തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ നിത്യശീവേലിക്ക് എഴുന്നള്ളിച്ചിരുന്ന കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ഉത്രാളിക്കാവ് ‘സീതാരാമന്’ എന്ന ആന ചരിഞ്ഞു. 65 വയസായിരുന്നു. രാവിലെ 9.30നു തേവരക്കാവ് കളപ്പുരക്കല്‍ ലൈനിലെ വീട്ടുപറമ്പില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാകാം മരണകാരണം.
ഇന്നലെ രാവിലെ 6.30ന് ക്ഷേത്രത്തില്‍ നടന്ന നിത്യ ശിവേലിക്കുശേഷം ആനയെ തീറ്റയെടുക്കാനായി തേവരക്കാവ് റോഡില്‍ കളപ്പുരക്കല്‍ ലൈനില്‍ കണിയാമ്പറമ്പ് മഠം വീട്ടില്‍ നാരായണസ്വാമിയുടെ വീട്ടുപറമ്പില്‍ കൊണ്ടുവന്നതായിരുന്നു. പറമ്പില്‍ നടന്ന് തീറ്റയെടുക്കുന്നതിനിടയില്‍ പെട്ടെന്ന് ശരീരം വിറയുകയും അടുത്തുള്ള മരത്തില്‍ ചാരി നില്‍ക്കുകയും ചെയ്തു. പരിഭ്രാന്തരായ പാപ്പാന്മാര് ഇതുകണ്ട് ആനയുടെ അടുത്ത് ഓടി എത്തിയെങ്കിലും ആന മസ്തകം നിലത്ത് കുത്തി മറിഞ്ഞു വീണ് ചരിഞ്ഞു. ഉടനെ പാപ്പാന്മാര് ക്ഷേത്രത്തിലെ ദേവസ്വം ഓഫീസര്‍ പി.ബി ബിജുവിനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ദേവസ്വം വെറ്റിനറി സര്ജന് ഡോക്ടര്‍ സുനില്‍കുമാര്‍ സ്ഥലത്തെത്തി ആനയെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. കോടനാട് വച്ച് നടത്തുന്ന പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
കൊച്ചി ദേവസ്വം ബോര്‍ഡ് അധികൃതര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരം അറിയിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ജനങ്ങളെ സബ് ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് ഇടപ്പെട്ട് നിയന്ത്രിക്കുകയും കൂടുതല്‍ പോലീസിനെ വിന്യസിച്ച് ജനത്തെ ഒഴിവാക്കുകയും ചെയ്തു. ആനയുടെ ജഡം പോസ്റ്റോര്ട്ടത്തിനായി കോടനാടേയ്ക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കോടനാട് വനമേഖലയില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: