്വരത്തില്‍ അയാള്‍ പറഞ്ഞു
”നീയൊരു വിഡ്ഢിയാണ്, വിഡ്ഢിക്കുശ്മാണ്ടം..!
ഈ ജീവിതപ്രാരാബ്ധക്കടലിനെ ഇഴയടുപ്പം പോലുമില്ലാത്ത തോര്‍ത്തുമുണ്ടില്‍ കോരാന്‍ ശ്രമിക്കുന്നവള്‍… വിഡ്ഢി.”
”എങ്കിലും അവസാനമായി ഞാന്‍ വിളിക്കുകയാണ്, നിനക്കൊന്നു വീടിനു വെളിയില്‍ വന്നുകൂടെ? നിന്റെ സഞ്ചാരപഥങ്ങളില്‍ നിഴലുപോലെ എത്ര ദിവസമായി ഞാന്‍ പിന്തുടരുന്നു… ഞാനാദ്യം പറഞ്ഞ വാഗ്ദാനങ്ങള്‍ക്കല്ല, ഒന്നുതൊടുവാനു
ള്ള മോഹം… അതടക്കുവാന്‍ പറ്റുന്നില്ല… ഒരുസ്പര്‍ശം… അത്രമാത്രം മതി.”
അയാളുടെ ഹൃദ്യ സൗന്ദര്യത്തിനു മുന്പില് മുഖം തിരിച്ചുകൊണ്ട് അവള് സ്വയം പറഞ്ഞു
”ഞാന്‍ ചഞ്ചലയല്ല, മൃദുലയും…”
”ഇല്ല ഞാന്‍ വരില്ല… വരില്ല…”
നീരസം ദൃഢനിശ്ചയത്തിലേക്കും എതിര്ത്തുനില്പ്പിലേക്കും വഴിമാറി.
”നീ വരില്ല? നീ വരില്ല അല്ലെ…?”
അവന്റെ ഭാവപ്പകര്‍ച്ച തിരിച്ചറിഞ്ഞ അവള് പതര്‍ച്ചയോടെ ആ മുഖത്തേക്ക് നോക്കി.
ആ സുന്ദരമുഖം വികൃതമായിത്തുടങ്ങിയിരിക്കുന്നു… അഴകുറ്റ കണ്ണുകളും മൂക്കുമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു… അതാ… അതൊരു ഗോളമായി മാറിയിരിക്കുന്നു…!
ആ ഗോളത്തില്‍… അതെന്താണത്…? പൂച്ചെണ്ടുകളോ…? കതിരുകളോ…? മുനകൂര്‍ത്ത കുന്തങ്ങളോ? എന്താണത്…?
ആ തിരിച്ചറിവില്‍ അവള് ഞെട്ടിവിറങ്ങലിച്ചുപോയി… വൈറസ്…!
കൊറോണ….! ഹോ…!
”പോ ദുഷ്ടാ…ദൂരത്തുപോ…” അവള് അട്ടഹസിച്ചു.
അലറിവിളിച്ചു കരഞ്ഞു. ശബ്ദം പുറത്തുവരുന്നില്ല.
വിറങ്ങലിച്ചുപോയ ധൈര്യത്തെ സ്വരുക്കൂട്ടി സര്വ്വദംഷ്ട്രങ്ങളാലും അവളതിനെ തള്ളിമാറ്റി..
പ്ടും… അത് താഴെ വീണു…
അവളുടെ ഭയചകിതമായ കണ്ണുകള്‍ ഉടക്കിയത് തറയില്‍നിന്നും തപ്പിത്തടഞ്ഞെണീക്കുവാന് ശ്രമിക്കുന്ന ഒരു രൂപത്തിലാണ്. വിനയന് എന്നാണുപേരെങ്കിലും ദേഷ്യത്തിന്റെ മൂര്‍ത്തീരൂപമായി മാറിക്കഴിഞ്ഞിരുന്ന അയാളെനോക്കി നിസ്സഹായതയോടെ വിതുമ്പിക്കൊണ്ട് അവള്പറഞ്ഞു
”അത്…. ഞാന്‍…. കൊറോണ…
ഞാന്‍ സോപ്പിട്ടു കൈ കഴുകിയിട്ടുവരാം…”
അവള് വീണ്ടും ചഞ്ചലയായ മൃദുലയായി മാറിക്കഴിഞ്ഞിരുന്നു. അയാള്‍ വിനയാന്വിതനും…
സജി ശ്യാം
9447189333
പ്രതികരിക്കാൻ ഇവിടെ എഴുതുക: