വാഷിങ്ടണ്‍: അങ്ങേയറ്റം വികസിതമാണ് അമേരിക്ക. പക്ഷെ കൊറോണ പിടിച്ചതോടെ ഇപ്പോള്‍ അവസ്ഥ അങ്ങേയറ്റം മോശവും. സര്‍വ സാധാരണമായ ടോയ്ലറ്റ് പേപ്പര്‍ കിട്ടാനില്ല. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ മൂന്നും നാലും ആഴ്ച കഴിഞ്ഞ് കിട്ടും. വില നാലും അഞ്ചും ഇരട്ടി. ന്യൂജഴ്സിയില്‍ കുടുബസമേതം സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി ജന്മഭൂമിയോട് പറഞ്ഞു.
‘സാനിറ്റൈസറും മാസ്ക്കും കിട്ടാനില്ല. ഇത്തരം വസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ്. ചിലര്‍ ഇവ വന്‍തോതില്‍ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്കും മറ്റും ഇപ്പോള്‍ ക്ഷാമം ഇല്ല, വരുമോയെന്നറിയില്ല.
ലോക് ഡൗണ്‍ ഇല്ല
രോഗം വ്യാപിക്കും, അവസ്ഥ മോശമാകും എന്ന സംശയം ബലപ്പെട്ടതോടെ ഇന്ത്യ ഒരു മടിയും കൂടാത ലോക്ഡൗണ്‍ ചെയ്തു. അമേരിക്കയില്‍, എണ്ണം കുറച്ചെങ്കിലും ട്രെയിനടക്കം ഓടുന്നുണ്ട്. ഉള്ളവയിലെല്ലാം നല്ല തിരക്കും. ജനങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. പിന്നെങ്ങനെ സാമൂഹ്യ വ്യാപനം തടയാന്‍ കഴിയും. ഇന്ത്യയില്‍ റോഡിലിറങ്ങുന്നവരെ പോലീസ് തടയുകയും കേസുകള്‍ എടുക്കുകയും ചെയ്യുന്നതിന്റെ വാര്‍ത്തകളാണ് ചാനലുകളില്‍.
മിക്ക ഓഫീസുകളും അടച്ചു. വീട്ടിലിരുന്നാണ് അത്യാവശ്യ ജോലികള്‍ തീര്‍ക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ പോകും. ഇന്ത്യയിലേതുപോലുള്ള ലോക്ഡൗണ്‍ സ്വയം തീരുമാനിച്ച് നടപ്പാക്കിയതാണ്. ഇവിടുത്തെ ഇന്ത്യാക്കാരുടെ കടകളെല്ലാം അടച്ചു.
ഇന്ത്യയില്‍ എത്രയോ മെച്ചം
ആശുപത്രികളെല്ലാം നിറഞ്ഞു. വലിയ ഗ്രൗണ്ടുകളും ഹാളുകളും കപ്പലുകളും ആശുപത്രിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ നാവിക സേനയുടെ ഹോസ്പിറ്റല്‍ കപ്പലുകളും കൊറോണ ബാധിതര്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ എത്രയോ മെച്ചപ്പെട്ട രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇവിടെ ഭരണകൂടം എന്തെങ്കിലും കാര്യമായി ചെയ്യുന്നതായി തോന്നുന്നില്ല. ന്യൂയോര്‍ക്ക് മേയര്‍ കാര്യപ്രാപ്തിയുള്ളയാളാണ് അവിടെ രോഗം വ്യാപനം തടയാന്‍ നടപടികള്‍ എടുക്കുന്നുണ്ട്. എങ്കിലും അവിടെയാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍.
അമേരിക്കയില്‍ രോഗം ബാധിച്ച് 2300 ലേറെപ്പേര്‍ മരിച്ചു. ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. ശനിയാഴ്ച മാത്രം 202 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, 54000 ലേറെപ്പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ ബാധിച്ചത്. ഇവിടെ മരണം 883. ഞങ്ങള്‍ താമസിക്കുന്ന ന്യൂജഴ്സിയില്‍ 140 പേര് മരിച്ചു, 12000 ഓളം പേര്‍ക്കാണ് രോഗബാധ. കാലിഫോര്‍ണിയ, മിഷിഗന്‍, വാഷിങ്ങ്ടണ്‍, ലൂസിയാന, മസാച്ചുസെറ്റ്സ്, ഫ്ളോറിഡ, ഇല്ലിനോയിസ്, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ മരണം. പക്ഷെ മുഴുവന്‍ ഇടങ്ങളിലും പടരുകയും മരണങ്ങള് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
ലോക്ഡൗണ്‍ വേണ്ടെന്ന് വിദഗ്ധര്‍
ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കാമെന്ന് ശനിയാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടെങ്കിലും വിദഗ്ധര്‍ തടഞ്ഞു. ഇത്തരം ക്വാറന്റൈന് ഏര്‍പ്പെടുത്താന്‍ ട്രംപിന് അധികാരമില്ലെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: