ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചും പിന്തുണച്ചും കേന്ദ്രസര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുനീക്കവും ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള യാത്രയും അവശ്യസര്വീസാണെന്നു കേന്ദ്രസര്‍ക്കാര്‍. ചരക്കുനീക്കത്തിനു ചികിത്സായാത്രകള്ക്കും പ്രഥമപരിഗണന നല്കാന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ കര്‍ണാടക തീരുമാനിച്ചിരുന്നു. ഇതോടെ, ചരക്കു നീക്കം തടസ്സപ്പെടുത്തി അതിര്‍ത്തിയിലെ മിക്കറോഡുകളും മണ്ണിട്ട് മൂടുകയും ചെയ്തു. ഇതോടെ അവശ്യ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോകാന്‍ സാധിക്കാതെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ദുരിതത്തില്‍ ആവുകയും ചെയ്തു. മംഗലാപുരത്തേക്ക് ഡയാലിസിസ് അടക്കം ആവശ്യങ്ങള്‍ക്കും പോകുന്ന ജനങ്ങളും ദുരിതത്തിലായി. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഒപ്പം, കേരള ചീഫ് സെക്രട്ടറി ടോം ജോസ് കര്‍ണാടക ചീഫ് സെക്രട്ടറിയുമായി ഫോണിലൂടെയും ചര്‍ച്ച നടത്തി. എന്നാല്‍, ഉറപ്പു ലഭിച്ചതല്ലാതെ കാര്യമായ നടപടി ഉണ്ടായില്ല. ഇതോടെയാണു കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യമായത് എല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
നേരത്തേ, കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മാക്കൂട്ടത്ത് അതിര്‍ത്തിയില്‍ അവശ്യ സാധനങ്ങളുമായി വന്ന ലോറികളും കുടുങ്ങിയിരുന്നു. കര്‍ണാടക അതിര്‍ത്തി അടച്ചതുകാരണം കണ്ണൂര്‍ ഇരിട്ടി മാക്കൂട്ടം ചുരം പാതയില്‍ കുടുങ്ങിയ ചരക്കു ലോറികള്‍ മുത്തങ്ങയിലൂടെ വഴി തിരിച്ചു വിടേണ്ടി വന്നു. ചുരം പാതയിലെ മണ്ണ് നീക്കം ചെയ്യാനാകില്ലെന്ന് കര്‍ണ്ണാടക ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചതോടെയാണ് നേരത്തേയും കേന്ദ്ര ഇടപെടല്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ ജില്ലാ കളക്ടറുമായി വീണ്ടും സംസാരിക്കുമെന്നും സദാനന്ദഗൗഡ ഉറപ്പു നല്‍കിയിരുന്നു. ഇതിനു ശേഷവും സ്ഥിതി സാധാരണ ഗതിയില്‍ ആയില്ലെന്നു കേരളം പരാതിപ്പെട്ടതോടെയാണു കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശവുമായി രംഗത്തെത്തിയത്. ചരക്കുനീക്കത്തേയും ആശുപത്രി യാത്രകളേയും ഒരു തരത്തിലും തടസപ്പെടുത്തരുതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: