ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊറോണ വ്യാപനവും മരണവും അല്‍പ്പം കൂടിയിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് രാജ്യമൊട്ടാകെ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തത്ക്കാലം പദ്ധതിയുണ്ടായിരുന്നില്ലെന്ന് സൂചന. വിദേശത്തു നിന്ന് വന്നവരിലും അവരുടെ അടുത്ത ബന്ധുക്കളിലും മാത്രമാണ് ഇതുവരെ രോഗബാധയുണ്ടായത്.
ഞായറാഴ്ച ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിക്കും മുന്‍പ് പലയിടങ്ങളിലായി 64,000 പ്രവാസികള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയിരുന്നു. ഇതാണ് പൊടുന്നനെ രാജ്യം പൂര്‍ണ്ണമായി അടിച്ചിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വലിയതോതില്‍ പടര്‍ന്ന ഇറ്റലി, അമേരിക്ക, സ്പെയ്ന്‍, ബ്രിട്ടന്, ഇറാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മടങ്ങിയെത്തിയവരില്‍ പെടുന്നു. ഇത്രയേറെപ്പേരില് ആരെങ്കിലുമൊക്കെ അച്ചടക്കം ലംഘിച്ച് പുറത്തിറങ്ങുമെന്നും ഇത് സമൂഹരോഗവ്യാപനത്തിന് ഇടയാക്കുമെന്നും വ്യക്തമായ സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലും മഹാരാഷ്ട്രയിലും രോഗം കൂടുതലും കണ്ടെത്തിയത് വിദേശത്തു നിന്ന് മടങ്ങിയെത്തിയവരിലാണ്. രാജ്യത്തെ അന്തരീക്ഷം സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ധരും ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം മനസിലാക്കിയത്. ഇവര്‍ വഴി രോഗം സമൂഹത്തിലേക്ക് പടരാനുള്ള സാധ്യത ഇവര്‍ ഉടനെ കേന്ദ്രത്തെ അറിയിച്ചു.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നവര്‍ പോലും മുങ്ങുകയും കറങ്ങിനടക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. എണ്ണായിരത്തിലേറെ പേരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിനേക്കാള്‍ കൂടുതല്‍ പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. കൈകളില്‍ ഐസൊലേഷന്‍ മുദ്ര കുത്തിയവര്‍ പോലും പുറത്തിറങ്ങി നടന്നതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു.
ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടലല്ലാതെ രക്ഷാ മാര്‍ഗമില്ലെന്ന് വിദഗ്ധര്‍ കേന്ദ്രത്തെ ഉപദേശിക്കുകയായിരുന്നു. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പു കൊണ്ട് ഒരു ഫലവുമുണ്ടാവില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
(വിലക്ക് ലംഘിച്ച് ആയിരങ്ങള്‍ സ്വകാര്യവാഹനങ്ങളില്‍ ചുറ്റിക്കറങ്ങുന്നതാണ് ചൊവ്വാഴ്ച കേരളത്തില്‍ കണ്ടതും.) അതിനാലാണ് കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചതും സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതും.
ലോക് ഡൗണ്‍ ലംഘിച്ചാല്‍ രണ്ടു വര്‍ഷം തടവ്
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങിയാല്‍ കേസെടുത്ത് നിയമ നടപടികള്‍ക്ക് വിധേയരാക്കും. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടിന്റെ 51-ാം വകുപ്പു പ്രകാരമെടുക്കുന്ന കേസില്‍ ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ വരെ ലഭിക്കാം. നിയമം ലംഘിച്ചത് ആര്‍ക്കെങ്കിലും ആപത്തുണ്ടാക്കുകയോ ജീവന് നഷ്ടപ്പെടുത്തുകയോ ചെയ്താല്‍ തടവ് രണ്ടു വര്‍ഷം വരെയാകാം.
രോഗം സംബന്ധിച്ച് വ്യാജവാര്‍ത്ത ചമയ്ക്കുകയോ പരത്തുകയോ ചെയ്താലും ഒരു വര്‍ഷം വരെ തടവ് ലഭിക്കാം. കൊറോണ വ്യാപനം തടയാനും മറ്റുമുള്ള ഫണ്ട് അടിച്ചുമാറ്റുകയോ ദുരുപയോഗം ചെയ്യുകയോ ക്രമക്കേട് കാണിക്കുകയോ ചെയ്താല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാം. ലോക് ഡൗണ്‍ സമയത്ത് അനുസരണക്കേട് കാട്ടിയാലും ഒരു മാസം മുതല്‍ ആറു മാസം വരെ തടവും പിഴയും ലഭിക്കാം.
ദല്‍ഹിയില്‍ 5146 പേര് അറസ്റ്റില്‍; 1018 വാഹനങ്ങള്‍ പിടിച്ചെടുത്തു
ലോക് ഡൗണ്‍ ലംഘിച്ച് കറങ്ങി നടന്ന 5146 പേര് ദല്‍ഹിയില്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ 299 കേസുകളെടുത്തു. ഇവരില്‍ നിന്ന് 1018 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
ഇന്നലെ മുതല്‍ ലോക് ഡൗണ്‍ നടപ്പാക്കല്‍ അതിശക്തമാക്കി. പ്രധാന റോഡുകളില്‍ മാത്രമല്ല ഇടവഴികളിലും ഗ്രാമീണ റോഡുകളിലും ഓടുന്ന വാഹനങ്ങളും പിടിച്ചെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: