പത്തനംതിട്ട: ചരിത്രത്തിലാദ്യമായി ഇക്കുറി ശബരിമലയിൽ ഭക്തരില്ലാതെ അയ്യപ്പന് വിഷുക്കണി ദർശനം.മേടമാസ പൂജകൾക്കും വിഷുഉത്സവത്തിനുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 5ന് തുറക്കുമെങ്കിലും രാജ്യം ലോക്ഡൗണിൽ ആയതിനാൽ ഭക്തർക്ക് ദർശനത്തിന് പ്രവേശനമില്ല. 14ന് പുലർച്ചെയാണ് വിഷുക്കണി .
മേടമാസ പൂജകൾക്ക് തിങ്കൾ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. വിഷുക്കണി ദർശനത്തിന് ശേഷം പതിവ് അഭിഷേകം. തുടർന്ന് മണ്ഡപത്തിൽ ഗണപതിഹോമം. ഭക്തർക്ക് പ്രവേശനം ഇല്ലാത്ത സാഹചര്യത്തിൽ ചില ക്രമീകരണങ്ങളും ദേവസ്വം ബോർഡ് വരുത്തിയിട്ടുണ്ട്. പുലർച്ചെ നടതുറന്നാൽ ഉഷപൂജയും ഉച്ചപൂജ കഴിഞ്ഞ് രാവിലെ 10 മണിക്ക് നട അടയ്ക്കും. വൈകിട്ട് 5ന് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 7.15ന് അത്താഴപൂജയും കഴിഞ്ഞ് 7 .30 ന് ഹരിവരാസനം പാടി നട അടയ്ക്കും. നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിൽ പ്രത്യേക പൂജകളായ നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ടാകില്ല. 18ന് രാത്രി 7.30ന് ഹരിവരാസനം പാടി നട അടയ്ക്കും.
ദർശനത്തിന് ഭക്തർ എത്താത്ത സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വഴിപാടിന് ഓൺലൈൻബുക്കിങ് ഏർപ്പെടുത്തിയത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. 14 മുതൽ 18 വരെ ഭക്തർക്ക് ഓൺലൈനായി വഴിപാടുകൾ ബുക്ക് ചെയ്യാമെന്നാണ് ബോർഡിന്റെ അറിയിപ്പ്. നീരാഞ്ജനം, നെയ് വിളക്ക്, അഷ്ടോത്തരഅർച്ചന, സഹസ്രനാമാർച്ചന, സ്വയംവരാർച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതിഹോമം, ഭഗവതിസേവ എന്നിവയാണ് ഓൺ ലൈൻ വഴിപാടുകൾ. ഓൺലൈൻ കാണിക്ക അർപ്പിക്കുന്നതിനും, അന്നദാന സംഭാവന നൽകുന്നതിനുമുള്ള സൗകര്യം കൂടി പോർട്ടലിൽ ഉൾക്കൊള്ളിച്ച് വരുമാനം കൂട്ടാനാണ് ബോർഡിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: