ന്യൂദല്‍ഹി : ആഗോള വിപണിയിലെ നിലവിലെ താത്പ്പര്യങ്ങള്‍ കണക്കിലെടുത്ത് അന്താരാഷ്ട്ര കമ്പനികളില്‍ പലതും ചൈനയെ കൈയൊഴിയുന്നു. ചൈനയിലെ നിയന്ത്രിത സമ്പദ്വ്യവസ്ഥയും വിപണിയിലെ ഇടിവുമാണ് ഈ കമ്പനികളെ നിക്ഷേപം പിന്‍വലിപ്പിക്കാനായി പ്രേരിപ്പിക്കുന്നത്.
യുഎസ്- ചൈന വ്യാപാര യുദ്ധം ആരംഭിച്ചതോടെ നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ചൈനയില്‍ നിന്നുള്ള ഉത്പ്പാദനം നിര്‍ത്താന്‍ ആലോചിച്ചിരുന്നു. നിക്ഷപത്തിന് അനുകൂലസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ കമ്പനികള്‍ ഇന്ത്യന്‍ മണ്ണിലേക്ക് എത്തുന്നത്. ചൈനയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹൂണ്ടായി സ്റ്റീല്‍സ്, പോസ്കോ എന്നീ കമ്പനികള്‍ ചൈനയില്‍ നിന്നും അവരുടെ ഉത്പ്പാദനയൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇതോടൊപ്പം മറ്റ ചില സൗത്ത് കൊറിയന്‍ കമ്പനികളും ഇന്ത്യയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായാണ് സൂചന.
പോസ്കോ, ഹൂണ്ടായി സ്റ്റീല്‍സ് എന്നീ കമ്പനികള്‍ ആന്ധ്രാപ്രദേശില്‍ നിക്ഷേപം നടത്താന്‍ താത്പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാഹാമാരിയായ കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിക്ഷേപം വൈകുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. കമ്പനികള്‍ക്ക് നിക്ഷേപം നടത്തുന്നതിനായി ഏറ്റവും അനുകൂല അന്തരീക്ഷമുള്ളത് ഇന്ത്യയിലാണ്. കൊറോണ വൈറസ് വ്യാപനം ഇല്ലാതാകുന്നതോടെ ഇവയെല്ലാം ചൈനയെ വിട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തും.
ചൈനയില്‍ നിന്നും പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന ജാപ്പനീസ് കമ്പനികളെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ചെയര്മാന് ദീപക് പരേഖ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ കമ്പനികള്‍ മലേഷ്യ, തായ്ലാന്ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് തിരിയാതിരിക്കുന്നതിനും ഇന്ത്യയിലേക്ക് എത്തുകയാണെങ്കില്‍ വന്‍ നിക്ഷേപം നടത്തുമെന്നും ദീപക് പരേഖ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: