ജി. പ്രഭ
എനിക്കുവേണ്ടി നീ ഒന്നും ചെയ്യേണ്ട. പക്ഷേ എന്നെ ഇങ്ങനെ ഞാനാക്കാതിരിക്കാനുള്ള ശ്രമമെങ്കിലും നീ ഉപേക്ഷിക്കരുതോ. ആ ഒരു ഔദാര്യമെങ്കിലും എനിക്ക് നീ തന്നേ മതിയാവൂ.
നീ വേണ്ടുവോളം എന്നില്‍ സ്വാതന്ത്ര്യം കൊണ്ടാടിയവനാണ്. എന്നെ അസ്വതന്ത്രയാക്കുവോളം. അതൊക്കെ ഞാന്‍ നിനക്ക് അനുവദിച്ചുതന്ന ഔദാര്യമല്ല. ഞാന്‍ എനിക്കായി രഹസ്യമായി ആഘോഷിച്ച അധികാരമായിരുന്നു; സന്തോഷമായിരുന്നു. അപ്പോഴും നീ കരുതിയത് നിന്റെ കാല്‍ച്ചുവട്ടിലാണ് ഞാനെന്നാണ്. അല്ലേയല്ല. എന്റെ ആഘോഷങ്ങളിലെ രഹസ്യങ്ങളില്‍ എന്നെ നിന്നെക്കൊണ്ട് കീഴ്പ്പെടുത്തേണ്ടത് എന്റെ ആവശ്യമായിരുന്നു, അതിനേക്കാള്‍ എനിക്ക് അത് ഒരാവേശവുമായിരുന്നു. നിയന്ത്രിക്കാന്‍ പോലുമാവാത്ത ആവേശം. അതുപോലും തിരിച്ചറിയാനുള്ള വിചാരം ഇല്ലാതെ പോയവനാണ് നീ.
ആണും പെണ്ണും ഒരുമിച്ച് ജീവിച്ചുതുടങ്ങുമ്പോള്‍ കണ്ടും കാണാതെയും പഠിക്കേണ്ട കീഴ്പ്പെടുത്തലുകളുടെ പാഠം, അധികാരത്തിന്റെയും അടിമത്വത്തിന്റെയുമാണെന്ന് ധരിച്ചുപോകുന്ന മീശപിരിയന്മാരായ ഭീരുക്കളുടെ മനോവിചാരം തന്നെയാണ് നിനക്കും. താടിയും മുടിയും നീണ്ട് നരനുരഞ്ഞിട്ടും കാലം നിനക്കുമുന്നില്‍ നിശ്ചലമായിപ്പോയല്ലോ! കാലത്തിന് മുമ്പേ കുതിക്കാന്‍ കൊതിക്കുന്നവര്‍ പിന്നാക്കം മടങ്ങുന്നത് അവര്‍പോലും അറിയുന്നില്ല. എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാതെ പോകാനേ അവര്ക്കാവതുള്ളൂ.
നിന്നോട് എനിക്ക് ഇഷ്ടം തോന്നിയത് ശരിയാണ്. നിനക്കൊപ്പം ഇറങ്ങിപ്പോന്നതും ശരി തന്നെ. അന്ന് നീ ആരുമായിരുന്നില്ല. പക്ഷേ എനിക്ക് നീ എല്ലാമായിരുന്നു. അതുപോലെ നിനക്ക് ഞാനും. അതിലൊന്നും ആരോരുമില്ലാത്ത എനിക്ക് ഒരു തെറ്റും കാണാനുമാവുന്നില്ല. ഇഷ്ടപ്പെട്ടിട്ടാണല്ലോ ഒന്നിച്ചുകൂടിയതും ജീവിച്ചുതുടങ്ങിയതും. അതുകൊണ്ട് നിന്റെ ഇഷ്ടങ്ങളെയെല്ലാം എന്റെ തലയില്‍ കോരിക്കയറ്റാമെന്ന് കരുതണ്ട. നിന്റെ ശരികളെയെല്ലാം എന്റെ ശരികളാക്കി ആണാകാമെന്ന വിചാരവും വേണ്ട. അങ്ങനെയായാല്‍ നാം തമ്മില്‍ എന്താണ് വ്യത്യാസം? എന്നുകരുതി തമ്മിലൊരു വ്യത്യാസത്തിനുവേണ്ടി ഞാന്‍ നിന്നില്‍നിന്ന് മാറിചിന്തിക്കുന്നുവെന്നല്ല. എനിക്ക് ഇതേ ആവൂ.
ഞാന്‍ നിന്റെ കരുതലുകളിലേക്ക് അതിക്രമിക്കുന്നില്ല. നിന്റെ വാക്കുകളെ ചോദ്യം ചെയ്യുന്നില്ല. എനിക്കുമേല്‍ നിനക്ക് ഉടലധികാരമുണ്ട്. ഞാന്‍ സമ്മതിക്കുന്നു. അത് സ്നേഹത്തിന്റേതാണ്. അധികാരത്തിന്റേതല്ല. അതുവഴിയുള്ള അടിമത്വത്തിന്റേതുമല്ല. അലൗകികമായ രതിശുദ്ധിയുടേതാണ്. സ്നേഹവാത്സല്യങ്ങളുടെ പൂമണമാണ് അതിന് വേണ്ടത്. പക്ഷേ അങ്ങനെയൊന്നുമല്ല നിന്റെ പക്ഷത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നെ നീ നിനക്കായി കീഴ്പ്പെടുത്തുന്നതില്‍ എനിക്ക് പരിഭവമില്ല. കാരണം അവിടെ ഞാനല്ല കീഴ്പ്പെടുന്നത്. എന്നെ രതിയുടെ സര്വജ്ഞപീഠമേറ്റാന് എനിക്കുവേണ്ടി കീഴ്പ്പെടുന്നത് നീയാണ്. ആ നിലയ്ക്ക് നിന്നോട് എനിക്ക് ഇഷ്ടമേയുള്ളൂ, കടുത്ത ഇഷ്ടം. പക്ഷേ കിടപ്പറയിലെ ആ വിധേയത്വത്തിന്റെ പിന്പുറംപറ്റിക്കൊണ്ട് ജീവിതത്തിന്റെ വഴിയോരങ്ങളില്‍ എനിക്കായി കാത്തുകിടക്കുന്ന സ്വാതന്ത്ര്യങ്ങളുടെ നേര്‍ക്ക് നിറയൊഴിക്കാമെന്ന് നീ കരുതരുത്.
ഒന്നിച്ച് ജീവിച്ചുതുടങ്ങുന്നതിനും മുമ്പ് ഞാന്‍ ആവശ്യപ്പെടാതെതന്നെ എന്റെ ഇഷ്ടങ്ങളോട് ചേര്ന്നുനിന്നവനാണ് നീ. എന്തിന് നീ നിന്റെ പേരുപോലും മാറ്റി; എന്നോടുള്ള പ്രണയം മൂത്ത്. എന്റെ പേരിലെ തായ്പ്പേരുകൂടി തിരുകിച്ചേര്‍ത്ത് നീ എനിക്കുവേണ്ടി ഒരു പുതിയ നീയായി എനിക്കുമുന്നില്‍ പ്രണയദാസനായി മുടി നീട്ടി നടന്നു. പിന്നീട് കാലത്തിന്റെ കറുത്ത കൈരേഖകള്‍ പോലെ നിന്റെ കറുത്ത താടിരോമങ്ങള്‍ എന്റെ നഗ്നതയ്ക്കുമേല്‍ വലപടര്ത്തി കിടന്നപ്പോള്‍ നീ അറിയാതെ പാടിയത് എന്റെ കവിതയായിരുന്നു. ഞാനെഴുതിയ എനിക്കേറെ ഇഷ്ടമുള്ള കവിത. ഇതൊന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടോ ആഗ്രഹിച്ചിട്ടോ ഇല്ല. എന്നില്‍ പ്രണയത്തിന്റെ ആഴങ്ങളിലേക്കുള്ള വഴി തീര്‍ക്കാന്‍ നീ കണ്ടെത്തിയ അത്തരം മസാലവഴികളോട് പലപ്പോഴും എനിക്ക് പുച്ഛം തോന്നിയിട്ടുണ്ടുതാനും. എങ്കിലും ഉന്മാദത്തിന്റെ വിവശതയില്‍ നീ എന്റെ കവിത ചൊല്ലി മയങ്ങുമ്പോള്‍ ഞാനും നിന്നേപ്പോലെയായിരുന്നു. ആനന്ദത്തിന്റെ ഉടലൊഴുക്കുകള് തീരം തേടിയല്ല ഒഴുകിയിരുന്നത്. മഹാമേരുക്കളിലെ നീലശൃംഗങ്ങള് തേടി ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു. അതൊരു വികാരമായിരുന്നില്ല. അബോധത്തിലെ ജീവിതം തന്നെയായിരുന്നു.
അന്ന് ഞാന്‍ പറഞ്ഞു, നീ ഇതിനെ നിന്റെ സറിയലിസ്റ്റിക് ചിത്രങ്ങളിലൊന്നായ് പുനര്‍ജീവിപ്പിക്കണമെന്ന്. നമ്മുടെ കിടപ്പും നിശ്വാസങ്ങളും നീലക്കൊടുമുടികളിലേക്കുള്ള സ്വകാര്യയാത്രയുമൊക്കെ ഇന്നും ഉന്മാദമുണര്‍ത്തുന്ന ഓര്‍മപോലെ ഒരു സറിയലിസ്റ്റിക് ചിത്രമായി എന്റെ മനസ്സിലുണ്ട്. ഓര്‍ത്തോര്‍ത്ത് ഇന്നും അതെല്ലാം ആസ്വദിക്കാറുമുണ്ട്; മൗനമായ ആഘോഷത്തോടെ. പക്ഷേ അത് എന്നില്‍ കവിതയാകുന്നേയില്ല. ഉന്മാദത്തിന്റെ ഓര്‍മകള്‍ സറിയലിസത്തിന്റെ സന്തതികളാവുമ്പോള്‍ കവിതയാകുന്നതെങ്ങനെ എന്ന ചോദ്യം അനര്‍ത്ഥമാണ്. അതുകൊണ്ട് അങ്ങനെയൊരു ചോദ്യം ഞാന്‍ ഉന്നയിക്കുന്നുമില്ല.
നീ പറയുമായിരുന്നുവല്ലോ അതിനുശേഷമാണ് നീ നിന്റെ കരിയറില്‍ നീ ആയതെന്ന്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നിലയും വിലയും കൂടിയതെന്ന്. ചിത്രങ്ങള്‍ക്ക് താഴെ നീ കോറിയിട്ട എന്റെ പേരും കൂടെ കൂട്ടിച്ചേര്‍ത്ത നിന്റെ കൈയ്യെഴുത്താണല്ലോ നിന്റെ ചിത്രങ്ങള്‍ക്ക് വില കല്പിക്കുന്നത്. ഇന്ന് നിന്റെ ചിത്രങ്ങള്‍ക്കല്ല വില; നീ അതില്‍ ചാര്‍ത്തുന്ന പുതിയ കൈയെഴുത്തുകളിലെ തിരിച്ചറിവിനാണ്! അത്രത്തോളം നീ വളര്‍ന്നിരിക്കുന്നു. ചിത്രങ്ങളെ അമൂല്യമാക്കുന്ന കൈയ്യെഴുത്തുകളെ സൃഷ്ടിക്കുന്നത് അതിനേക്കാള്‍ അമൂല്യമായ ചിത്രരചനയുടെ മുന്‍കാല തുടര്‍ച്ചയാണെന്ന് എനിക്ക് അറിയാതെയല്ല. എന്റെ ആത്മാംശമില്ലാതെ നിന്റെ പഴയ പേരില്‍ വാര്‍ന്നുവീണ കൈയ്യെഴുത്തിന് പരിഹാസ്യതയുടെ വില മാത്രമേ നിനക്ക് തന്നിരുന്നുള്ളൂവെന്നത് നീ മറന്നതുപോലെ. എന്നെക്കൂടി കൂട്ടിമെനഞ്ഞ ആ സറിയലിസ്റ്റിക് കൈയ്യെഴുത്ത് നീ പോലും അറിയാതെ നിന്നെ സറിയലിസ്റ്റുകള്ക്കിടയിലെ സറിയലിസ്റ്റാക്കി ഉയര്‍ത്തി. ‘ഞാനൊരു സറിയലിസ്റ്റാണ്. അതാണ് സറിയലിസ്റ്റുകളും ഞാനും തമ്മിലുള്ള വ്യത്യാസം’ എന്ന് സാല്‍വദോര്‍ ദാലി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ സത്യത്തെപ്പോലും ഞാന്‍ നിനക്കായി ആരും കേള്‍ക്കാതെ ഉരുവിട്ട് നടന്നു. എന്ത് ഫലം?
പണ്ടൊക്കെ സ്വയം തിരുത്താനും അതിനെയെല്ലാം തിരുകി ജീവിതമാക്കാതിരിക്കാനും നീയൊരു സറിയലിസ്റ്റായിരുന്നില്ല. അന്ന് നീ വെറും പ്രണയാതുരനായ കാമുകന്. വര്‍ണങ്ങളെ പ്രണയിനികളുടെ ഹൃദയത്തിലേക്കൊഴുക്കി സ്നേഹചായികകൊണ്ട് ചിത്രങ്ങള്‍ തീര്‍ത്തിരുന്ന നിശ്ശബ്ദ വര്ണപാലകന്. ഒരു റിയലിസ്റ്റ്! ആ നീയല്ല ഇന്ന്. അതില്‍ നിന്നെല്ലാം നീ മാറിയിരിക്കുന്നു.
അതിലൊന്നും എനിക്ക് പരിഭവമേയില്ല. നിന്നോടൊപ്പം കൂടിയതില്‍ പശ്ചാത്താപവുമില്ല. അതിനുവേണ്ടി ജീവിക്കാന്‍ ഞാന്‍ ഒരുമ്പെടുകയുമില്ല. അങ്ങനെയൊരു തോന്നല്‍ നമുക്കിടയിലെ ജീവിതത്തില്‍ വന്നുപെട്ടാല്‍ അപ്പോള്‍ ഞാന്‍, ഞാന്‍ മാത്രമുള്ള ജീവിതത്തിലേക്ക് മടങ്ങിപ്പോകും. നിനക്കറിയാമല്ലോ എന്നും ഞാന്‍ ഒറ്റയ്ക്കായിരുന്നു. അതിനുമുണ്ടായിരുന്നു ഒരു സുഖവും സുഖമില്ലായ്മയുമൊക്കെ. പ്രതീക്ഷയ്ക്കപ്പുറം പ്രതീക്ഷിക്കാന്‍ അന്ന് എനിക്കാവുമായിരുന്നു. പക്ഷേ നിനക്കൊപ്പമായപ്പോള് പ്രതീക്ഷയ്ക്കപ്പുറം ഒന്നുമില്ലാതായിരിക്കുന്നു. അച്ഛനമ്മമാരാകാത്ത ഭാര്യാഭര്ത്താക്കന്മാരാകാന് കൊതിച്ചത് തന്നെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും വേണ്ടിയുള്ള സ്വാതന്ത്ര്യത്തിനായിരുന്നു. അതുവഴി എനിക്ക് കവിതയിലേക്കും നിനക്ക് ചിത്രങ്ങളിലേക്കും ഒരിക്കലും ഒടുങ്ങാത്ത പ്രതീക്ഷകളുണര്‍ത്തി ജീവിക്കാനായിരുന്നു. പ്രതീക്ഷയ്ക്കപ്പുറം ഒന്നും സംഭവിക്കാത്ത ഇന്നത്തെ ജീവിതത്തിനുമുന്നില്‍ തോല്‍ക്കുന്നത് നീയും ഞാനുമല്ല. നിന്റെ ചിത്രങ്ങളും എന്റെ കവിതയുമാണ്.
ഞാന്‍ കുറ്റപ്പെടുത്തുന്നതല്ല. ഞാന്‍ അവിടെ ഗ്യാലറിയില്‍ അയാളുടെ ചിത്രങ്ങളെക്കുറിച്ച് നല്ലതല്ലാത്ത അഭിപ്രായം സ്വകാര്യമായി പറഞ്ഞപ്പോള്‍ തന്നെ നീ കുപിതനായി. നിന്റെ കണ്ണുകള്‍ ചുവന്നു. നരനുരഞ്ഞ നിന്റെ മീശയും താടിയുമെല്ലാം എണീറ്റ്് വിറയാര്ന്നതുപോലെ. എന്തൊരു ഈര്‍ഷ്യയോടെയായിരുന്നു നീ എന്നോട് ഏറ്റുമുട്ടിയത്. മൗനമായി. മൗനമായിട്ടാണെങ്കിലും നിന്റെ മുഖഭാഷയ്ക്ക് പാറയിടുക്കുകളില്‍ ആഞ്ഞടിക്കുന്ന കടല്‍ത്തിരകളുടെ ഊര്‍ജ്ജവും ഒച്ചയുമുണ്ടായിരുന്നു. അത് നീ പോലും അിറഞ്ഞിരുന്നുമില്ല. അതുകൊണ്ടാണല്ലോ നിന്റെ കൈയിലെ വൈന്‍ഗ്ലാസ് താഴെവീണ് ചിതറിയിട്ടും നീ അതൊന്നുമറിയാതെ എനിക്കുമാത്രം കേള്‍ക്കാനാവുന്ന മൗനരൗദ്രങ്ങള് കൊണ്ട് എന്നെ ക്രൂരമായി തലങ്ങും വിലങ്ങും തല്ലിക്കൊണ്ടിരുന്നത്. പിന്നെ അവള് വരേണ്ടിവന്നു നിന്നെ സാന്ത്വനിപ്പിക്കാന്‍. നിന്റെ മീശവിറയല് ശമിപ്പിക്കാന്‍. അതും എനിക്ക് ഇഷ്ടമായില്ലെന്ന് കൂട്ടിക്കോ. ഇതാദ്യമല്ലല്ലോ നിനക്ക് അവള് സാന്ത്വനമായി അവതരിക്കുന്നത്. എങ്കിലും നിന്റെയും അവളുടെയും സ്വാതന്ത്ര്യങ്ങളോട് എനിക്ക് ഈര്‍ഷ്യയില്ല. നമ്മള് അച്ഛനമ്മമാരാകില്ല എന്നുറച്ച ഭാര്യാഭര്ത്താക്കന്മാരല്ലേ?
അല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിനും പെണ്വിരുദ്ധതയ്ക്കുമെതിരെ വര്‍ത്തമാനം പറയുകയും സ്വന്തം ചിത്രങ്ങളിലൂടെ അവയ്ക്കെതിരെ കലാപത്തിന് ആവേശം നല്‍കുകയും ചെയ്യുന്ന നിനക്ക്, ഞാന്‍ ഒരാളെക്കുറിച്ച് അല്ല അയാളുടെ ചിത്രങ്ങളെക്കുറിച്ച് ഒരഭിപ്രായം പറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് അതിനെ അതിന്റേതായ വഴിക്കുവിട്ട് മാനിക്കാതിരുന്നത്? ഈ നീയാണോ മറ്റുള്ളവരുടെ അസഹിഷ്ണുതയെക്കുറിച്ച് വ്യാകുലപ്പെടുന്നത്? കഷ്ടം! എന്നോടുപോലും എന്റെ വാക്കുകളോടുപോലും ക്ഷമ കാട്ടാന്‍ കഴിവില്ലാത്ത നിനക്ക് അന്യന്റെ അക്ഷമയെക്കുറിച്ചും അസഹിഷ്ണുതയെക്കുറിച്ചും പരാതിപ്പെടാനും പ്രതിഷേധിക്കാനും എന്താണ് യോഗ്യത? ഇനിയെങ്കിലും നീ കാര്യങ്ങള്‍ മനസ്സിലാക്കണം. നിന്നെപ്പോലെ തന്നെയാണ് ഞാനും. ഒരു ചിത്രകാരനും ആക്ടിവിസ്റ്റുമായ കാമുകന് മാത്രമല്ല നീ എനിക്ക്. വെറും കവിതയെഴുത്തുകാരിയായ ഒരു കാമുകിയുമല്ല ഞാന്‍ നിനക്ക്. അതിലപ്പുറം നീ എന്റേതാണ്, ഞാന്‍ നിന്റേതാണ്. പക്ഷേ അതേക്കുറിച്ചൊന്നും നിനക്ക് ഓര്‍മയേ ഉണ്ടാവുന്നില്ല പലപ്പോഴും. പ്രത്യേകിച്ച് ചിത്രങ്ങളെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുമ്പോള്‍ നിനക്ക് കുപിതനാവാന് മാത്രമേ സാധിക്കുന്നുള്ളൂ. എനിക്ക് എന്റേതായ വാക്കുകളുണ്ട്; വിചാരവും ജീവിതവുമുണ്ട്. അതല്ലേ എനിക്ക് ഉപയോഗിക്കാനാവൂ. അത് നീ ഇഷ്ടപ്പെടണമെന്നോ സ്വീകരിക്കണമെന്നോ ഞാന്‍ ആവശ്യപ്പെടുന്നില്ല. പക്ഷേ അവയെ തച്ചുടച്ച് അകാലത്തില്‍ ചിതയെരിക്കുന്നതെന്തിന്? അത് എന്റെ ജീവിതത്തെ കൂടിയാണ് ചിതയിലേക്കെടുക്കുന്നത്.
നീ എത്രയോ ആവര്‍ത്തി എന്റെ കവിതകളെക്കുറിച്ച് ചീത്ത പറഞ്ഞിട്ടുണ്ട്. ഞാന്‍ ക്ഷമയോടെ കേട്ടിരുന്നതേയുള്ളൂ. അത് എന്റെ മനസില്‍ കവിത ഉള്ളതുകൊണ്ടാണെന്ന് പോലും നീ മനസ്സിലാക്കിയില്ല. പക്ഷേ നിന്റേതെന്നല്ല മറ്റുള്ളവരുടെ ചിത്രങ്ങളിലെ പൊള്ളത്തരങ്ങളെപ്പോലും എനിക്ക് പുറത്തെടുക്കാനോ നിന്നോട് പങ്കുവയ്ക്കാനോ ആവുന്നില്ലെന്നത് നിന്റെ മനസ്സില്‍ നിറങ്ങളുടെ നന്മ പോലും ശേഷിക്കുന്നില്ല എന്നല്ലേ വെളിവാക്കുന്നത്? നീ എന്റെ കവിതയെക്കുറിച്ചും ഞാന്‍ നിന്റെ ചിത്രങ്ങളെക്കുറിച്ചും ഒന്നും മിണ്ടാതായിട്ട് വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞതാണ്. വീണ്ടും നീ നിര്‍ബന്ധിച്ചു എന്നെ മൈക്കേല്അബ്ദുള്ശങ്കറിന്റെ ചിത്രങ്ങള്‍ കാണുന്നതിലേക്കായി. കണ്ടില്ലേ തുടക്കത്തിലേ കവിതയെയാണ് അയാള്‍ തന്റെ പ്രദര്ശനചിത്രങ്ങള്ക്ക് ഊര്‍ജ്ജമായി ചേര്‍ത്തിരിക്കുന്നത്. അതും ഞാന്‍ നിനക്കായ് ആരും കേള്‍ക്കാതെ ഉരുവിട്ടുനടന്ന ദാലിയുടെ കവിത ട്ടഞാന് ഒരു സറിയലിസ്റ്റാണ്. അതാണ് സറിയലിസ്റ്റുകളും ഞാനും തമ്മിലുള്ള വ്യത്യാസംട്ട ദാലിയുടെ വിഖ്യാതമായ ഈ ആത്മദര്‍ശനം കവിതയല്ലാതെ മറ്റെന്താണ്? ദാലിയുടെ എല്ലാ ചിത്രങ്ങളുടെയും രേഖപ്പെടുത്തലും ചര്‍ച്ചയുമാണ് ദാലി തന്നെ ഈ രണ്ടുവരി കവിതയിലൂടെ സാധിച്ചിരിക്കുന്നത്. കവിതയുടെ ശക്തിയാണിത്, സത്യസന്ധതയാണ്. അതിലുപരി സൗന്ദര്യവും. നീ നിന്റെ ജീവിതത്തിലും ഞാന്‍ എന്റെ ജീവിതത്തിലും കാമിക്കുന്നതും ആരാധിക്കുന്നതും ദാലിയുടെ ഈ വരികളിലെ നിറമില്ലാത്ത ആനന്ദത്തെ തന്നെയല്ലേ? പക്ഷേ മൈക്കേല്അബ്ദുള്ശങ്കറിന് അയാളുടെ ചിത്രങ്ങളിലൂടെ ദാലിയെ ഓര്‍ക്കാനുള്ള എന്ത് യോഗ്യതയാണുള്ളത്? അതൊന്നുമറിയാതെ നീ അന്ധത നടിച്ചു. കാലത്തിന് പിന്നിലൊളിച്ചു. എന്നോടുള്ള ഈര്ഷ്യയില് അറിയാതെയെന്നോണം നീ വൈന്‍ഗ്ലാസ് താഴെയെറിഞ്ഞുടച്ചു. കാഴ്ചക്കാര്ക്കിടയില് കാരണം മൂടി നീ മറ്റൊരു കാഴ്ചയൊരുക്കി ആണായി. കാഴ്ചക്കാര്‍ക്കുമുന്നില്‍ എന്നെ നിസ്സഹായയായ നിസ്സാരയായ ഒരു പെണ്ണുമാക്കി. വൈന്‍ഗ്ലാസിന്റെ ചില്ലുകള്‍ എന്റെ മനസ്സില്‍ കുത്തിക്കയറി. പുതിയ സറിയലിസ്റ്റ് ചിത്രങ്ങള്‍ക്ക് ചന്തം നല്‍കുന്നതും നോക്കി നീ രസിച്ചു. അപ്പോഴും ഞാനൊന്നും മിണ്ടിയില്ല. കവിതയെ കൂട്ടുപിടിച്ച് മൗനത്തിലാണ്ടു. ഇതിനായി ഇനിയങ്ങോട്ട് കവിതയും എനിക്ക് കൂട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. അവളുടെ കൂട്ട് ഉപേക്ഷിക്കാന്‍ എനിക്കാവില്ല. ആരോരുമില്ലാത്തപ്പോഴും എനിക്ക് കൂട്ട് അവളായിരുന്നു, ദാലിക്ക് നിറങ്ങളുടെ അമൂര്‍ത്തത പോലെ.
അല്ല, ഞാന്‍ എത്രയോ നേരമായി ഇങ്ങനെ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിനക്ക് ഇതിനൊന്നും മറുപടിയില്ലേ? അതോ ഞാന്‍ എന്റെ ചോദ്യങ്ങള്‍ക്കിടയില്‍ നിനക്ക് ഉത്തരം നല്‍കാനുള്ള സമയം നല്കിയില്ലെന്നാണോ? അങ്ങനെയൊന്നും നമുക്കിടയിലില്ല. നീ എത്രയോ തവണ എന്റെ കവിതയെക്കുറിച്ചും അതിലൂടെ എന്റെ അനാഥത്വത്തെക്കുറിച്ചുമെല്ലാം എന്നെ ചവുട്ടിമെതിച്ചിരിക്കുന്നു. അപ്പോഴൊക്കെ ഞാനും മിണ്ടാനാവാതെ കേട്ടിരുന്നതേയുള്ളൂ. ഇപ്പോള്‍ നീ ഒന്നും മിണ്ടാതെ എല്ലാം കേട്ട് എനിക്കൊപ്പം കൂടുന്നതുപോലെ. അതേടോ ദാലി പറയുമ്പോലെ ഞാനും ഒരു സറിയലിസ്റ്റാണ്, നീയും ഒരു സറിയലിസ്റ്റാണ്. അതുതന്നെയാണ് ഞാനും നീയും തമ്മിലുള്ള വ്യത്യാസവും. നമ്മളൊക്കെ പ്രസ്ഥാനവത്ക്കരണത്തിന്റെ ഭീമന് ചക്രങ്ങളിലെ സ്വകാര്യ അറകളില്‍ ഉരുണ്ടുകൂടി വട്ടം കറങ്ങുമ്പോള്‍ കാണുന്ന ലോകത്തെ മാത്രം കാണേണ്ടവരല്ല. അതിനപ്പുറം സ്വാതന്ത്ര്യത്തിന്റെ മൗലികതയുടെ വ്യത്യസ്ത ലോകങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവരാണ്. ഒരുപാടൊരുപാട് യാത്രകള്‍. ആ യാത്രകളില്‍ ഇനിയങ്ങോട്ട് നിന്നെ കൂട്ടാന്‍ എനിക്കാവില്ല. നമ്മള് തമ്മിലുള്ള വ്യത്യാസങ്ങളിലെ ചിന്തകളെപ്പോലും ക്ഷമാപൂര്‍വം സ്വീകരിക്കാനാവാത്ത നിന്റെ സഹനമില്ലായ്മയെ ഞാന്‍ എന്റെ സഹനം കൊണ്ട് തോല്പിക്കുന്നു. നിന്നില്‍ നിന്ന് വേറിട്ട് ഈ ലോകത്തോടൊപ്പം ജീവിക്കുക എന്നതും സഹനം തന്നെയാണ് എനിക്ക്. പക്ഷേ അവിടെ വാക്കിനും വിചാരത്തിനും കവിതയുടെ സ്വാതന്ത്ര്യമുണ്ട്.
നീ എന്താ ഒന്നും മിണ്ടാതെ ഇങ്ങനെ എനിക്ക് പിന്നാലെ അനുസരണയുള്ള കുട്ടിയെപ്പോലെ കാലൊച്ചപോലും കേള്‍പ്പിക്കാതെ നടക്കുന്നത്?
അവള് തിരിഞ്ഞുനോക്കി. മനസ്സിലല്ലാതെ അവള്‍ക്ക് അയാളെ മറ്റെങ്ങും കാണാനായില്ല. ഇത്രനേരം ഞാന്‍ ആരോടാണ് സംസാരിച്ചുകൊണ്ടിരുന്നത്? കേള്‍ക്കാന്‍ ആളില്ലാതെയാണോ ഞാന്‍ ഇത്രത്തോളം വാചാലയായത്? എന്റെ വാക്കുകളെ വ്യര്‍ത്ഥമായ പുലമ്പലാക്കി അതിനെയും അനാഥത്വത്തിലേക്ക് എടുത്തെറിഞ്ഞ് എനിക്ക് മുന്നേ നീ എന്നെ സമര്‍ത്ഥമായി ഉപേക്ഷിച്ച് എങ്ങോട്ടാണ് മറഞ്ഞത്? ആരോട് ചോദിക്കാന്‍? അയാള്‍ അവളുടെ ഓര്‍മയില്‍ ഒരു സറിയലിസ്റ്റ് ചിത്രം പോലെ കവിതയായി പെയ്തിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: