2012 ഡിസംബര്‍ 16, അന്നാണ് ആ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളില്‍ നിന്ന് നിറങ്ങള്‍ ചോര്‍ന്നു പോയത്. മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും നിറഞ്ഞ അവളുടെ ജീവിതം ക്ഷണിക്കപ്പെടാതെയെത്തിയ ആ ആറുപേര്‍ ചേര്‍ന്ന് തെരുവിലേക്ക് പിച്ചിച്ചീന്തിയെറിഞ്ഞു. 2012 ഡിസംബര്‍ 16ന് രാജ്യ തലസ്ഥാനത്ത് അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി. അന്നേ ദിവസം രാത്രി അതിജീവനത്തിന്റെ കഥ പറഞ്ഞ അമേരിക്കന്‍ ചിത്രം ലൈഫ് ഓഫ് പൈ കണ്ട ശേഷം തന്റെ സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ദല്‍ഹിയിലെ വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ വച്ചാണ് കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. സുഹൃത്തിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം. വാക്കുകള്‍ കൊണ്ടുപോലും വിവരിക്കാനാവാത്ത ക്രൂരതകള്‍ക്കാണ് പിന്നീട് ആ പെണ്‍കുട്ടി ഇരയായത്.
ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന് മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, പവന് ഗുപ്ത, പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ചെറുത്തുനില്ക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തുകൊണ്ട് ആന്തരാവയവങ്ങള്‍ക്ക് വരെ കടുത്ത ക്ഷതമേല്‍ക്കുന്ന വിധം പൈശാചികമായിരുന്നു പീഡനം. ഒടുവില്‍ മൃതപ്രായയായ പെണ്‍കുട്ടിയേയും സുഹൃത്തിനേയും വഴിയില്‍ ഉപേക്ഷിച്ച് അക്രമികള്‍ ബസുമായി കടന്നുകളഞ്ഞു.
വഴിയാത്രികരാണ് ഇവരെ കണ്ടെത്തിയതും ദല്‍ഹി പോലീസില്‍ അറിയിച്ചതും. പോലീസെത്തി ഇരുവരേയും സഫ്ദര്‍ജങ് ആശുപത്രിയിലാക്കി. അവിടെയെത്തിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ കുടല്‍മാല വരെ പുറത്തുവന്ന നിലയിലായിരുന്നു. ചെറുകുടലും ഗര്‍ഭപ്രാത്രവും സ്വകാര്യ ഭാഗങ്ങളും തകര്‍ന്ന് അത്യാസന്ന നിലയിലായ പെണ്‍കുട്ടിയെ അഞ്ച് ശസ്ത്രക്രിയകള്‍ക്കാണ് വിധേയയാക്കിയത്. ചെറുകുടലിന്റെ ഭൂരിഭാഗവും നീക്കം ചെയ്തു.
ഡിസംബര്‍ 17ന് സംഭവം പുറംലോകമറിഞ്ഞു. ഇതേ തുടര്‍ന്ന് കുറ്റവാളികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന് മുകേഷ് സിങ്, വിനയ് ശര്‍മ്മ, പവന് ഗുപ്ത എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. ഡിസംബര്‍ 18ന് ഇവരെ അറസ്റ്റു ചെയ്തു.
ഡിസംബര്‍ 20ന് പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ സാക്ഷി മൊഴി രേഖപ്പെടുത്തി.
ഡിസംബര്‍ 21ന് ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളിയെ പിടികൂടി. ആറാം പ്രതി അക്ഷയ് താക്കൂറിനെ പിടികൂടുന്നതിനായി ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തി. കുറ്റക്കാരില്‍ ഒരാളായ മുകേഷിനെ സാക്ഷി തിരിച്ചറിഞ്ഞു.
ഡിസംബര്‍ 21ന് ബിഹാറിലെ ഔറംഗാബാദില്‍ നിന്നും താക്കൂറിനെ പിടികൂടി ദല്‍ഹിയില്‍ എത്തിച്ചു.
ഡിസംബര്‍ 22ന് പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് എത്തി രേഖപ്പെടുത്തി.
ഡിസംബര്‍ 25ന് പെണ്‍കുട്ടിയുടെ നില കൂടുതല്‍ വഷളായി.
ഡിസംബര്‍ 26ന് ഹൃദയാഘാതത്തെ തുടര്‍ന്ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.
ഡിസംബര്‍ 29ന് പ്രാര്‍ത്ഥനകള്‍ വിഫലമാക്കി പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. പിറ്റേന്ന് ദല്‍ഹിയില്‍ മൃതദേഹം എത്തിച്ചു സംസ്കരിച്ചു.
2013 ജനുവരി 2ന് ലൈംഗിക കുറ്റകൃത്യ കേസുകളുടെ വിചാരണയ്ക്കായുള്ള അതിവേഗ കോടതിയുടെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ നിര്‍വഹിച്ചു ജനുവരി 3ന് പ്രായപൂര്‍ത്തിയായ അഞ്ച് പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാ
തക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സാകേത് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. ജനുവരി 17ന് പ്രതികള്‍ക്കെതിരെ അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചു.
ജനുവരി 28ന് പ്രായപൂര്‍ത്തിയാകാത്ത ആള് കുറ്റകൃത്യം ചെയ്തതായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വെളിപ്പെടുത്തല്‍. മാര്‍ച്ച് 11ന് മുഖ്യപ്രതി ഡ്രൈവര്‍ രാം സിങ് തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു.
ആഗസ്ത് 31ന് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പരമാവധി ശിക്ഷയായ മൂന്ന് വര്‍ഷ തടവിന് വിധിച്ച് ജുവനൈല്‍ ഹോമില്‍ അയച്ചു. സെപ്തംബര്‍ 3ന് അതിവേഗ കോടതിയില്‍ വിചാരണ അവസാനിച്ചു. വിധി പറയുന്നത് നീട്ടി.സെപ്തംബര്‍ 13ന് നാല് പ്രതികള്‍ക്കും വിചാരണ കോടതി വധ ശിക്ഷ വിധിച്ചു. 2014 മാര്‍ച്ച് 13ന് ദല്‍ഹി ഹൈക്കോടതി, വിചാരണ കോടതി വിധി ശരിവച്ചു.
മാര്‍ച്ച് 15ന് മുകേഷ്, പവന് എന്നിവരുടെ വധ ശിക്ഷ സുപ്രീംകോടതി അവര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് സ്റ്റേ ചെയ്തു. പിന്നീട് മറ്റു പ്രതികളുടേയും ശിക്ഷ സ്റ്റേ ചെയ്തു. ഏപ്രില്‍ 15ന് സുപ്രീംകോടതി ഇരയുടെ മരണ മൊഴി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്കി.
2017 മെയ് 5ന് സുപ്രീംകോടതിയും വധ ശിക്ഷ ശരിവച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നാണ് വിചാരണ കോടതി വിധി ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ നിരീക്ഷണം. 2018 ജൂലൈ 9ന് പ്രതികളായ മുകേഷ്, വിനയ് ശര്‍മ്മ, പവന് ഗുപ്ത എന്നിവര്‍ സമര്‍പ്പിച്ച പുനപ്പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
2019 ഡിസംബര്‍ 10ന് പ്രതികളിലൊരാളായ അക്ഷയ് താക്കൂര്‍ വധ ശിക്ഷ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഡിസംബര്‍ 13ന് പ്രതികളുടെ പുനപ്പരിശോധന ഹര്‍ജികള്‍ക്കെതിരായി ഇരയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു.ഡിസംബര്‍ 18ന് അക്ഷയ്യുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു.
2020 ജനുവരി 7ന് നാല് പ്രതികളേയും 22 ന് രാവിലെ 7ന് തീഹാര്‍ ജയിലില്‍ തൂക്കിലേറ്റാന്‍ നിര്‍ദേശം നല്കി.ആ വിധിയാണ്, എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കി ഇന്ന് നടപ്പായത്. വധ ശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ നടത്തിയ എല്ലാ ശ്രമങ്ങളും അന്തിമ വിധിക്ക് മുന്നില്‍ പരാജയപ്പെട്ടു. ഒടുവില്‍ ഏഴ് വര്‍ഷവും മൂന്ന് മാസവും നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇരയ്ക്ക് നീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: