കൊല്ലം: വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് ശിക്ഷാനടപടിയായി സ്ഥാനക്കയറ്റം. കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ റൈറ്റര്‍ ആയിരുന്ന ഷിലുവിനാണ് അതേ ഓഫീസില്‍ തന്നെ പ്രിവന്റീവ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.
ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളില്‍ ക്രമക്കേടുകളും അഴിമതിയും നടക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഈ ഓഫീസുകളില്‍ ഒരേസമയം മാര്‍ച്ച് 23ന് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കൊട്ടാരക്കര സര്‍ക്കിള്‍ ഓഫീസില്‍ ക്രമക്കേട് കണ്ടെത്തുകയും ഇപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ച ഷിലുവില് നിന്നും രേഖകളില്ലാത്ത പതിനെണ്ണായിരം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ശുപാര്‍ശയും സമര്‍പ്പിച്ചിരുന്നു. നടപടിയായി ഷിലുവിന് ലഭിച്ചതാകട്ടെ അതേ ഓഫീസില്‍ തന്നെ പ്രിവന്റീവ് ഓഫീസറായി സ്ഥാനക്കയറ്റം. സ്ഥാനക്കയറ്റത്തിനു വേണ്ടി ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇയാള്‍ മുക്കിയതായാണ് വിവരം. മുമ്പും ഇയാളില്‍ നിന്നും ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥ സംഘടനയിലെ സംസ്ഥാന കമ്മിറ്റി അംഗം എന്ന ബലവും എക്സൈസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഇയാളുടെ വഴിവിട്ട ബന്ധവും ഉപയോഗിച്ച് ശിക്ഷാ നടപടികളില്‍ നിന്നു രക്ഷപെടുന്നത് പതിവാണ്. ഇതു തന്നെയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന സ്ഥാനക്കയറ്റത്തിലും സംഭവിച്ചിരിക്കുന്നത്.
മാര്‍ച്ച് 27 നാണ് സ്ഥാനക്കയറ്റം സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് നടന്നു വരുന്ന ലോക് ഡൗണിന്റെ മറവില്‍ വളരെ രഹസ്യമായിട്ടാണ് സ്ഥാനക്കയറ്റ ഉത്തരവ് എക്സൈസ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: