ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ മൂന്നുപേരില്‍ നിന്നും കൊറോണ വൈറസിനെ(കോവിഡ് 19) പിഴുതെറിഞ്ഞതിനേക്കാള് തീര്‍ത്തും വ്യത്യസ്തമായ അവസ്ഥയാണ് ഇപ്പോള്‍ സംസ്ഥാനത്ത്. സ്ഥിതി ഗൗരവതരമായതിനാലാണ് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും. നിയന്ത്രണങ്ങള്‍ വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. സാമൂഹിക സുരക്ഷയ്ക്ക് ആ നിയന്ത്രണങ്ങള്‍ അനുസരിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്.
ചൈനയിലെ വുഹാനില്‍ നോവല്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത് മുതല്‍ സംസ്ഥാനവും കടുത്ത ജാഗ്രതയിലായിരുന്നു. ഏറ്റവും കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥലം. അതുകൊണ്ടാണ് ചൈനയില്‍ നിന്ന് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിച്ചതും രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയതും. രാജ്യത്തെ ആദ്യ കൊറോണ വൈറസ് ജനുവരി 30ന് തൃശൂരിലെ വിദ്യാര്‍ത്ഥിനിക്ക് സ്ഥിരീകരിക്കുമ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പേ അവര്‍ ചികിത്സയിലായിരുന്നു. നിപ എന്ന ആളെക്കൊല്ലി മഹാവ്യാധിയെ തടഞ്ഞ് നിര്‍ത്തിയ അതേ പ്രവര്‍ത്തന രീതിയില്‍ കൊറോണയെ മൂന്നുപേരില്‍ ഒതുക്കിനിര്‍ത്തി.
ജനുവരി 18 മുതല്‍ വിവിധ തലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. അതിനാല്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എത്തിച്ചേര്‍ന്ന 1999 പേരെ കണ്ടെത്താനായി. ഇവരില്‍ 1924 പേരെ വീടുകളിലും 75 പേരെ ആശുപത്രികളിലുമാണ് നിരീക്ഷിച്ചത്. മൂന്നുപേരിലൊതുക്കി രോഗത്തെ ആരോഗ്യ വകുപ്പ് പിടിച്ച് കെട്ടി. ഫെബ്രുവരി പിന്നിടുമ്പോഴും ആയിരത്തിലധികം പേര് നിരീക്ഷണത്തിലുണ്ടായിരുന്നു. കൃത്യമായ നിരീക്ഷണവും സ്വയം ബോധ്യവും ഉണ്ടായാല്‍ രോഗം പകരാതെ തടയാനാകുമെന്ന് ലോകത്തിന് ആകമാനം കാണിച്ച് കൊടുക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെ അല്ല. ആദ്യം കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെടുമ്പോള്‍ അത് സമൂഹത്തിലേക്ക് പടര്‍ന്നിരുന്നില്ല. രോഗസ്ഥലത്ത് നിന്നും വന്നവരില്‍ മാത്രം ഒതുക്കി നിര്‍ത്താനായി. ഇപ്പോള്‍ ചെറിയ അശ്രദ്ധയല്ല അനാസ്ഥകൊണ്ട് അത് സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങി. വലിയ വിപത്തിന് തിരികൊളുത്തി.
ഇറ്റലിയില്‍ നിന്ന് ഗൃഹനാഥനും ഭാര്യയും മകനും സംസ്ഥാനത്ത് എത്തുമ്പോള്‍ 191 പേര് മാത്രമാണ് കോവിഡ്-19 നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇറ്റലിയില്‍ നിന്നെത്തിയവര്‍ ആ വിവരം ആരോഗ്യവകുപ്പില്‍ നിന്നും മറച്ച് വച്ചത്. കൃത്യമായി പരിശോധനയ്ക്ക് വിധേയരാകാതെയാണവര് സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിയത്. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അടുത്ത് ഇടപഴകിയത്. പൊതുസ്ഥലങ്ങളില്‍ സഞ്ചരിച്ചത്. അതിന്റെ വിപത്താണ് പത്തനംതിട്ടയില്‍ അനുഭവിക്കുന്നത്. 11പേരാണ് പത്തനംതിട്ടയില്‍ നിന്നുമാത്രം രോഗബാധിതരായത്. അതിനാലാണ് കൊല്ലവും കോട്ടയവും എറണാകുളവും കോവിഡ്-19 നിരീക്ഷണ ജില്ലകളായത്. രണ്ട് വിമാനത്തില്‍ എത്തിയവരെ മാത്രമല്ല ദോഹ, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുകള്‍, അവിടത്തെ ജീവനക്കാര്‍, അവിടെ വന്നവര്‍ എന്നിവരെ അടക്കം രോഗഭീതിയിലാഴ്ത്തിയത്.
രോഗവാഹകര്‍ സഞ്ചരിച്ച വഴിയിലൂടെ അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരക്കം പായുകയാണ്. ആരോഗ്യവകുപ്പ് മാത്രമല്ല സംസ്ഥാനം ഒന്നടങ്കം. ചെറിയ വീഴ്ചയ്ക്ക് (ഇറ്റലിയില്‍ നിന്നെത്തിയ മൂന്നുപേരുടെയോ സര്‍ക്കാരിന്റെയോ വീഴ്ചയ്ക്ക്) സംസ്ഥാനം മുഴുവന്‍ വലിയ വിലകൊടുക്കുന്നു. നിപ രോഗ ബാധയെ തടഞ്ഞത് പോലെ രോഗബാധിതര്‍ സഞ്ചരിച്ച വഴിയിലൂടെ ഒരു അന്വേഷണം നടത്തി ഇവരുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുക എന്നത് പ്രയാസമാണ്. കാരണം നിപ വൈറസ് സ്ഥിരീകരിക്കപ്പെടുമ്പോള്‍, അതിന്റെ വ്യാപന രീതിയും അളവും കുറവായിരുന്നു. അതായത് വൈറസ് ബാധിച്ച് ഒരാള്‍ ആശുപത്രിയില്‍ ആകുന്ന അവസ്ഥയില്‍ അല്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ മാത്രമാണ് വൈറസ് പടരുന്നത്. അതുകൊണ്ടാണ് നിപ വൈറസ് ആശുപത്രിയില്‍ നിന്നു പടര്‍ന്നത്. രോഗിയെ പരിചരിച്ചവരിലേക്കും അടുത്ത് കിടന്നവരിലേക്കും വൈറസ് എത്തിയത്.
എന്നാല്‍ കോവിഡ്-19 അങ്ങനെയല്ല. രോഗലക്ഷണം ഇല്ലെങ്കില്‍കൂടി അത് പകരാം. അതായത് വൈറസ് ബാധയേറ്റയാള്‍ക്ക് പനി, ജലദോഷം തൊണ്ടവേദന പോലുള്ള രോഗലക്ഷണങ്ങള്‍ക്ക് പകരം തൊണ്ടയിലെ കിരുകിരുപ്പ് കൂടി ഇല്ലെങ്കിലും വൈറസ് പടരും. എയര്‍ബോണ്‍ ഡിസീസ് വിഭാഗത്തില്‍ പെടുന്ന വൈറസ് ആയതിനാല്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉള്ള സ്രവങ്ങളിലൂടെ വേഗത്തില്‍ പടരും. സ്രവങ്ങള്‍ ഉള്ളിടത്ത് സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ പോലും വൈറസ് പകരാം. അതുകൊണ്ടാണ് ഇവര്‍ക്ക് രോഗ ലക്ഷണം ഉണ്ടാകുന്നതിന് മുമ്പ് സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് തീവ്രയജ്ഞം നടത്തുന്നത്.
അതിന്റെ ഭാഗമായാണ് ഇവര്‍ സഞ്ചരിച്ച വഴികളും സമയവും സ്ഥലങ്ങളും എല്ലാം ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തിയത്. രോഗബാധിതര്‍ പോയസ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍, അവര്‍ ഉപയോഗിച്ച സാധനങ്ങള്‍ എടുത്തവര്‍ തുടങ്ങി എല്ലാവരെയും കണ്ടെത്തിക്കൊണ്ട് രോഗവ്യാപനം തടയാന്‍ ശ്രമിക്കുന്നത്. അതിന് ആരോഗ്യവകുപ്പ് വിചാരിച്ചതു കൊണ്ടുമാത്രം വിജയം കൈവരിക്കാനാകില്ല. ആരോഗ്യവകുപ്പ് പുറത്തിറക്കിയ സ്ഥല വിവരപട്ടികയില്‍ ഓരോരുത്തരും ഉണ്ടോ എന്ന് സ്വയം വിലയിരുത്തണം. ഉണ്ടെങ്കില്‍ ഒരു രോഗ ലക്ഷണവും ഇല്ലെങ്കിലും ആ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം. ഒപ്പം അവര്‍ കണ്ടിട്ടുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിക്കണം. അവരുടെ വിവരങ്ങളും ആരോഗ്യ വകുപ്പിന് കൈമാറണം. എന്നിട്ട് സ്വയം വീടിനുള്ളില്‍ പ്രത്യേക മുറിയിലേക്ക് മാറണം. 28 ദിവസം കുടംബത്തിനും
സമൂഹത്തിനും വേണ്ടി മാറ്റിവയ്ക്കാന്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ ലോകത്താകമാനം ആയിരക്കണക്കിനാളുകളുടെ ജീവനെടുക്കുന്ന ഈ രോഗത്തെ തടഞ്ഞു നിര്‍ത്താനാകൂ. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി, ദുഃഖകരമായ വാര്‍ത്തയാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം പങ്കുവച്ചത്. നിരീക്ഷണത്തിലുള്ള 40 ശതമാനത്തോളം പേര് വിവരങ്ങള്‍ കൈമാറാനോ നിരീക്ഷണത്തിലിരിക്കാനോ തയാറല്ല എന്നാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് ജനങ്ങള്‍. അതിനെ ആപത്തിലാക്കുന്നത് എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ല. അത്തരക്കാരെ കോവിഡ്-19 നെക്കാള്‍ വലിയ വിപത്തായി കാണണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമം കര്‍ക്കശമാക്കുന്നതില്‍ തെറ്റില്ല.
വിമാനത്താവളങ്ങളിലെ പരിശോധന കൊണ്ട് മാത്രം രോഗവ്യാപനം തടയാനാകില്ല. ദല്‍ഹി, ഹരിയാന, രാജസ്ഥാന്, തെലങ്കാന, ഉത്തര്‍പ്രദേശ്, ലഡാക്, തമിഴ്നാട്, ജമ്മു-കശ്മീര്‍, പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നു മറ്റ് സംസ്ഥാനങ്ങളിലേക്കും കേരളത്തില്‍ നിന്നു പുറത്തേക്കുമുള്ള യാത്രാ മാര്‍ഗങ്ങളും നിരീക്ഷിക്കപ്പെടണം. പനിയോ ചുമയോ ജലദോഷമോ അടക്കമുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്രകളില്‍ നിന്നു സ്വയം ഒഴിഞ്ഞു നില്‍ക്കണം. രോഗവ്യാപനത്തെ ഭയപ്പെടുകയല്ല, ധീരതയോടെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയാറാവുകയാണു വേണ്ടത്. അത് പൗധര്മമായി കാണണം. എങ്കില്‍ മാത്രമേ ലോകത്താകമാനം പടര്‍ന്നുപിടിക്കുന്ന വിനാശകാരിയെ വേരോടെ പിഴുതെടുക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: