കര്‍മ്മബന്ധം
അടുത്ത രണ്ട് ശ്ലോകങ്ങളിലായി കര്‍മ്മബന്ധത്തെ പറയുന്നു. ആദ്യം സംസാരവൃക്ഷത്തെ വര്‍ണ്ണിക്കുന്നു.
ശ്ലോകം 145
ബീജം സംസൃതിഭൂമിജസ്യ തു തമോ ദേഹാത്മധീരങ്കുരോ
രാഗഃപല്ലവമംബു കര്‍മ്മ തു വപുഃ സ്കന്ധോളസവഃ
ശാഖികാഃ
അഗ്രാണീന്ദ്രിയ സംഹതിശ്ച വിഷയാഃ
പുഷ്പാണി ദുഃഖം ഫലം
നാനാ കര്‍മസമുദ്ഭവം ബഹുവിധം
ഭോക്താത്ര ജീവഃ ഖഗഃ
സംസാരവൃഷത്തിന്റെ വിത്ത് അജ്ഞാനമാണ്. ദേഹാത്മ ബുദ്ധി മുളയും ആഗ്രഹങ്ങള്‍ തളിരുകളുമാണ്. കര്‍മ്മം വെള്ളമാണ്. ദേഹമാണ് അതിന്റെ തടി. പ്രാണന്മാര് കൊമ്പുകളും ഇന്ദ്രിയങ്ങള്‍ ചില്ലകളുമാണ്. വിഷയങ്ങളാണ് പൂക്കള്‍. പല പല കര്‍മ്മങ്ങളെ തുടര്‍ന്ന് വന്നു ചേരുന്ന ഒട്ടനവധി ദുഃഖങ്ങളാണ് അതിലെ പഴങ്ങള്‍. ആ പഴങ്ങളെ കൊത്തി തിന്നുന്നത് ജീവനെന്ന പക്ഷിയാണ്.
ഈ ലോകത്തെ ഒരു മരത്തിനോട് ഉപമിച്ച് അതിലെ ഓരോന്നും നമ്മെ എങ്ങനെ സംസാരത്തില്‍ കെട്ടിയിട്ടിരിക്കുന്നു എന്ന് വളരെ ഭംഗിയായി ഇവിടെ വിവരിക്കുന്നു.
സംസാരവൃക്ഷം ഉണ്ടായത് തമസ്സ് അഥവാ അജ്ഞാനം എന്ന വിത്തില്‍ നിന്നാണ്. അവിദ്യ, വാസന, കാരണ ശരീരം എന്നൊക്കെ അതിനെ പറയും. വാസനയാകുന്ന വിത്ത് മുളച്ചാണ് സംസാര വൃക്ഷമുണ്ടായത്.
ഞാന്‍ ദേഹമാണ് എന്ന ചിന്തയാണ് വിത്തില്‍ നിന്നും പൊട്ടി കിളിര്‍ക്കുന്ന മുള: ദേഹമാണ് ആത്മാവ് എന്ന തെറ്റിദ്ധാരണയാണിത്. മുളപൊട്ടിയാല്‍ പിന്നെ അത് തളിരുകളാകും. രാഗം അഥവാ വിഷയങ്ങളിലുള്ള ആഗ്രഹങ്ങളാണ് തളിരുകളായിരിക്കുന്നത്. ഞാന്‍ ദേഹമാണെന്ന് കരുതുമ്പോള്‍ വലിയ കുഴപ്പമായി. അതിനെ സംരക്ഷിക്കാനും നിലനിര്‍ത്താനുമൊക്കെയുള്ള പെടാപാടാണ്. ഓരോരോ ആഗ്രഹങ്ങള്‍ ഇതുമൂലം ഉണ്ടാകും. എനിക്കതു വേണം… ഇതു വേണ്ട.. എന്നിങ്ങനെ അത്പ്രകടമാകും. ഇഷ്ടവും അനിഷ്ടവുമാണ് ഇതിലെ ആദ്യത്തെ തളിരിലകള്‍. കാമത്തേയും രാഗത്തേയും ആദ്യമുണ്ടാകുന്ന രണ്ട് തളിരുകളായി പറയാറുണ്ട്. മുളയിലെ നുള്ളിക്കളയാന്‍ കഴിഞ്ഞാല്‍ സംസാര വൃക്ഷം പിന്നെ വേണ്ട പോലെ വളരില്ല, മുരടിക്കും. ചിലപ്പോള്‍ പിന്നെ പുതിയവ കിളിര്‍ത്ത് വരികയുമില്ല.
ശരീരത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാന്‍ കാമനയോടെ ചെയ്യുന്ന കര്‍മ്മങ്ങളാണ് സംസാരവൃക്ഷത്തിനുള്ള വെള്ളം. ഇത്തരം കാമ്യകര്‍മ്മങ്ങളെ നിര്‍ത്തലാക്കിയാല്‍ സംസാര വൃക്ഷം ഉണങ്ങി പോയ്ക്കൊള്ളും. ഇനി കര്‍മ്മമാകുന്ന വെള്ളമൊഴിക്കുന്നത് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് അര്‍പ്പണ മനോഭാവത്തോടെ ചെയ്യണം. അഹന്താ, മമതകളെ വെടിഞ്ഞ് കര്‍മ്മം ചെയ്യണം. അപ്പോള്‍ സംസാരവൃക്ഷത്തിന് നാശമുണ്ടാക്കും. ഇത് നിഷ്കാമ കര്‍മ്മയോഗത്തെ കുറിക്കുന്നു. അനാവശ്യ സ്ഥലങ്ങളില്‍ മുളച്ചുപൊങ്ങുന്ന ചെടികളും മറ്റും കരിച്ചു കളയാന്‍ ഉപയോഗിക്കുന്ന രാസലായിനി പ്രയോഗം പോലെയാണിത്.
നമ്മുടെ ദേഹമാണ് സംസാരവൃക്ഷത്തിന്റെ തടി.നല്ല രീതിയില്‍ വളവും വെള്ളവും കിട്ടിയാല്‍ മരം വളരുംപോലെ സംസാര വൃക്ഷത്തിന്റെ തടിയും പെരുകും. നമ്മുടെ സ്ഥൂല ശരീരമാണ് ഇങ്ങനെ വലുതാകുന്നത്.
പഞ്ചപ്രാണന്മാരാകുന്ന കൊമ്പുകളും ഇന്ദ്രിയങ്ങളാകുന്ന ചില്ലകളുമായി അത് പടര്‍ന്ന് പന്തലിക്കും. പ്രാണന്മാരുടെ സഹായത്താലാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളുമാകുന്ന ചില്ലകള്‍ ഇലകളും പൂക്കളും കായ്കളുമൊക്കെയായി നിറഞ്ഞു നില്ക്കും. ശബ്ദ, സ്പര്‍ശ, രൂപ, രസം, ഗന്ധങ്ങളാകുന്ന ഇന്ദ്രിയ വിഷയങ്ങളാണ് പൂക്കള്‍.ചില്ലകളിലെ പൂക്കളെ പോലെ വിഷയങ്ങള്‍ ഇന്ദ്രിയങ്ങളെ ആശ്രയിച്ചിരിക്കുന്നു.
സ്വാര്‍ത്ഥ കര്‍മ്മങ്ങളുടെ ഫലമായി വന്നു ചേരുന്ന ദുഃഖങ്ങളാണ് സംസാരവൃക്ഷത്തിലെ പഴങ്ങള്‍. ഓരോന്ന് നേടാനായി ഓരോ വിഷയങ്ങളുടെ പിന്നാലെ പോകുമ്പോള്‍ അത് എത്തിക്കുന്നത് ദുഃഖത്തിലേക്കാണ്. വിഷയ പൂക്കള്‍ കൊഴിഞ്ഞാല്‍ ആ സ്ഥാനത്ത് ആഗ്രഹത്തെ തുടര്‍ന്നുള്ള കര്‍മ്മത്തിന്റെ കായും പിന്നെ അത് പഴുത്ത് ദുഃഖ ഫലവും ഉണ്ടാകുന്നു. ജീവനാകുന്ന കിളി കര്‍മഫലങ്ങളാകുന്ന ഈ പഴങ്ങളെല്ലാം കൊത്തിത്തിന്നുന്നു. പഴങ്ങള്‍ക്കുള്ളിലെ വാസനാ വിത്തുകള്‍ വീണ്ടും വീണ്ടും സംസാരവൃക്ഷം മുളയ്ക്കാനുള്ള കാരണവുമായിത്തീരും.
ജീവന് പക്ഷിയെ പോലെ പഴങ്ങളൊക്കെ തിന്ന് സംസാര മരത്തിന്റെ പൊത്തില്‍ കഴിയും.ആ വൃക്ഷം പഴങ്ങളില്ലാതെ ആയാലോ ഉപയോഗശൂന്യമായാലോ ജീവന് കിളിയെ പോലെ മറ്റൊന്നിലേക്ക് പോകും. ജീവന് ഓരോരോ ദേഹങ്ങള്‍ സ്വീകരിക്കുന്നത് ഇങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: