മുത്തശ്ശി ലക്ഷ്മിയമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാന്‍ ദല്‍ഹിയില്‍ നിന്നും നാട്ടിലെത്തിയതാണ് പേരക്കുട്ടികളായ അപര്‍ണയും അനന്തുവും അഭിരാമിയും. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴാണ് തറവാട്ടിലേക്കുള്ള അവരുടെ വരവ്. നാട്ടിലെത്തിയാല്‍ മുത്തശ്ശിയെ മൂവരും വിടാതെ പിടികൂടും. ഓരോരോ സംശയങ്ങളുമായി. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല. മുത്തശ്ശി പറയുന്ന പഴംപുരാണത്തില്‍ പൊരുളുണ്ടെന്ന് അവര്‍ക്കറിയാം. അതിലോരോന്നിലും ജീവിതദര്‍ശനവും ആവോളമുണ്ടാവും. അതെല്ലാം മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ മൂവരും ഉമ്മറക്കോലായില്‍ മുത്തശ്ശിയുടെ അടുത്ത് വന്നിരുന്നു. അഭിരാമി മുത്തശ്ശിയുടെ നേര്യതിന്റെ തുമ്പെടുത്ത് വിരലുകള്‍ക്കിടയില്‍ തിരുകി. എന്താ എല്ലാരുടേയും മുഖത്ത് വല്യ ചോദ്യഭാവം. മുത്തശ്ശി തിരക്കി. അതേ മുത്തശ്ശി, രാവിലെ തന്നെ ഈ അപര്‍ണയും അനന്തുവും തമ്മില്‍ വല്യ തര്‍ക്കം. അഭിരാമി പറഞ്ഞു.
തര്‍ക്കമോ? എന്തിന്? മുത്തശ്ശി ചോദിച്ചു.
രാവിലെ മുറ്റമടിച്ച ശേഷം വെള്ളം തളിക്കുന്നതിനെക്കുറിച്ചായിരുന്നു. അതൊരു വിശ്വാസത്തിന്റെ ഭാഗമാണെന്ന് അപര്‍ണയും അതല്ല അതിലൊരു ശാസ്ത്രീയ വശമുണ്ടെന്ന് അനന്തുവും. പക്ഷേ രണ്ടുപേര്‍ക്കും തങ്ങളുടെ നിലപാട് സാധൂകരിക്കാന്‍ പറ്റുന്നില്ല. പ്രശ്നപരിഹാരത്തിനായിട്ടാണ് ഞങ്ങള്‍ ഇപ്പോള്‍ മുത്തശ്ശിയുടെ അടുത്ത് വന്നത്.
അതുകേട്ടപ്പോള്‍ മുത്തശ്ശി ചിരിച്ചു. എന്നിട്ട് പറഞ്ഞു. നമ്മള് പല കാര്യങ്ങളും ഇന്ന് പിന്തുടരുന്നത് വിശ്വാസത്തിന്റെ അല്ലെങ്കില്‍ ആചാരത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ്. ശാസ്ത്രീയത മാത്രം പറഞ്ഞാല്‍ നല്ല കാര്യങ്ങള്‍ പോലും പലരും ചെയ്തുവെന്ന് വരില്ല. മുറ്റം അടിച്ചുകഴിഞ്ഞാല്‍ തളിച്ചില്ലെങ്കില്‍ ഭൂമി ദേവിയുടെ കോപം ഉണ്ടാകും എന്നൊരു വിശ്വാസവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് പണ്ടുള്ളവര്‍ മുറ്റമടിച്ചാല്‍ തളിക്കുക എന്നത് ഒരു നിഷ്ഠപോലെ ചെയ്തുപോന്നത്.
ഇത്തരത്തില്‍ ഒരുപാട് വിശ്വാസങ്ങള്‍ പണ്ടുമുതലേ നില്‍ക്കുന്നില്ലേ മുത്തശ്ശി. അതേക്കുറിച്ചെല്ലാം ഞങ്ങള്‍ക്ക് പറഞ്ഞുതരുമോ? അപര്‍ണയുടേതായിരുന്നു ചോദ്യം.
അതിനെന്താ. അതൊക്കെ നിങ്ങളെപ്പോലുള്ള യുവതലമുറയും അറിഞ്ഞിരിക്കണം. കേവലം വിശ്വാസം എന്ന പേരില്‍ തള്ളിക്കളയുന്ന പല കാര്യങ്ങള്‍ക്ക് പിന്നിലും അതാത് കാലഘട്ടങ്ങളുമായി ബന്ധമുണ്ട്. അതിനൊക്കെ എത്രയെത്ര ഉദാഹരണങ്ങളുണ്ടെന്നോ?. മുത്തശ്ശി ആവേശത്തോടെ പറഞ്ഞു തുടങ്ങി.
എന്നാല്‍ പറഞ്ഞോളു മുത്തശ്ശി. കുട്ടികള്‍ മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
നമുക്ക് അടുക്കളക്കാര്യത്തില് തുടങ്ങാം. അടുക്കളയില്‍ ഏറ്റവും സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ട വസ്തുക്കളില്‍ ഒന്നാണ് കടുക്. ഈ കടുക് താഴെ വീണാല്‍ വീട്ടില്‍ കലഹം ഉണ്ടാകുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ?. മുത്തശ്ശി ചോദിച്ചു.
ഒരിക്കല്‍ കടുകിന്റെ കവര്‍ പൊട്ടിച്ചപ്പോള്‍ കുറച്ച് കടുക് താഴെ വീണിരുന്നു. അന്ന് അമ്മ അങ്ങനെ പറഞ്ഞതായി ഓര്‍മയുണ്ട്. അപര്‍ണ പറഞ്ഞു. ശ്രദ്ധയില്ല എന്ന് പറഞ്ഞ് ശകാരിക്കുകയും ചെയ്തു.
കടുക് എന്നത് തീരെ ചെറിയ ഒരു വസ്തുവാണ്. കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അത് തറയില്‍ വീണുപോയാലുള്ള കാര്യം പറയേണ്ടതില്ലല്ലോ?. വീണ്ടും അത് ശേഖരിക്കുക എന്നത് വളരെ പ്രയാസമാണ്. അപ്പോ ആര്‍ക്കാണോ കൈമോശം സംഭവിച്ചത് അയാള്‍ക്ക് ശകാരം ഉറപ്പല്ലേ. അതൊരു കലഹത്തിനും കാരണം ആകും. അന്ന് സുഭിക്ഷമായ സാഹചര്യം അല്ലല്ലോ വീടുകളില്‍. കടുക്, ഉപ്പ് ഇതൊക്കെ തറയില്‍ തൂവിപോയാല് അത് സാമ്പത്തിക നഷ്ടത്തിനും ഇടവരുത്തും. എത്ര നിസാര കാര്യമായാലും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന പാഠവും ഇതിലുണ്ട്.
ആരോഗ്യകാര്യ സംബന്ധമായും പഴമക്കാര്‍ ചില ചിട്ടകളൊക്കെ പുലര്‍ത്തിപ്പോന്നിരുന്നു. അതേക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ കുട്ടികളേ? മുത്തശ്ശി ചോദിച്ചു.
അതേ മുത്തശ്ശി ഈ അനന്തുവിന് ഒരു ശീലമുണ്ട്. അവന് രാവിലെ ഭക്ഷണം കഴിച്ചാല്‍ ഉടനേ കുളിക്കാനായി ഓടും. അന്നേരം അച്ഛന് പറയാറുണ്ട് അത് പാടില്ല എന്ന്. പക്ഷേ ആര് കേള്‍ക്കാന്‍. അപര്‍ണ പറഞ്ഞു.
തന്നെക്കുറിച്ചുള്ള പരാതി കേട്ടപ്പോള്‍ അനന്തുവിന്റെ മുഖം വാടി.
ആ പറയുന്നതില്‍ കാര്യമുണ്ട് അനന്തൂ. മുത്തശ്ശി പറഞ്ഞു. പണ്ട് കാലത്ത് ഇന്നത്തെപ്പോലെ കുളിമുറികളില്‍ ഒന്നുമായിരുന്നില്ലല്ലോ കുളി. തോട്ടിലോ കുളത്തിലോ പുഴയിലോ ഒക്കെയാവും വിശാലമായ കുളി. ആഹാരം കഴിഞ്ഞാലുടനെയുള്ള കുളി നമ്മുടെ ദഹനപ്രക്രിയയെ ബാധിക്കും. ദഹനപ്രക്രിയ വേഗത്തില്‍ നടക്കുന്നതിന് ശരീരത്തിന് ചൂട് ആവശ്യമാണ്. കുളിക്കുമ്പോള്‍ ശരീരം തണുക്കും. ഭക്ഷണം ദഹിക്കുന്നതിന് ആവശ്യമായ ചൂട് അപ്പോള്‍ ശരീരത്തില്‍ ഉണ്ടാകാതെ വരും. ദഹനപ്രക്രിയയ്ക്കും താമസം നേരിടും. അതുകൊണ്ടാണ് ഭക്ഷണം കഴിഞ്ഞാലുടന്‍ കുളി അരുത് എന്ന് പറഞ്ഞിരുന്നത്.
അതേപോലെ തന്നെ മറ്റൊന്നാണ് അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണം എന്നത്. അതും നമ്മുടെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്താഴം കഴിഞ്ഞാലുടന്‍ ഉറങ്ങാന്‍ കിടന്നാല്‍ ആഹാരം ദഹിക്കാതെ വരും. നടപ്പ് ഒരു വ്യായാമം ആയതിനാലും നടക്കുമ്പോള്‍ ശരീരം ചൂടാകും എന്നതിനാലും ആഹാരം വേഗത്തില്‍ ദഹിക്കാന്‍ അത് സഹായിക്കും.
ഉണര്‍ന്നെണീക്കുമ്പോള്‍ ഭൂമിയെ തൊട്ടുവന്ദിക്കണം എന്ന് കേട്ടിട്ടുണ്ട്. എന്തിനാണ് അങ്ങനെ ചെയ്യുന്നത്. മു്ത്തശ്ശിക്ക് അറിയാമോ അതിന്റെ കാരണം?. അഭിരാമി ചോദിച്ചു.
നമ്മുടെ ഒരു ദിനം പ്രാര്‍ത്ഥനയോടെ വേണം തുടങ്ങാന്‍. ജീവിതം നന്നായി മുന്നോട്ട് പോകാന്‍ വിദ്യാഗുണവും ധനവും ശക്തിയും എല്ലാം വേണം. അതിനാലാണ് ദിനാരംഭം സരസ്വതി, ലക്ഷ്മീ, പാര്‍വ്വതി ദേവിമാരെ വന്ദിച്ചുകൊണ്ടാവണം എന്ന് പറയുന്നത്. പ്രാര്‍ത്ഥനയ്ക്ക് ശേഷം ഭൂമിയെ തൊട്ട് വന്ദിച്ച് ശിരസ്സില്‍ വയ്ക്കണം. ഒരാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയാള്‍ക്കുള്ളില്‍ പൊട്ടന്‍ഷ്യല്‍ ഊര്‍ജ്ജവും ഉണരുന്ന വേളയില്‍ ഡൈനാമിക് ഊര്‍ജ്ജവുമാണ് നിറയുന്നത്. മലിനോര്ജ്ജമെന്നും ശുദ്ധോര്ജ്ജമെന്നും ഇവയെ യഥാക്രമം പറയാം. ഉണര്‍ന്നെണീക്കുമ്പോള്‍ പാദസ്പര്‍ശമാണ് ആദ്യം നടക്കുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ട് പ്രവഹിച്ച് ശരീരം ദുര്‍ബലപ്പെടും. കൈകൊണ്ട് ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ ശുദ്ധോര്‍ജ്ജം ശരീരത്തില്‍ വ്യാപിക്കും. അതുകൊണ്ടാണ് ഭൂമിയെ തൊട്ടുവന്ദിക്കണം എന്ന് പറഞ്ഞിരുന്നത്.
മുത്തശ്ശീ ലക്ഷ്മീ ദേവിയുടെ കാര്യം പറഞ്ഞപ്പോഴാണ് അപര്ണയ്ക്ക് ഒരുകാര്യം ഓര്‍മ്മ വന്നത്. പെണ്‍കുട്ടികള്‍ കാലില്‍ സ്വര്‍ണം അണിയരുത് എന്ന് പറയുന്നതിന് പിന്നില്‍ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ എന്നാണ് അവള്‍ക്ക് അറിയേണ്ടിയിരുന്നത്.
കാലില്‍ സ്വര്‍ണപാദസരം അണിയുന്നത് ഐശ്വര്യദേവതയായ ലക്ഷ്മി ദേവിയെ നിന്ദിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. ചൂടുള്ള ലോഹമാണ് സ്വര്‍ണ്ണം എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല കാലില്‍ സ്വര്‍ണം ധരിച്ചാല്‍ വാതസംബന്ധമായ രോഗങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് പറയുന്നത്. എന്നാലിന്ന് അത്തരം കാര്യങ്ങള്‍ക്കൊന്നും ആരും ചെവികൊടുക്കാറില്ല. ശരീരം മുഴുവന്‍ സ്വര്‍ണ്ണത്തില്‍ പൊതിയണമെന്നല്ലേ ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ആഗ്രഹം. മുത്തശ്ശി മൂക്കത്ത് വിരല്‍വച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
മുത്തശ്ശീ പെണ്‍കുട്ടികള്‍ കാലിന്മേല് കാല്‍കയറ്റി വച്ചുകൊണ്ട് ഇരിക്കരുത് എന്ന് പറയുന്നതില്‍ എ്ന്തെങ്കിലും അടിസ്ഥാനമുണ്ടോ?. ഈ അനന്തു സദാ സമയവും അങ്ങനെയേ ഇരിക്കൂ. പക്ഷേ ഞങ്ങള്‍ ഇരുന്നാല്‍ അമ്മ അപ്പോള്‍ തുടങ്ങും വഴക്കുപറയാന്‍. അഭിരാമിയുടെ വാക്കുകളില്‍ ദേഷ്യം നിറഞ്ഞു.
അമ്മ പറഞ്ഞതില്‍ കാര്യമുണ്ട് മോളേ. കാലിന്മേല് കാല്‍കയറ്റി ഇരിക്കുന്നത് സ്ത്രീസമത്വത്തിന്റെ ഭാഗമാണെന്നും ആണ്‍കുട്ടികള്‍ക്ക് ചെയ്യാമെങ്കില്‍ ഞങ്ങള്‍ക്കെന്തുകൊണ്ട് പാടില്ല എന്നൊക്കെ വേണമെങ്കില്‍ പറയാം. പണ്ടുകാലത്ത് അങ്ങനെയിരിക്കുന്ന പെണ്പിള്ളാരെ അഹങ്കാരികളായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ അത് അരുത് എന്ന് പറയുന്നതിനും ഒരു കാരണമുണ്ട്. ആരോഗ്യപരമായി നോക്കുമ്പോള്‍ ആ ഇരുപ്പ് സ്ത്രീകള്‍ക്ക് നന്നല്ല. സ്ഥിരമായി കാലിന്മേല് കാല് കയറ്റിയിരിക്കുന്നത് ഗര്‍ഭപാത്രത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആ രംഗത്ത് അറിവുള്ളവര്‍ പറയുന്നത്. അതല്ലാതെ പെണ്‍കുട്ടികളോട് വീട്ടുകാര്‍ക്ക് വേര്‍തിരിവ് ഉള്ളതുകൊണ്ടല്ല.
മുത്തശ്ശീ ഇതേപോല കുറേകാര്യങ്ങള്‍ ഇല്ലേ നിഴല്‍ നോക്കരുത്, ഉമ്മറപ്പടിമേല്‍ ഇരിക്കരുത്, മുടിയും നഖവും അലക്ഷ്യമായി എങ്ങും ഇടരുത്, എച്ചില് പാത്രങ്ങള്‍ രാത്രി കഴുകാതെ ഇടരുത്, ദൃഷ്ടിദോഷം ഉണ്ടാകാതിരിക്കാന്‍ ഉഴിഞ്ഞിടുക, കരിന്തിരി കത്തരുത് അങ്ങനങ്ങനെ കുറേ കാര്യങ്ങള്‍. അതേക്കുറിച്ചെല്ലാം ഞങ്ങള്‍ക്ക് പറഞ്ഞുതരുമോ? അനന്തു ചോദിച്ചു.
നീ ഇതേക്കുറിച്ചെല്ലാം കേട്ടിട്ടുണ്ടല്ലേ?. മിടുക്കന്. മുത്തശ്ശി അവനെ അഭിനന്ദിച്ചു.
ആദ്യം നിഴല്‍ നോക്കരുത് എന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് പറയാം. നിഴല്‍ നോക്കി മാനിന്റേയും പൂമ്പാറ്റയുടേയും ഒക്കെ നിഴല്‍ ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികള്‍ക്കൊക്കെ ഇഷ്ടമാണ്. അല്ലെ. എന്നാല്‍ ഈ നിഴല്‍രൂപങ്ങള്‍ കുട്ടികളെ ഭയപ്പെടുത്താനുള്ള സാധ്യതയുണ്ട്. അവ കുട്ടികളുടെ ഉപബോധമനസ്സില്‍ ഭയത്തിന്റെ നിഴലുകള്‍ വീഴ്ത്തിയേക്കാം. അതൊക്കെ പിന്നീട് പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്നതിനാലാണ് നിഴല്‍ നോക്കിയുള്ള കളിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
പിന്നൊന്ന് ഉമ്മറപ്പടിയില്‍ ഇരിക്കരുത് എന്നാണ്. നരസിഹം മൂര്‍ത്തി ഹിരണ്യകശിപുവിനെ നിഗ്രഹിച്ചത് എവിടെവച്ചാണെന്ന് അറിയില്ലേ. ഉമ്മറപ്പടിയില്‍ വച്ച്. എന്തുകൊണ്ടാണ് അങ്ങനെ. കാരണം ആകാശത്തോ ഭൂമിയിലോ വച്ചോ താന്‍ വധിക്കപ്പെടരുത് എന്നൊരു വരം ഹിരണ്യകശിപു നേടിയിരുന്നു. അതുകൊണ്ടാണ് ആകാശത്തും ഭൂമിയിലുമല്ലാത്ത ഇടമായിക്കണ്ട് ഉമ്മറപ്പടിയിന്മേല്‍ ഇരുന്ന് നരസിംഹമൂര്‍ത്തി ഹിരണ്യകശിപുവിനെ നിഗ്രഹിച്ചത്. അതാണ് ഐതിഹ്യം. എന്നാല്‍ ഉമ്മറപ്പടിയില്‍ നിന്നും പ്രസരിക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജമാണെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. വാതില്‍പ്പടിയില്‍ ഇരിക്കുന്ന ആളിന്റേ ശരീരത്തിലേക്കും ഈ നെഗറ്റീവ് ഊര്‍ജ്ജം പ്രവേശിക്കും. അതിനാലാണ് ഉമ്മറപ്പടിയില്‍ ഇരിക്കരുത് എന്ന് പറയുന്നത്.
നഖവും മുടിയും ശരീരത്തില്‍ നിന്ന് പോയാല്‍ പിന്നെ അശുദ്ധം എന്നാണ് പറയാറ്. നമ്മുടെ ശരീരത്തിലെ അംശങ്ങളാണ് ഇവ രണ്ടും. അതുകൊണ്ടുതന്നെ അലക്ഷ്യമായി വലിച്ചെറിയരുത്. പറമ്പിലും മറ്റും മേഞ്ഞുനടക്കുന്ന കന്നികാലികളുടെ വയറ്റില്‍ അവ അറിയാതെ പല്ലും മുടിയും എത്താന്‍ സാധ്യതയുണ്ട്. കന്നുകാലികള്‍ക്ക് ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും ഇത് കാരണമാകും.
പിന്നെ മുത്തശ്ശിയുടെ കാലത്ത് ഒരു വീട്ടില്‍ തന്നെ നിരവധി കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു. അടുക്കളയിലും മറ്റും പെരുമാറുന്ന പാത്രങ്ങളുടെ എണ്ണവും അപ്പോള്‍ കൂടുതലായിരിക്കും. അത്താഴം കഴിഞ്ഞ് പാത്രങ്ങള്‍ എല്ലാം കുന്നുകൂടും. എന്നാലും എച്ചില് പാത്രങ്ങള്‍ കഴുകുന്നത് പിറ്റേദിവസത്തേക്ക് മാറ്റി വയ്ക്കില്ല. രാത്രി തന്നെ കഴുകി വൃത്തിയാക്കും. എന്നാല്‍ ഇന്നോ?. ഉറക്കം എഴുന്നേറ്റ് വന്നാല്‍ കണികാണുന്നത് സിങ്ക് നിറഞ്ഞ് കിടക്കുന്ന എച്ചില് പാത്രങ്ങളല്ലേ?. സ്ത്രീകള്‍ക്കിന്ന് ജോലി ഭാരം കൂടുതലല്ലേ?. ഓഫീസില്‍ പോകുന്ന സ്ത്രീകള്‍ക്ക് രാത്രിയില്‍ കിട്ടുന്ന വിശ്രമമാണ് ഏക ആശ്വാസം. അങ്ങനെ വരുമ്പോള്‍ പല ജോലികളും പിറ്റേന്നത്തേക്ക് മാറ്റിവയ്ക്കുക സ്വാഭാവികം. എന്നാലും എച്ചില് പാത്രങ്ങള്‍ അന്നന്നുതന്നെ കഴുകുന്നതാണ് നല്ലത്. പാത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളില് ഇച്ചയും പാറ്റയും ഒക്കെ വന്നിരിക്കും. ഈ പ്രാണികളില്‍ നിന്ന് രോഗാണുക്കള്‍ മനുഷ്യരിലേക്കും എത്തും. വിവിധതരം അപകടകാരികളായ ബാക്ടീരിയകളും ഉണ്ടാകും. ഇതെല്ലാം രോഗങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടാണ് എച്ചില് പാത്രങ്ങള്‍ കഴുകാതെ കിടക്കരുത് എന്ന് പറയുന്നത്.
പിന്നെ കടുക് ഉഴിഞ്ഞിടുക എന്നത് പണ്ടുമുതലേ ചെയ്തുപോരുന്നതാണ്. ഇന്നുമുണ്ട്. ഏതെങ്കിലും വിശേഷ അവസരങ്ങളിലും അതേപോലെ കൂടുതല്‍ ആളുകള്‍ കൂടുന്നിടത്ത് പോയി വരുമ്പോഴൊക്കെയാണ് ദൃഷ്ടിദോഷം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാറുന്നതിനായി കടുകും ഉപ്പും മുളകും എടുത്ത് ഉഴിഞ്ഞിടുന്നത്. ശിരസ് മുതല്‍ പാദം വരെ മൂന്ന് വട്ടം ഉഴിഞ്ഞ് കത്തുന്ന അടുപ്പില്‍ ഇടുകയാണ് ചെയ്യുന്നത്. കടുകും മുളകും പൊട്ടി ഗന്ധം വായുവില്‍ പടരുമ്പോള്‍ ദൃഷ്ടിദോഷം മാറും എന്നാണ് വിശ്വാസം. അതൊരു തരത്തില്‍ മാനസിക ചികിത്സയാണ്. ദൂരയാത്രയോ അല്ലെങ്കില്‍ ഏതെങ്കിലും ചടങ്ങിലോ ഒക്കെ പങ്കെടുത്ത് വരുമ്പോള്‍ ക്ഷീണം തോന്നുക സ്വാഭാവികം. അത് ദൃഷ്ടിദോഷം കൊണ്ടാണെന്നും കടുക് ഉഴിഞ്ഞിടുമ്പോള്‍ അത് മാറി എന്ന് കരുതും. അത്രേയുള്ളൂ. മുത്തശ്ശി പറഞ്ഞു. അതേപോലെ ഒരു വിശ്വാസമാണ് നോക്കുകുത്തിയുണ്ടെങ്കില്‍ കരിങ്കണ്ണ് ഫലിക്കില്ല എന്നത്. അത് ഏറെക്കുറെ ശരിയുമാണ്. കൃഷിയിടങ്ങളിലും പുതിയ കെട്ടിടം പണിയുന്നിടത്തുമൊക്കെ നോക്കുകുത്തി വയ്ക്കുമ്പോള്‍ ആണുകളുടെ ശ്രദ്ധ അതിലേക്കാവും. സദാസമയം കൃഷിയിടങ്ങളിലും വീടുപണി നടക്കുന്നിടത്തും മേല്‍നോട്ടത്തിന് ആളില്ലാതെ വരുമ്പോള്‍ മോഷണത്തിനുള്ള സാധ്യതയുണ്ട്. ശ്രദ്ധ നോക്കുകുത്തിയിലാണെങ്കില് മോഷണം ഉണ്ടാകില്ല എന്നതിനാലാണ് നോക്കുകുത്തികള്‍ സ്ഥാപിക്കുന്നത്.
നമ്മുടെ പാടത്ത് ഇപ്പോഴും നോക്കുകുത്തിയുണ്ടല്ലേ മുത്തശ്ശി- അനന്തു ചോദിച്ചു.
ഉണ്ട്. നിങ്ങടെ അമ്മാവനല്ലേ ഇവിടെ കൃഷി കാര്യങ്ങള്‍ നോക്കുന്നത്. അവന് ആ പഴയ രീതികളൊന്നും ഇന്നും തെറ്റിക്കുന്നില്ല. മുത്തശ്ശി ചിരിയോടെ പറഞ്ഞു.
നമ്മുടെ ഈ തൊടിയിപ്പോള് കാണാന്‍ എന്തുരസമാണല്ലേ. നിറയെ പൂക്കളൊക്കെയായി. ഓണം ഇങ്ങെത്തിയതുകൊണ്ടാവും അല്ലെ. അഭിരാമി തൊടിയിലേക്ക് വിസ്മയത്തോടെ നോക്കി.
നമുക്ക് പൂക്കളമൊരുക്കാന് പ്രകൃതി സജ്ജമായി എന്നതിന്റെ സൂചനയാണത്. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് നിങ്ങള്‍ കേട്ടിട്ടില്ലേ? എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് അറിയാമോ? മൂവരോടുമായി മുത്തശ്ശി ചോദിച്ചു.
കാണം എന്നാല്‍ വസ്തു എന്നല്ലേ അര്‍ത്ഥം. ഓണം സമൃദ്ധിയുടെ ആഘോഷമല്ലേ. മഹാബലി വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ വരുമ്പോള്‍ ആരും ദുഖിതരാവരുത്. ഉള്ളത് വിറ്റിട്ടായാലും ഓണം സമൃദ്ധമാക്കണം. അങ്ങനല്ലേ മുത്തശ്ശി. അപര്‍ണ ചോദിച്ചു.
അങ്ങനേയും പറയാം. പക്ഷേ ഉള്ളതെല്ലാം വിറ്റ് ഓണം ആഘോഷിക്കണം എന്ന് അതിന് അര്‍ത്ഥമില്ല. ഓണത്തിന്റെ സമൃദ്ധിയെ സൂചിപ്പിക്കാന്‍ വേണ്ടി അങ്ങനെ പറയുന്നൂ എന്നേയുള്ളൂ. മുത്തശ്ശിയുടെ അഭിപ്രായം അതായിരുന്നു.
ഇതേപോലെ നിരവധി കാര്യങ്ങളുണ്ട്. നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട്. കുറേയൊക്കെ നിങ്ങള്‍ക്ക് മനസ്സിലായില്ലേ? മുത്തശ്ശി ചോദിച്ചു.
ഉവ്വ് മുത്തശ്ശീ. അനന്തുവാണ് ആദ്യം മറുപടി പറഞ്ഞത്.
എന്നാല്‍ ഇനിമുതല്‍ ഞങ്ങളെപ്പോലുള്ള മുത്തശ്ശിമാര്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും പൊരുള്‍ ഉണ്ടാകും എന്ന് മനസ്സിലാക്കാണം. അത് സ്വയം വിശകലനം ചെയ്യുകയും വേണം. എന്തുകൊണ്ടാവാം അത്തരത്തില്‍ പറഞ്ഞത്, എന്തെങ്കിലും ശാസ്ത്രീയ അടിത്തറ അതിനുണ്ടൊ എന്നൊക്കെ ചിന്തിക്കണം. നിങ്ങള്‍ പഠിപ്പുള്ള കുട്ടികളല്ലേ. കാര്യങ്ങള്‍ വേഗം കണ്ടെത്താനും മനസ്സിലാക്കാനും കഴിയും. ബുദ്ധിക്കും മനസ്സിനും കണ്ടെത്താനാവാത്തതായി എന്തെങ്കിലും ഉണ്ടോ?. കണ്ടെത്തിയ ഉത്തരങ്ങള്‍ക്ക് യുക്തി ഇല്ല എങ്കില്‍ അത് വിട്ടുകളയുക. തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും ആവണം അറിവ് ആര്‍ജ്ജിക്കേണ്ടത്. മുത്തശ്ശി പറഞ്ഞുനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: