ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി ഒരാളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. നിയമം പൂര്‍ണമായും ഭരണഘടനയ്ക്കുള്ളില്‍ നിന്നുള്ളതാണ്.
ഭരണഘടനയുടെ ധാര്‍മികത ലംഘിക്കുന്നതുമല്ല; 129 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പൗരത്വം നല്‍കുന്നതിന് കൃത്യമായ നിയമമുണ്ട്. ഈ നിയമത്തില്‍ പറയുന്നതു പ്രകാരം തന്നെയാണ് പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതും. അതിനാല്‍, സര്‍ക്കാരിന് പൗരത്വ നിയമ ഭേദഗതി വഴി കൂടുതല്‍ അധികാരം ലഭിച്ചിട്ടില്ല, ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ ബി.സി. ജോഷി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
അയല്‍രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഭരണഘടനാപരമായി തന്നെ മതേതര രാജ്യമാണ്. ന്യൂനപക്ഷങ്ങളില്‍ പെടുന്ന വലിയൊരു വിഭാഗം ജനങ്ങളും പൗരന്മാരായി ഇവിടെയുണ്ട്. ലോകത്തെ രാഷ്ട്രീയ സാഹചര്യങ്ങളും അയല്‍രാജ്യങ്ങളിലെ ജനസംഖ്യാപരമായ പ്രത്യേകതകളും മതപരമായ കാര്യങ്ങളുമടക്കം പല ഘടകങ്ങള്‍ പരിഗണിച്ചാണ് നിയമം കൊണ്ടുവന്നത്.
ഈ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അഭയം തേടാന്‍ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ഇന്ത്യയെന്ന് വ്യക്തമാണ്, അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.
മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ തേടി ആയിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയിട്ടുണ്ട്. മതപരമായ പീഡനങ്ങള്‍ സഹിക്ക വയ്യാതെ അയല്‍രാജ്യങ്ങില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത് എത്തിയ ന്യൂനപക്ഷങ്ങളുടെ അതേ നിലയല്ല അവരുടേത്, കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: