തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും വിവിധ മോര്‍ച്ചകളുടെ പ്രവര്‍ത്തകരും രംഗത്തിറങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു. ജനങ്ങളിലെ ഭീതി അകറ്റാനും പ്രതിരോധമെങ്ങനെയെന്ന് ജനങ്ങളെ മനസ്സിലാക്കിക്കാനും ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും ബിജെപി സജീവമാകുമെന്ന് സുരേന്ദ്രന് അറിയിച്ചു.
കൊറോണ ഭീതി ഏറിയതോടെ സംസ്ഥാനത്തെ ആശുപത്രികളിലെ ബ്ലഡ്ബാങ്കുകളില്‍ രക്തത്തിന് ക്ഷാമമനുഭവപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രികളിലെത്തി രക്തം ദാനം ചെയ്യാന്‍ പലരും മടിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നതാണ് കാരണം. പല ആശുപത്രികളിലും രക്തം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഈ സ്ഥിതിക്ക് പരിഹാരം കണ്ടെത്താനായി സംസ്ഥാനത്ത് ഉടനീളമുള്ള രക്തബാങ്കുകളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്യും. ഞായറാഴ്ച മുതല്‍(15-03-2020) രക്തദാന പ്രവര്‍ത്തനങ്ങളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സജീവമാകുമെന്ന് കെ. സുരേന്ദ്രന് അറിയിച്ചു.
കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൊറോണ ഭീതി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പാടിലാകാതെ സംയമനത്തോടും ഉത്തരവാദിത്വത്തോടും പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും എല്ലാപേരും തയ്യാറാകണമെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: