ലണ്ടന്‍: യാതൊരു നിയന്ത്രണവും ഇല്ലാതെ പെരുമാറുന്ന ജനങ്ങള്‍ ബ്രിട്ടനില്‍ സര്‍ക്കാരിന്റെ കൊറോണ പ്രതിരോധത്തെ അട്ടിമറിക്കുന്നു. വൈറസ് ബാധയില്‍ ഇതുവരെ 177 പേര്‍ മരിച്ച ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോഴും ജനങ്ങള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരുക്കുന്നത് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നു എന്നാണ് വിലയിരുത്തല്‍. അയല്‍ രാജ്യങ്ങളെല്ലാം നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴാണ് ബ്രിട്ടനില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. ലോകത്തില്‍ ഏറ്റവും മോശം നിരീക്ഷണമുള്ള വിമാനത്താവളം ലണ്ടനിലെ ഹീത്രൂ ആണെന്ന് നോരത്തേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ബോറിസ് ജോണ്‍സണ്‍ കടുത്ത നടപടികളിലേക്ക് കടന്നിരുന്നു.
ലണ്ടന്‍ നഗരത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ബാറുകളെയും പബ്ബുകളെയും കുറിച്ചാണ് ആരോപണങ്ങള്‍ ഉയരുന്നത്.
ബ്രിട്ടനിലെ ചെറുപ്പക്കാര്‍ മരിക്കാന്‍ കുടിക്കുന്നു എന്നാണ് ഡെയ്‌ലി മെയില്‍ പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു നല്‍കിയത്. നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ എല്ലാം കാലിയായിക്കഴിഞ്ഞു. ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. ഷെല്‍ഫുകള്‍ കാലി, എന്നാല്‍ പബ്ബുകള്‍ നിറയുന്നു എന്നായിരുന്നു ഒരു പത്രത്തിലെ മുഖ്യ വാര്‍ത്ത.
നാലായിരം പേര്‍ക്ക് വൈറസ് ബാധ എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ബ്രിട്ടനിലെ ആരോഗ്യ വകുപ്പിന് കൃത്യമായ കണക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വൈറസ് ബാധിതര്‍ പതിനായിരത്തിനടുത്ത് വരുമെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ തുടക്കത്തില്‍ കാണിച്ച അനാസ്ഥയ്‌ക്ക് ഇപ്പോള്‍ വലിയ വില നല്‍കേണ്ടി വരുമ്പോഴും ബ്രിട്ടനിലെ ജനങ്ങള്‍ പഠിക്കുന്നില്ല എന്ന് അവിടുത്തെ പത്രങ്ങള്‍ തന്നെ പറയുന്നു. യാത്രാ വിലക്കുകളും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും അടക്കം സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ക്കൊന്നും ബ്രിട്ടീഷ് ജനത ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്.
പബ്ബുകളിലും ബാറുകളിലും രാത്രി വൈകിയും തുടരുന്ന മദ്യപാനവും ആട്ടവും പാട്ടും ആലിംഗനങ്ങളും കൊറോണ പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
എന്നാല്‍ അതൊന്നും നിയന്ത്രിക്കാന്‍ ആവുന്നിമില്ല. പബ്ബുകള്‍ എല്ലാം കുറച്ചു നാളത്തേക്ക് അടച്ചിടുമെന്ന് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: