അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥിയായിരിക്കെ ഉള്ളിലുറച്ച സ്വാതന്ത്ര്യ ദാഹമാണ് ജോര്‍ജ് കുര്യനെ ബിജെപിയിലെത്തിച്ചത്. ഇന്ദിരയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ തെരുവുകളില്‍ പ്രതിഷേധാഗ്നി പടര്‍ത്തിയ ജയപ്രകാശ് നാരായണനായിരുന്നു ആദ്യ ഹീറോ. സ്കൂള്‍ കുട്ടിയായിരിക്കെ എറണാകുളത്ത് ജെപിയുടെ പ്രസംഗം കേട്ടുനിന്നത് ഇപ്പോഴും ഓര്‍മയിലുണ്ട്. അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്നവര്‍ ഒരുമിച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിനൊപ്പം ചേര്‍ന്നു. ആര്‍എസ്എസ് പശ്ചാത്തലമുള്ളവരായിരുന്നു അവിടെ അടുത്ത സുഹൃത്തുക്കള്‍. പിന്നീട് ജനതാ പാര്‍ട്ടി പിളര്‍ന്ന് ബിജെപി രൂപംകൊണ്ടപ്പോള്‍ അവര്‍ക്കൊപ്പം ബിജെപിയിലെത്തി. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും സ്വാധീനമുണ്ടായിരുന്ന കോട്ടയത്തെ ക്രൈസ്തവ കുടുംബാംഗമായ ജോര്‍ജ് കുര്യന് എങ്ങനെ ബിജെപി നേതാവായെന്നതിന്റെ ചുരുക്കമാണിത്. വിദ്യാര്‍ഥി ജനതയിലൂടെ പൊതുപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ജോര്‍ജ് കുര്യന് പിന്നീട് വിദ്യാര്‍ഥി മോര്‍ച്ചയുടെ യൂണിറ്റ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും വക്താവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായി. 2017ല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്‍മാനായി. ഇപ്പോള്‍, കേരളത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായി രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാവുകയാണ് ജോര്‍ജ് കുര്യന്.
ആദ്യമായാണ് കേരളത്തില്‍ നിന്നൊരാള്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്മാന് പദവി വഹിച്ചത്. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് എന്താണ് വിലയിരുത്തല്‍ ശുപാര്‍ശ നല്‍കുക മാത്രമാണ് കമ്മീഷന് ചെയ്തുവന്നിരുന്നത്. മാധ്യമ വാര്‍ത്തകള്‍ക്കപ്പുറം ഇതിന് സ്ഥാനമുണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് ഉപകാരമുണ്ടാകുന്നതിന് കമ്മീഷനുള്ള സിവില്‍ കോടതിയുടെ അധികാരം ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഒരു ന്യൂനപക്ഷ സമുദായത്തെ കുടിയിറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് ആദ്യം സ്റ്റേ ചെയ്തത്. അവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കമ്മീഷന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇടപെടാന്‍ വിസമ്മതിച്ചു. മേലുദ്യോഗസ്ഥന് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ മൊഴി നല്‍കിയതിന് വേട്ടയാടപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് അനുകൂലമായി ഉത്തരവിട്ടിരുന്നു.
മദ്രാസ് ഹൈക്കോടതി ഒരു വിധിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കമ്മീഷന് ഇടപെട്ടു. തുടര്‍ന്ന് കോടതി പരാമര്‍ശം പിന്‍വലിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിജ്ഞാന കൈരളി മാസിക കുരിശിനെയും കുമ്പസാരത്തെയും ആക്ഷേപിച്ച് രണ്ട് തവണ എഡിറ്റോറിയല്‍ എഴുതി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കമ്മീഷന് ഇടപെട്ടതിനെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ മാപ്പ് പറഞ്ഞു.
കമ്മീഷന് അംഗങ്ങളെ സര്‍ക്കാരാണ് നിയമിക്കുന്നത്. അതിനാല്‍ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങള്‍ ഉയരാറുണ്ട് എന്റെ പ്രവര്‍ത്തനത്തില്‍ ഇത്തരം ആരോപണങ്ങള്‍ വന്നിട്ടില്ല. നിയമപരമായി മാത്രമാണ് പ്രവര്‍ത്തിച്ചത്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയ പശ്ചാത്തലമുള്ളവര്‍ ജഡ്ജിമാരാകുന്നില്ലെ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കമ്മീഷന് ഇടപെട്ടിട്ടുണ്ട്. കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഞങ്ങള്‍ ഉയര്‍ത്തിയത്. ഇടുക്കി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കുടുംബത്തിന് ജോലിയും സാമ്പത്തിക സഹായവും നല്‍കണമെന്നത് ഉള്‍പ്പെടെ കേരള സര്‍ക്കാര്‍, കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പലതും നടപ്പാക്കിയിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തില്‍ കമ്മീഷന് നടത്തിയ ശക്തമായ ഇടപെടല്‍ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്തിരുന്നല്ലോ.
കോഴിക്കോട്ടും ദല്‍ഹിയിലും അടുത്തിടെ രണ്ട് സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ് കമ്മീഷന് ഇടപെട്ടത്. കോഴിക്കോട്ട് 19കാരിയെ പീഡിപ്പിച്ച് മതംമാറ്റാന്‍ ശ്രമമുണ്ടായി. പള്ളിയുടെ കോമ്പൗണ്ടില്‍ കയറിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ നീക്കം നടത്തിയത്. തിരിച്ചാണ് സംഭവിച്ചതെങ്കില്‍ കേരളത്തില്‍ കലാപമുണ്ടാകുമായിരുന്നില്ലെ? ദല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്തി. ഈ സംഭവങ്ങളില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിച്ചു. ഏറെക്കാലം മൗനത്തിലായിരുന്ന ക്രൈസ്തവ സമൂഹം ലൗ ജിഹാദിനെതിരെ ഇപ്പോള്‍ പരസ്യമായി പ്രതികരിക്കുന്നുണ്ട്. 2009ല്‍ കേരള ഹൈക്കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെ വിഷയം കെസിബിസിയുടെ കമ്മീഷന് ഫോര്‍ കമ്യൂണല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന് അന്വേഷിച്ചിരുന്നു. 2006 മുതല്‍ 2008 വരെ 2,868 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയായി മതംമാറിയിട്ടുണ്ടെന്നാണ് അവര്‍ കണ്ടെത്തിയത്. സാധാരണ കേരളത്തിലെ വിഷയങ്ങളില്‍ റിപ്പോര്‍ട്ട് കൃത്യമായി നല്‍കുന്നതാണ്. എന്നാല്‍ ഇതില്‍ ലഭിച്ചിട്ടില്ല. അന്വേഷിക്കാനുള്ള സമയമെടുക്കുന്നതാകാം കാരണം.
ലൗ ജിഹാദ് വ്യാജപ്രചാരണമെന്നാണ് മുസ്ലിം സംഘടനകളും സിപിഎമ്മും കോണ്‍ഗ്രസ്സും ആരോപിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്കിയ മറുപടിയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു ലൗ ജിഹാദ് ബിജെപിയുടെ പ്രചാരണമാണെന്നാണ് ഇവരൊക്കെ ആദ്യം പറഞ്ഞിരുന്നത്. ക്രൈസ്തവ സഭകളുടെ നിലപാടോടെ ഈ വാദം പൊളിഞ്ഞില്ലെ? ഇതര മതസ്ഥരെ മതംമാറ്റി ഐഎസ് കേന്ദ്രത്തിലെത്തിച്ച സംഭവങ്ങള്‍ മുന്നിലുള്ളപ്പോഴും ഇതിനെ നിസാരവത്കരിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണ്. ലൗ ജിഹാദ് ഇല്ലെന്നല്ല, ലൗ ജിഹാദിന് നിയമത്തില്‍ നിര്‍വചനം ഇല്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. ഇത് നിര്‍വചിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഇസ്ലാമിലേക്കല്ല, ഇസ്ലാമിക ഭീകരതയിലേക്കാണ് ലൗ ജിഹാദിലൂടെ മതപരിവര്‍ത്തനം നടക്കുന്നത്.
ന്യൂനപക്ഷ സംരക്ഷകരായി അവകാശപ്പെടുന്ന ഇടത്, വലത് മുന്നണികള്‍ ക്രൈസ്തവ സമൂഹത്തിന്റെ ഈ ആശങ്ക ദൂരീകരിക്കാനോ പരിശോധിക്കാനോ പോലും തയാറാകുന്നില്ലല്ലോ. ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറയുന്നു എന്നതാണ് കാരണം. മുസ്ലിം സമുദായത്തിന്റേത് വര്‍ദ്ധിക്കുന്നു. ക്രിസ്ത്യന്‍ സ്വാധീനമുള്ള മണ്ഡലങ്ങളുടെ എണ്ണത്തിലും കുറവുണ്ടായി.
ന്യൂനപക്ഷമെന്നാല്‍ മുസ്ലീങ്ങള്‍ മാത്രമാണെന്ന മനോഭാവമാണ് ഇടതിനും വലതിനും. അവരുടെ വോട്ടിന് വേണ്ടിയാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍, പ്രാധാന്യം, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവരെ കോണ്‍ഗ്രസും സിപിഎമ്മും കൈയൊഴിയുകയാണ്.
ക്രൈസ്തവ സമൂഹത്തിന് ബിജെപിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പൂര്‍ണമായി മാറിയെന്ന് പറയാനാകുമോബിജെപിയെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കാന്‍ രണ്ട് പ്രബല മുന്നണികള്‍ക്കും അവരുടെ മാധ്യമങ്ങള്‍ക്കും ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്. വലിയ തോതില്‍ തെറ്റിദ്ധാരണ പരത്താന്‍ അവര്‍ക്ക് കഴിയുന്നു. ഇപ്പോള്‍ തന്നെ പൗരത്വ നിയമ ഭേദഗതിയുടെ കാര്യം നോക്കൂ. ദല്‍ഹിയില്‍ കലാപം നടന്ന പ്രദേശങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളെ മുഴുവന്‍ പുറത്താക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അവര്‍ പറഞ്ഞത്. സിഎഎ ഇന്ത്യന്‍ പൗരന്മാരെ ബാധിക്കുന്നതല്ല. പക്ഷെ പ്രതിപക്ഷവും മാധ്യമങ്ങളും അങ്ങനെയാണ് പ്രചാരണം നടത്തുന്നത്.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി നിരവധി പദ്ധതികളുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ആയിരം മുതല്‍ ഒരു ലക്ഷം വരെ സ്കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. ഇത് വിവേചനമാണെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ. വിഭാഗീയതയുണ്ടാക്കി അത്തരം മാനസികാവസ്ഥയിലേക്ക് ഈ രാജ്യത്തെ ജനങ്ങളെ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷാവകാശങ്ങള്‍ ഇല്ലാതാക്കുകയെന്നതാണ് സിഎഎയെ എതിര്‍ക്കുന്നവരുടെ ഉദ്ദേശം.
ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ ബിജെപിയിലേക്ക് ഇപ്പോള്‍ കൂടുതലായി കടന്നുവരുന്നുണ്ട് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് ഇത് ഇടയാക്കും. ന്യൂനപക്ഷങ്ങള്‍ കൂടി വോട്ടു ചെയ്താണ് ബിജെപിക്ക് പലയിടത്തും പഞ്ചായത്ത് അംഗങ്ങളെ ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും ക്രൈസ്തവ വോട്ടുകള്‍ ധാരാളമായി പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തില്‍ അവര്‍ സത്യം തിരിച്ചറിഞ്ഞു. സിഎഎയെ പിന്തുണച്ച് സഭകള്‍ രംഗത്തുവന്നു. വ്യാജപ്രചാരണങ്ങളെ ചെറുത്ത് വസ്തുതകള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ സാധിച്ചാല്‍ ഏറെ മുന്നേറാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: