കാക്കനാട്: അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ ആത്മഹത്യാകുറിപ്പ് പുറത്ത് വന്നതോടെ സിപിഎം നേതാക്കള്‍ക്കെതിരേ കുരുക്ക് മുറുകി. കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ തൂങ്ങിമരിച്ച സിപിഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വാഴക്കാല കുന്നേപ്പറമ്പില്‍ സി.എ. സിയാദിന്റെ മരണം നേതാക്കളുടെ മാനസിക പീഡനം മൂലമാണെന്ന് വ്യക്തമാക്കുന്ന ഡയറിക്കുറിപ്പ് പോലിസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചു.
പരിശോധന ഫലം ലഭിച്ചാലുടന്‍ അത്മഹത്യാകുറിപ്പില്‍ പേരുള്ള സിപിഎം നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുക്കും. സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എം. സക്കീര്‍ ഹുസൈന്, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആര്. ജയചന്ദ്രന്, ബ്രാഞ്ച് സെക്രട്ടറി കെ.പി.നിസാര്‍ എന്നിവര്‍ ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാകുറിപ്പ്. സംഭവം വിവാദമായതോടെ ആത്മഹത്യാകുറിപ്പ് സിയാദിന്റേതല്ലെന്നാണ് സക്കീര്‍ ഹുസൈന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് ആത്മഹത്യകുറിപ്പ് ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കാന്‍ പോലിസ് തീരുമാനിച്ചത്.
പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലക്ഷങ്ങളാണ് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിലെ നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് വിവാദം കത്തി നില്‍ക്കെ പ്രാദേശിക നേതാവിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുന്നവന്നതോടെ നേതാക്കള്‍ക്കെതിരേ പാര്‍ട്ടിക്കുള്ളിലും പ്രതിഷേധം രൂക്ഷമായി. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് അവകാശപ്പെട്ട 10.54 ലക്ഷം രൂപ സഹരണ ബാങ്ക് മുഖേന തട്ടിയെടുത്ത സിപിഎം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം. അന്‍വറും ഭാര്യയും സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കൗലത്തും ഒളിവിലാണ്.
തട്ടിപ്പില്‍ നേതാക്കളുടെ പങ്ക് വ്യക്തമാകണമെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. നേതാക്കളുടെ സംരക്ഷണത്തില്‍ ഒളിവില്‍ കഴിയുന്ന ഇരുവരേയും പിടികൂടാതിരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: