മഹാമാരി കൊറോണയെ തടുക്കാന്‍ ശക്തമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതില്‍ പ്രധാനമാണ് 21 ദിവസത്തെ സമ്പൂര്‍ണ കര്‍ഫ്യൂ. മാര്‍ച്ച് 22ന്റെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ തന്നെ കടുത്ത നടപടി വരാന്‍ പോകുന്നു എന്ന സൂചന നല്‍കിയിരുന്നു. സമ്പൂര്‍ണ കര്‍ഫ്യൂ അഞ്ചുദിവസം പിന്നിട്ടപ്പോള്‍ ജനങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ടു എന്ന് കാണാന്‍ പ്രയാസമില്ല. 99 ശതമാനം ജനങ്ങളും ഹൃദയംകൊണ്ട് പിണങ്ങാതെ ശരീരം കൊണ്ട് അകലം പാലിച്ച് വീടുകളില്‍ കഴിയുന്ന കാഴ്ചയാണെങ്ങും. ചെറിയൊരു ശതമാനം ആള്ക്കാര് നിര്‍ദ്ദേശങ്ങളും നിബന്ധനകളും അവഗണിച്ച് പുറത്തിറങ്ങി നടക്കുകയും ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടില്‍ പെരുമാറുകയും ചെയ്യുന്നുണ്ട്. അത്തരക്കാരെ കര്‍ശന നടപടികളോടെ നിലയ്ക്ക് നിര്‍ത്താനുള്ള ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഇതൊരു അവസരമായെടുത്ത് അതിക്രമം കാട്ടുന്ന ചില പോലീസ് ഉദ്യോഗസ്ഥരുണ്ട്. അതിലൊരാളാണ് കണ്ണൂര്‍ പോലീസ് മേധാവി യതീഷ് ചന്ദ്രയെന്ന് കണ്ടുകഴിഞ്ഞു. കഴിഞ്ഞദിവസം റോഡിലിറങ്ങിയ ചിലരെ പരസ്യമായി ഏത്തമിടുവിച്ച സംഭവത്തില്‍ മുഖ്യമന്ത്രി തന്നെ അത്ഭുതം പ്രകടിപ്പിക്കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
സമ്പൂര്‍ണ കര്‍ഫ്യൂമൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമചോദിച്ചിരിക്കുകയാണ്. പ്രതിമാസ റേഡിയോ പ്രഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ ക്ഷമാപണം. അതില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ആരുടെയും മനസ്സില്‍ തട്ടുക തന്നെ ചെയ്യും. അതിപ്രകാരം: ”കൊറോണ വൈറസിനെതിരായ പോരാട്ടം ഒരു ജീവന്മരണ പോരാട്ടമാണ്. അതിനായി കടുത്ത തീരുമാനങ്ങള്‍ ആവശ്യമാണ്. തുടക്കത്തില്‍ തന്നെ ഈ രോഗത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യ മുഴുവനും ഇപ്പോള്‍ അത് ചെയ്യുകയാണ്. ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നത്. ഞാന്‍ എന്തു പ്രധാനമന്ത്രിയാണെന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ടാകാം. എന്നാല്‍ ലോക്ഡൗണ്‍ മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പോംവഴി. നിരവധി ആളുകള്‍ ഇപ്പോഴും ലോക്ഡൗണിനെ നിരാകരിക്കുന്നു. ഇത് സങ്കടകരമാണ്. ലോകമെമ്പാടുമുള്ള പലരും ഈ തെറ്റ് ചെയ്തു. കൊറോണ വൈറസ് ആളുകളെ മരണത്തിലേക്കാണ് നയിക്കുന്നത്. അതുകൊണ്ട് മുഴുവന്‍ ആളുകളും ഒത്തൊരുമയോടെ അതിനെ നേരിടണം. ഇനിയുള്ള ദിവസങ്ങളിലും ആരും ലക്ഷ്മണരേഖ കടക്കരുത്.”
ഹൃദയത്തില്‍ തൊട്ടുകൊണ്ട് പ്രധാനമന്ത്രി ഈ അഭ്യര്‍ഥന നടത്തുമ്പോഴാണ് കോട്ടയം ജില്ലയിലെ പായിപ്പാട്ട് നമ്മുടെ ‘അതിഥി’ തൊഴിലാളികള്‍ കൂട്ടമായി റോഡിലിറങ്ങിയത്. തങ്ങള്‍ക്ക് ഭക്ഷണമില്ലെന്നും നാട്ടില്‍ പോകാന്‍ സംവിധാനം ഒരുക്കണമെന്നുമാണ് അവരുടെ ആവശ്യം. ഭക്ഷണം ലഭിക്കുന്നില്ലെന്ന അവരുടെ ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് അധികൃതര്‍ ആണയിടുന്നു. സ്വാഭാവികമായും അഭിരുചിക്കനുസരിച്ച ഭക്ഷണമെങ്കില്‍ അതനുസരിച്ച നടപടിയെടുക്കാനും തയ്യാറാണെന്നും വ്യക്തമാക്കുന്നു. പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഇന്നത്തെ സാഹചര്യത്തില്‍ യാത്രാസൗകര്യം ഒരുക്കുന്നത് അസാധ്യമാണ്. മാത്രമല്ല, ഇവിടെ നിന്നും കൊണ്ടുപോകുന്ന ‘അതിഥി’കളെ അവരുടെ സംസ്ഥാനത്ത് സ്വീകരിക്കുമെന്നതിനും ഉറപ്പില്ല. എന്നിട്ടും എന്തേ ആയിരത്തിലധികം പേര് പായിപ്പാട്ട് നിരത്തിലിറങ്ങി? ഇത് അന്വേഷിക്കുമ്പോഴാണ് കോട്ടയം ജില്ലാ കളക്ടറുടെ വിലയിരുത്തല്‍ ശ്രദ്ധേയമാകുന്നത്.
‘അതിഥി’കള്‍ കൂട്ടമായി തെരുവിലിറങ്ങിയാല്‍ നാട്ടിലേക്ക് യാത്രാസൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് ഇവര്‍ക്കിടയില്‍ ആരോ സന്ദേശം എത്തിച്ചിരിക്കുന്നു. ടെലഫോണ്‍മൂലം സന്ദേശമയച്ചവരില്‍ പഞ്ചായത്ത് മെമ്പറും ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട.് ദുരൂഹമാണ് സന്ദേശ പ്രവാഹത്തിന് പിന്നിലുള്ളതെന്ന് വ്യക്തം. രാഷ്ട്രീയവും മതപരമായ താല്പര്യങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ടാവാം. വര്‍ഷങ്ങളായി സംസ്ഥാനത്തെത്തി കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകുന്ന ഈ ‘അതിഥി’കളെ കയ്യിലെടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവരുന്നുണ്ട്.
പായിപ്പാട്ട് പഞ്ചായത്തില്‍ പതിനായിരത്തിലേറെ ‘അതിഥി’ തൊഴിലാളികളുണ്ടത്രേ. 250 ഓളം ക്യാമ്പുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ചങ്ങനാശേരി, ചെങ്ങന്നൂര്‍, തിരുവല്ല, കറുകച്ചാല്‍, മല്ലപ്പള്ളി, മാവേലിക്കര, കോട്ടയം എന്നിവിടങ്ങളില്‍ ചിതറി കിടന്നവരെ പായിപ്പാട് കേന്ദ്രീകരിച്ച് താമസം ഒരുക്കിയതിന്റെ പിന്നിലും ദുരൂഹതയുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പ് കുറേ പേര് സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷിച്ചവര്‍ക്ക് ആഗ്രഹിക്കും വിധം ഭക്ഷണം നല്കാന് അധികൃതര്‍ ശ്രദ്ധിച്ചില്ലെന്ന് വേണം കരുതാന്‍. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ താമസ സ്ഥലം വിട്ടുപോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നിലവിലുള്ള സാഹചര്യത്തില്‍ ആയിരക്കണക്കിനാളുകളെ റോഡിലിറക്കിവിട്ടവര് ആരായാലും അവര്‍ രാജ്യദ്രോഹികളാണ്. അവരെ കണ്ടെത്തി കൂട്ടിലടയ്ക്കാന്‍ വൈകിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: