അന്നമയകോശവിചാരം തുടരുന്നു
ശ്ലോകം 161
അത്രാത്മബുദ്ധിം ത്യജ മൂഢബുദ്ധേ
ത്വങ്മാംസമേദോളസ്ഥിപുരീഷ രാശൗ
സര്‍വ്വാത്മനി ബ്രഹ്മണി നിര്വികല്പേ
കുരുഷ്വ ശാന്തിം പരമാം ഭജസ്വ
മൂഢനായവനേ ശരീരത്തിലെ ആത്മബുദ്ധിയെ വെടിയൂ. തൊലി, മാംസം, കൊഴുപ്പ്, അസ്ഥി, മലം എന്നിവയുടെ മാറാപ്പാണത്. അതില്‍ ഞാന്‍ എന്ന അഭിമാനം വേണ്ട. സര്‍വാത്മകമായ നിര്വികല്പ ബ്രഹ്മമാണ് ഞാന്‍ എന്നറിഞ്ഞ് പത്മശാന്തിയെ നേടൂ.
അനാത്മ വസ്തുവായ ദേഹത്തില്‍ ഞാന്‍ എന്ന് അഭിമാനിക്കുന്നത് നിര്‍ത്തൂവെന്നാണ് ഇവിടെ പറയുന്നത്. എന്നിട്ട് താന്‍ പരമാത്മാവാണെന്ന് ഉറപ്പിക്കണം. എന്നാലേ പരമശാന്തി കൈരിക്കാന്‍ കഴിയുകയുള്ളൂ.
ഞാന്‍ ദേഹമാണ് എന്ന മിഥ്യാഭിമാനത്തെ മാത്രമാണ് നാം വെടിയേണ്ടത്.അനാത്മ വസ്തുക്കള്‍ എന്തൊക്കെയുണ്ടോ അവയിലുള്ള ആസക്തി വെടിയണം. ഞാന്‍ ദേഹമാണെന്ന് കരുതുമ്പോള്‍ അതുമായി ബന്ധപ്പെട്ടതെല്ലാം പ്രിയപ്പെട്ടതാകും.ഇത് അനര്‍ഥങ്ങള്‍ക്ക് വഴിവെയ്ക്കും. അതിനാല്‍ ദേഹാഭിമാനം വെടിയുക തന്നെ വേണം. നമ്മുടെ ആസക്തിയെ നികൃഷ്ടമായ അനാത്മാക്കളില്‍ നിന്നും ഉയര്‍ത്തി ആത്മതത്വത്തിലേക്ക് എത്തിക്കണം. അതാണ് എല്ലാറ്റിന്റെയും ആധാരമായിരിക്കുന്നത്. അവിടെയാണ് എല്ലാം മറന്ന് രമിക്കേണ്ടത്. അപ്പോഴാണ് പരമശാന്തിയെ ലഭിക്കുക.
ശ്ലോകം 162
ദേഹേന്ദ്രിയാദാവസതി ഭ്രമോദിതാ
വിദ്വാനഹന്താം ന ജഹാതിയാവത്
താവന്ന തസ്യാസ്തി വിമുക്തി വാര്‍ത്താ –
പ്യസ്ത്വേഷ വേദാന്തനയാന്തദര്‍ശീ
വിദ്വാനായ ആളോ വേദാന്തത്തിന്റെ മറുകര കണ്ട പണ്ഡിതനോ ആയാലും അസത്തായ ദേഹേന്ദ്രിയങ്ങളില്‍ അഹംഭാവം വച്ചിരുന്നാല്‍ അയാള്‍ക്ക് മുക്തിയെക്കുറിച്ച് കേള്‍ക്കാന്‍ പോലും കഴിയില്ല.
എത്ര വലിയ കേമനായ ആളായാലും അസത് വസ്തുക്കളായ ദേഹം ഇന്ദ്രിയങ്ങള്‍ മുതലയാവ യില്‍ ഞാന്‍ എന്ന ഭാവം വച്ചിരുന്നാല്‍ അയാള്‍ക്ക് മുക്തി കിട്ടില്ല. മുക്തിയെക്കുറിച്ച് കേള്‍ക്കാന്‍ പോലുമാകില്ല.പിന്നെയല്ലേ മുക്തിയെ അനുഭവിക്കാന്‍ കഴിയുക !
സമൂഹത്തിലെ വളരെ കുറച്ച് പേര് മാത്രമാണ് ആദ്ധ്യാത്മിക മേഖലയിലേക്ക് കടന്നു വരുന്നത്. വളരെയധികം ആളുകളെ നമുക്ക് ആരാധനാലയങ്ങളിലും മറ്റും കാണാമെങ്കിലും അവര്‍ അവിടെ വരുന്നത് തങ്ങളുടെ സുഖജീവിതം ഉറപ്പ് വരുത്താന്‍ വേണ്ടിയാണ്. അവരുടെ പ്രാര്‍ത്ഥനകളും വഴിപാടുകളുമൊക്കെ മിക്കവാറും അതിന് വേണ്ടി മാത്രമായിരിക്കും.
അവരില്‍ ചിലര്‍ ഭക്തിയോടെ ഭജിക്കുന്നവരുമുണ്ടാകും.എന്നാല്‍ താന്‍ ആരാധിക്കുന്ന ദേവതയെക്കുറിച്ചോ അതിന്റെ തത്ത്വത്തെ അറിയുന്നതിനോ പ്രയത്നിക്കുന്നവര്‍ വളരെ കുറവാണ്. സത്സംഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ എത്രയുണ്ടാകും.അവരില്‍ കൂടുതല്‍ പേരും ഭജന കീര്‍ത്തനങ്ങള്‍ പാടാനും കഥകള്‍ കേള്‍ക്കാനും മാത്രം കഴിയുന്നവരാകും. തത്ത്വചിന്താപരമായ കാര്യങ്ങള്‍ വന്നാല്‍ ഒന്നുകില്‍ ഉറങ്ങിപ്പോകും, അല്ലെങ്കില്‍ ഇറങ്ങിപ്പോകും.
പല പല രംഗങ്ങളിന്‍ കഴിവ് തെളിയിച്ച പ്രഗല്ഭരായ ആളുകള്‍ നിരവധിയുണ്ട്. പക്ഷേ അവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും ആദ്ധ്യാത്മികത തൊട്ടു തീണ്ടിയിട്ടില്ല. ആദ്ധ്യാത്മിക രംഗത്ത് ശ്രുതിയും സ്മൃതിയും ഇതിഹാസ, പുരാണങ്ങളുമുള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളുണ്ട്. അവ പഠിക്കാന്‍ സാധിക്കുന്നവരുടേയും യോഗ്യതയുള്ളവരുടെയും എണ്ണം കുറവാണ്. ഇനി അത് പഠിച്ച് വലിയ ശാസ്ത്രജ്ഞാനമൊക്കെ നേടുന്നവര്‍ വളരെ വിരളം.പ്രത്യേകിച്ചും അറിവിന്റെ ഏറ്റവും ഉയര്‍ന്ന തലമായ വേദാന്ത ജ്ഞാനം സ്വായത്തമാക്കിയവര്‍. പക്ഷേ എത്ര അറിവ് നേടിയാലും ദേഹാസക്തി വിടാത്തവരുടെ കാര്യം കഷ്ടമാണ്.
അവരുടെ അറിവ് വേണ്ടവിധത്തില്‍ പ്രയോജനപ്പെട്ടിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. അനാത്മ വസ്തുക്കളായ ശരീരമുള്‍പ്പടെയുള്ളവയില്‍ വലിയ പണ്ഡിതന്മാര് പോലും ഭ്രമിച്ചു പോകുന്നു.
വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ക്കെല്ലാം മനുഷ്യ ശരീരത്തിന്റെ നികൃഷ്ടതയും നിസ്സാരതയുമൊക്കെ നേരിട്ട് ബോധ്യപ്പെടാറുണ്ട്. പക്ഷേ ഡോക്ടര്‍മാരും വൈദ്യന്മാരും പോലും ദേഹാസക്തിയോടെയാണ് ജീവിക്കുന്നത്. ഇതാണ് ഭ്രമം. അജ്ഞാനം നീങ്ങാത്തിടത്തോളം കാലം ഈ വിഭ്രാന്തി മാറില്ല. അസദ് വസ്തുക്കളില്‍ ആസക്തിയുള്ളിടത്തോളം കാലം മുക്തിയെന്തെന്ന് അറിയാന്‍ പോലും കഴിയില്ല. ദേഹത്തെ വെടിയണം എന്നല്ല ഇവിടെ പറയുന്നത്.
ദേഹവുമായുള്ള താദാത്മ്യ ഭാവത്തെയാണ് വെടിയേണ്ടത്. ദേഹം ആത്മാവാണെന്ന തോന്നല്‍ നിലനില്‍ക്കുന്നിടത്തോളം കാലം മുക്തിയെക്കുറിച്ച് അറിയാനാവില്ല. ദേഹാഭിമാനിക്ക് ആത്മാനുഭൂതി ഉണ്ടാകുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: