പകര്‍ച്ചവ്യാധി നിയമം, (EPIDMIC DISEASES ACT) നിലവില്‍ വന്നത് 1897ല്‍ ബ്രിട്ടീഷുകാരുടെ കാലത്താണ്. ‘ഈ പഴഞ്ചന്‍ നിയമം കൊണ്ട് കാര്യമില്ല, പുതിയ നിയമം കൊണ്ട് വരണമെന്നൊക്കെ’ ചില പ്രമുഖ സോഷ്യല്‍ മീഡിയ വക്കീലന്മാര് എഴുതുന്നുണ്ട്. അല്ലെങ്കില്‍ സര്‍ക്കാരിന്റെ പല ഇടപെടലുകള്‍ക്കും നിയമ സാധുതയുണ്ടാകില്ലത്രേ. ആകെ നാല് സെക്ഷനുകളുള്ള ഒരു ചെറിയ നിയമമാണ് 1897ലെ പകര്‍ച്ച വ്യാധി നിയമം.
നിയമത്തിലെ രണ്ടാമത്തെ സെക്ഷനാണ് പ്രധാനം. ‘അപകടകരമായ ഒരു പകര്‍ച്ച വ്യാധി ഉണ്ടാകുന്ന സാഹചര്യത്തില്‍ നിലവിലെ നിയമങ്ങള്‍ അപര്യാപ്തമായാല്‍ പകര്‍ച്ച വ്യാധി വ്യാപിക്കുന്നത് തടയാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതാണ്’ സെക്ഷന്‍ രണ്ട്. താല്‍ക്കാലികമായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്കാന് കഴിയും എന്നര്‍ത്ഥം. അതിന് പ്രത്യേകിച്ച് നിയമ നിര്‍മാണമൊന്നും ആവശ്യമില്ല.
കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാര്‍ ഈ നിയമ പ്രകാരം Tamilnadu Covid 19 Regulations 2020 എന്ന പേരില്‍ ഒരു ഉത്തരവു ഇറക്കി. ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥന്മാര്ക്ക് രോഗം സംശയിക്കുന്ന ആരെയും ബലം പ്രയോഗിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കാം. കളക്ടര്‍ക്ക് ഒരു പ്രദേശം മുഴുവന്‍ അടച്ചിടാം. ഇത്രയും അധികാരങ്ങളാണ് തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്.
കേരളത്തിലും ഉദ്യോഗസ്ഥര്‍ ഈ അധികാരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, അവര്‍ക്ക് അധികാരങ്ങള്‍ നല്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിചിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ ഉടനെ പുറപ്പെടുവിക്കേണ്ടതാണ്. ഉദ്യോഗസ്ഥന്മാരുടെ അസാധാരണ പ്രവര്‍ത്തികള്‍ക്ക് നിയമ സാധുതയുണ്ടാകും. ഇവിടെ പുതിയ നിയമമൊന്നും ആവശ്യമില്ല. അല്ലെങ്കില്‍ ആരെങ്കിലും ‘സ്വകാര്യ’ താല്‍പ്പര്യ ഹര്‍ജിയുമായി ബ്രിട്ടീഷുകാരെ വിമാനത്തില്‍ നിന്ന് ഇറക്കിയത് ശരിയായില്ല, റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരിയില്‍ എത്തിയവര്‍ക്കെതിരെ കേസെടുത്തത് ഏതു നിയമ പ്രകാരമാണ് എന്നൊക്കെ ചോദിച്ച് കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
തമിഴ്നാട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വളരെ സമഗ്രമായതുകൊണ്ട്, അത് മാതൃകയാക്കാവുന്നതാണ്. ഉദ്യോഗസ്ഥരും ആശുപത്രികളും മാത്രമല്ല, സ്വകാര്യ വ്യക്തികളുടെ ചുമതലകളും വ്യക്തമാക്കിയിട്ടുണ്ട്. സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചിടുക, വാഹന ഗതാഗതം നിര്‍ത്തലാക്കുക എന്നീ അധികാരം കളക്ടര്‍ക്കാണ്. സ്വകാര്യ ലബോറട്ടറികള്‍ സാമ്പിളുകള്‍ ശേഖരിക്കുകയോ പരിശോധന നടത്തുകയോ ചെയാന്‍ പാടില്ല. പകര്‍ച്ച വ്യാധി ബാധിച്ച രാജ്യത്തുനിന്ന് വരുന്നവര്‍ 14 ദിവസം സ്വയം ക്വാറന്റൈന് ചെയ്യണം. കൊവിഡ് 19നെ സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചാരണം നടത്തണമെങ്കില്‍ സര്‍ക്കാര്‍ അനു
മതി വേണം. എല്ലാ ആശുപത്രികളും രോഗ ബാധ സംശയിക്കുന്നവരെ ചികിത്സിക്കാനായി വാര്‍ഡ് മാറ്റിവെക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ ശിക്ഷിക്കാന്‍ നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 188 അനുസരിച്ചായിരിക്കും ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: