കോഴിക്കോട്: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായി മൂഴിക്കല്‍, വേങ്ങേരി, തടമ്പാട്ടുതാഴം, ചെലവൂര്‍ എന്നിവിടങ്ങളിലെ 31 ഓളം കടകളില്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാരികള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് നോട്ടീസ് നല്‍കിയതായി സിറ്റി റേഷനിംഗ് ഓഫീസര്‍മാര്‍ അറിയിച്ചു.
ചില്ലറ വ്യാപാരികള്‍ മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ ബില്ല് കൃത്യമായി സൂക്ഷിച്ച് പരിശോധനാ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കണം. പരിശോധനാ സ്ക്വാഡിന് സൗത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍, നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ എന്നിവര്‍ നേതൃത്വം നല്കി. റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന നടത്തും.
പുല്ലാളൂര്‍, കുരുവട്ടൂര്‍, പാലത്ത്, കുമാരസ്വാമി, ചെറുകുളം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്പെക്ടര്‍മാരും പരിശോധന നടത്തിവില്പന വില പ്രദര്‍ശിപ്പിക്കാത്തതും അമിത വില ഈടാക്കിയതുമായ വ്യാപാരികള്‍ക്ക് നോട്ടീസ് നല്കി.
താരതമ്യേന കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും പുതുക്കിയ നിരക്ക് വിലവിവര പട്ടികകളില്‍ രേഖപ്പെടുത്തുകയും ചെയ്തു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ. എന്‍.കെ, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ. ബാലകൃഷ്ണന്, കെ. ബി. സരിത എന്നിവര്‍ പങ്കെടുത്തു.
വടകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്ക്വാഡ് കാവില്‍ റോഡ്, കുന്നത്തുകര, ചെരണ്ടത്തൂര്‍, തോടന്നൂര്‍, ചെമ്മരത്തൂര്‍, കോട്ടപ്പള്ളി, മേമുണ്ട, ഗവ ആശുപത്രി പരിസരം, കോറോത്ത് റോഡ്, കുഞ്ഞിപ്പള്ളി, അഴിയൂര്‍, മാഹി റെയില്‍വെ സ്റ്റേഷന്, സെന്‍ട്രല്‍ മുക്കാളി എന്നീ സ്ഥലങ്ങളിലെ കടകളില്‍ പരിശോധന നടത്തി. അമിത വില ഈടാക്കി കച്ചവടം നടത്തിയ സെന്‍ട്രല്‍ മുക്കാളിയിലെ ഒഎം ചിക്കണ്‍ സ്റ്റാള്‍ അടപ്പിച്ചു. പിന്നീട് വ്യാപാരിയുമായി ചര്‍ച്ച ചെയ്ത് വില 120 രൂപയാക്കി കുറയ്ക്കാമെന്ന വ്യവസ്ഥയില്‍ കട തുറക്കാന്‍ അനുവദിച്ചു.
കണ്ണൂക്കര, മുക്കാളി, അഴിയൂര്‍, കുഞ്ഞിപ്പള്ളി, കോറോത്ത് റോഡ് എന്നിവിടങ്ങളിലെ ചിക്കണ്‍ കടക്കാര് ഒന്നാകെ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തി. ഇവിടങ്ങളിലും വില 120 രൂപയാക്കി നിജപ്പെടുത്തി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെ കട തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: