കൊറോണയും ലോക് ഡൗണും മൂലം പൂര്‍ണ്ണമായും സ്തംഭിച്ച സാമ്പത്തിക മേഖലയ്‌ക്ക് കുതിപ്പ് പകരാനും വളര്‍ച്ച ഉറപ്പാക്കാനും വീണ്ടും ആര്‍ബിഐ ഇടപെടുകയാണ്. ഇന്നലെ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ആര്‍ബിഐ ചെയ്തത്. 50,000 കോടി രൂപ, കൃഷി, വ്യവസായം, ഭവന നിര്‍മ്മാണം എന്നിവ പ്രോല്‍സാഹിപ്പിക്കാന്‍ നല്‍കി. ഈ തുക ദേശീയ കാര്‍ഷിക, ഗ്രാമവികസന ബാങ്ക്,ചെറുകിട വ്യവസായ വികസന ബാങ്ക്, ദേശീയ ഭവനനിര്‍മ്മാണ ബാങ്ക് എന്നിവയ്‌ക്ക് നല്‍കും. ഇത് വായ്‌പ്പകള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും മറ്റും വിനിയോഗിക്കുന്നതോടെ ഈ രംഗങ്ങള്‍ ഉണരും. ഇതിനു പുറമേ 50,000 കോടിയാണ് ബാങ്കുകള്‍ക്ക് ലഭ്യമാക്കുക. അവര്‍ ഈ പണം ചെറുകിട ബാങ്കതേര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും.
റിവേഴ്‌സ് റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ നിന്ന് 3.75 ശതമാനമാക്കിക്കുറച്ചു. മൂന്നു മാസം തുടര്‍ച്ചയായി അടവില്‍ കുടിശിക വരുത്തിയ വായ്‌പ്പകളെ നിഷ്‌ക്രിയ ആസ്ഥിയായി പരിഗണിക്കുന്ന വ്യവസ്ഥയില്‍ നിന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച വായ്‌പ്പകളെ ഒഴിവാക്കി. എല്‍സിആര്‍ (ലിക്യുഡിറ്റി കവറേജ് അനുപാതം) 100 ശതമാനത്തില്‍ നിന്ന് 80 ശതമാനമാക്കി കുറച്ചു. ബാങ്കുകളുടെ ലാഭവിഹിതം (ഡിവിഡന്റ്) നല്‍കല്‍ തത്ക്കാലം തടഞ്ഞു. ബാങ്കുകളുടെ കൈവശം കൂടുതല്‍ പണം ഉറപ്പിക്കാനാണിത്.
ഇന്ത്യ വളരും; 7.4 ശതമാനം
സാമ്പത്തിക മേഖല ചില രംഗങ്ങളില്‍ തകര്‍ന്നിരിക്കുകയാണ്. എന്നാല്‍ ചില മേഖലകളില്‍ ഇപ്പോഴും പ്രകാശമുണ്ട്. മുന്‍പുണ്ടായ, ആഗോള സാമ്പത്തിക മാന്ദ്യത്തേക്കാള്‍ മോശമായ മാന്ദ്യമാണ് 2020ല്‍ ലോകത്തെ കാത്തിരിക്കുന്നതെന്നാണ് ഐഎംഎഫ് വിലയിരുത്തിയിരിക്കുന്നത്. 9 ട്രില്ല്യന്‍ യുഎസ് ഡോളറിന്റെ നഷ്ടം ലോകത്തിന് ഉണ്ടാകുമെന്നാണ് ഐഎംഎഫ് കണക്കാക്കിയിരിക്കുന്നത്. മുഴുവന്‍ രാജ്യങ്ങളുടെയും വളര്‍ച്ച ഇടിയും. എന്നാല്‍ ഇന്ത്യ അടക്കമുള്ള ഏതാ
നും രാജ്യങ്ങള്‍ പോസിറ്റീവായ വളര്‍ച്ച കാണിക്കുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ച 1.9 ശതമാനമായിരിക്കും. ജി 20 രാജ്യങ്ങളിലെ ഏറ്റവും കൂടിയ വളര്‍ച്ച ഇന്ത്യയുടേതായിരിക്കും. എന്നാല്‍ 2021 – 2022 ആകുമ്പോഴേക്കും ഇന്ത്യയുടെ വളര്‍ച്ച 7.4 ശതമാനത്തില്‍ എത്തുമെന്നാണ് ഐഎംഎഫിന്റെ കണക്ക്.
കാര്‍ഷിക രംഗത്ത് രജത രേഖകള്‍
സാമ്പത്തിക തകര്‍ച്ചയുടെ’ഇരുളിലും പ്രകാശത്തിന്റെ രജത രേഖകള്‍ ഇന്ത്യയില്‍ കാണാനുണ്ട്. ഏപ്രില്‍ പത്തോടെ ഖാരീഫ് വിളകളുടെ, പ്രത്യേകിച്ച് നെല്ലിന്റെ, കൊയ്‌ത്ത് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 ശതമാനം വര്‍ദ്ധനയാണ് കാണിക്കുന്നത്. ലോക് ഡൗണിനു ശേഷവും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാന്‍ ആര്‍ബിഐ നിരവധി നടപടികള്‍ എടുത്തിരുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിടപാടുകള്‍ ഒട്ടും കുറഞ്ഞില്ല. എടിഎം വഴി 91 ശതമാനം ഇടപാടുകളും നടന്നു.
മാര്‍ച്ചില്‍ ജിഡിപിയുടെ (മൊത്തം ആഭ്യന്തര ഉല്പ്പാദനം) 3.2 ശതമാനം വരുന്ന തുകയാണ് ആര്‍ബിഐ വിപണിയിലേക്ക് എത്തിച്ചത്. ഇങ്ങനെ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 14 വരെയായി അധികമായി എത്തിയത് 4.36 ലക്ഷം കോടിയാണ്. ആവശ്യത്തിന് ലഭ്യമാക്കാന്‍ 1.2 ലക്ഷം കോടി രൂപയുടെ കറന്‍സി ബാങ്കുകളില്‍ എത്തിച്ചു.
അധിക നടപടി
ഇതിനു പുറമേയാണ് പുതിയ നടപടികള്‍. ബാങ്കു വായ്‌പ്പകള്‍ സുഗമമാക്കുക, സാമ്പത്തിക സമ്മര്‍ദ്ദം കുറയ്‌ക്കുക, വിപണികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടാനാണ് പുതിയ നടപടികള്‍.
പണലഭ്യതക്ക് 50,000 കോടി
കൊറോണ ചെറുകിട, ഇടത്തരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും ബാങ്കതേര ധനകാര്യ സ്ഥാപനങ്ങളുടെയും (എന്‍ബിഎഫ്‌സി) ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെയും (മൈക്രോ ഫിനാ
ന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) പണലഭ്യതയെ ബാധിച്ചു. ഇത് പരിഹരിക്കാന്‍ 50,000 കോടി സംഭരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്ന് വായ്‌പ്പയായി എടുത്തിട്ടുള്ള പണം (ദീര്‍ഘകാല റിപ്പോ പ്രവര്‍ത്തനം) ബോണ്ടുകളിലും (കടപ്പത്രം) ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുടെ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളിലും മുടക്കണം. ഇങ്ങനെ ബാങ്കുകള്‍ ചെലവിടുന്ന തുകയുടെ പകുതിയും ചെറുകിട, ഇടത്തരം ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുടെയും ഇടത്തരം ധനകാര്യ സ്ഥാപനങ്ങളുടെയും ഡിബഞ്ചറുകള്‍ വാങ്ങാന്‍ ഉപയോഗിക്കണം. ആര്‍ബിഐയില്‍ നിന്ന് പണം വായ്‌പ്പയായി എടുത്ത് ഒരു മാസത്തിനുള്ളില്‍ ഇവ വാങ്ങണം.
50,000 കോടി നബാര്‍ഡിനും മറ്റും
നബാര്‍ഡ്, സിഡ്ബി, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയെപ്പോലുള്ള ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൃഷി, ഗ്രാമീണ മേഖല, ചെറുകിട വ്യവസായം, ഭവന നിര്‍മ്മാണം തുടങ്ങിയ രംഗങ്ങളില്‍ വലിയ പങ്കുണ്ട്. ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ഇവ വിപണിയില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. അവയ്‌ക്ക് 50,000 കോടി നല്‍കും. അവയുമായി ബന്ധപ്പെട്ട മേഖലകളിലെ ആവശ്യക്കാര്‍ക്ക് വായ്‌പ്പ നല്‍കാന്‍ ഇത് ഉപയോഗിക്കാം. നബാര്‍ഡിന് 25,000 കോടി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: