കൊച്ചി: സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മരണത്തിനു പിന്നില്‍ പാര്‍ട്ടി നേതാക്കളെന്ന് ആത്മഹത്യ കുറിപ്പ്. അയ്യനാട് സഹകരണബാങ്ക് ഡയറക്ടര്‍ വി.എ. സിയാദിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കളമശ്ശേരി സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് അടക്കമുള്ള നേതാക്കളാണെന്നാണ് ആരോപണം.
മരിച്ച സിയാദിന്റെ വാഹനത്തിനുള്ളില്‍നിന്നാണ് ബന്ധുക്കള്‍ക്ക് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ഉടന്‍തന്നെ ഇവര്‍ കുറിപ്പ് പോലീസിന് കൈമാറുകയും പരാതി നല്‍കുകയും ചെയ്തു. ഇത് സംബന്ധിച്ച് അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ ബാങ്കാണ് അയ്യനാട് സഹകരണബാങ്ക്. ഡയറക്ടര്‍ കൗലത്ത്, ഭര്‍ത്താവും സിപിഎം പ്രാദേശിക നേതാവുമായ അന്‍വര്‍ തുടങ്ങിയവര്‍ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളാണ്. ബാങ്കിനെതിരേയും പ്രളയ ഫണ്ട് തിരിമറി നടത്തിയത് സംബന്ധിച്ചും ആരോപണങ്ങള്‍ നിലിനില്‍ക്കേ ഈ മാസം ഒമ്പതിവാണ് സിയാദ് മരിക്കുന്നത്. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ പ്രളയ ഫണ്ട് തട്ടിപ്പില്‍ സിയാദിന് പങ്കില്ലെന്നും സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് അറിയിച്ചത്.
എന്നാല്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈന് ഉള്‍പ്പടെ പലരും അയാളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി നേതാവ് ജയചന്ദ്രന്, മറ്റൊരു ബ്രാഞ്ച് കമ്മിറ്റി നേതാവ് തുടങ്ങിയവര്‍ സിയാദിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ആത്മഹത്യാക്കുറിപ്പ് പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും തൃക്കാക്കര പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: