കോഴിക്കോട്: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുടുംബശ്രീ അംഗങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ പദ്ധതി പ്രഹസനമാകുന്നതില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. ഉപാധികളില്ലാതെ എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും 500 രൂപ മുതല്‍ 20000 രൂപ വരെ ഒന്‍പത് ശതമാനം പലിശ സബ്സിഡിയില്‍ വായ്പ എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആവശ്യക്കാര്‍ മാര്‍ച്ച് 30നു മുമ്പ് എഡിഎസ് മുഖേന അപേക്ഷ സമര്‍പ്പിക്കുകയും 31ന് അതാത് ജില്ലാ മിഷനില്‍ അപേക്ഷകള്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കര്‍ശന നിയന്ത്രണങ്ങളാണ് ലോണ്‍ അനുവദിക്കുന്നതിനായി സ്വീകരിക്കുന്നത്. മുന്‍ വായ്പകള്‍ തിരിച്ചടയ്ക്കാത്തവര്‍ക്കും ഹാജര്‍ കുറവുള്ളവര്‍ക്കും വായ്പ നല്‍കില്ല എന്ന നിലപാടും ഇപ്പോള്‍ സ്വീകരി ക്കുന്നുണ്ട്. 5000 രൂപ മാത്രം സ്വന്തം റിസ്കില്‍ ബാങ്കില്‍ നേരിട്ട് അടച്ചു തീര്‍ക്കാവുന്ന രീതിയില്‍ ലോണ്‍ നല്‍കുകയാണ്. 12 അംഗങ്ങളുള്ള ഒരു യൂണിറ്റ് 2,40000 രൂപ ലോണ്‍ അപേക്ഷ നല്കിയപ്പോള് 80000 രൂപ മാത്രമാണ് പാസ്സാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നില പാടില് പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
വായ്പയുടെ പേരില്‍ കുടുംബശ്രീ അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന് ആരോപിച്ചു. ഉപാധികളില്ലാതെ എല്ലാ അംഗങ്ങള്‍ക്കും വായ്പ എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ചവരോട് മുന്‍ വായ്പകള്‍ തിരിച്ചടയ്ക്കാത്തവര്‍ക്കും ഹാജര്‍ കുറവുള്ളവര്‍ക്കും വായ്പ നല്‍കില്ല എന്ന് തുടങ്ങിയ ഉപാധികളാണ് മുന്നോട്ട് വെച്ചത്. ഇത് കുടുംബശ്രീ അംഗങ്ങളോടുള്ള വഞ്ചനയാണ്. കുടുംബശ്രീ യൂണിറ്റുകളോട് കാണിക്കുന്ന ക്രൂരത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താ വനയില്‍ ആവശ്യപ്പെട്ടു.
കുടുംബശ്രീക്കാരെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് പ്രസ്താവിച്ചു. ലോണ്‍ കൊടുക്കുമെന്ന് പ്രഖ്യാപിച്ച് മാനദണ്ഡങ്ങള്‍ അനുസരിച്ച് അപേക്ഷകള്‍ സ്വീകരിച്ചതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോയത് പാവപ്പെട്ട സ്ത്രീകളോട് കാണിക്കുന്ന വഞ്ചനയാണ്. ഈ വാഗ്ദാന ലംഘനത്തിനെതിരെ ജില്ലയില്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഡ്വ.വി.കെ. സജീവന് അറിയിച്ചു.
താമരശ്ശേരി: കുടുംബശ്രീ അംഗങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് വഞ്ചനയാ ണെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി അഭിപ്രായപ്പെട്ടു. ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ തിരിച്ചടവിന് മൊറൊട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് വന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ കേരള സര്‍ക്കാരിന്റെ വായ്പാ പദ്ധതികള്‍ പ്രഹസനമായി മാറുകയാണ്.
സംസ്ഥാനസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച സംഘടിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലക്കാര്‍ഡ് സ്ട്രൈക്ക് കാമ്പയിന്റെ ഭാഗമായി കട്ടിപ്പാറയില്‍ മഹിളാ മോര്‍ച്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
പഞ്ചായത്ത്തല പ്രതിഷേധ സായാഹ്നം ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു.
മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മല്ലികാ ലോഹിതാക്ഷന്, കട്ടിപ്പാറ ഗ്രാമപഞ്ചയത്ത് മെമ്പര്‍ വത്സല കനകദാസ്, നിതാഷദാസ്, കെ.എന്‍. മിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: