ആത്മസ്വരൂപം
അടുത്ത 12 ശ്ലോകങ്ങളിലായി ആത്മസ്വരൂപത്തെ വിവരിക്കുന്നു.
ശ്ലോകം 124
അഥ തേ സംപ്രവക്ഷ്യാമി സ്വരൂപം പരമാത്മനഃ
യത് വിജ്ഞായ നരോ ബന്ധാത് മുക്തഃ കൈവല്യമശ്നുതേ
പരമാത്മസ്വരൂപമെന്താണെന്ന് ഇനി ഞാന്‍ നിനക്ക് ഉപദേശിക്കാം.ഇതറിഞ്ഞാല്‍ മനുഷ്യന് അയാളുടെ ജീവത്വ ബന്ധനത്തില്‍ നിന്ന് മുക്തനായി കൈവല്യത്തെ നേടും.
ആത്മാവല്ലാത്തത് ഏതൊക്കെ എന്നറിയുന്നത് വാസ്തവത്തില്‍ ആത്മാവേതെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ്. ആത്മാവിനേയും അനാത്മാവിനെയും തിരിച്ചറിയേണ്ടത് ഓരോ സാധകന്റെയും ഉത്തരവാദിത്വമാണ്. അത് വേണ്ട വിധത്തിലുള്ള ഗുരു ഉപദേശം കൊണ്ടും ശ്രവണം കൊണ്ടുമാണ്. അതിനെ പറഞ്ഞു തരാന്‍ തയ്യാറാണെന്ന് ഗുരു ശിഷ്യരോട് വ്യക്തമാക്കുന്നു.
ആത്മസ്വരൂപത്തെ അറിഞ്ഞാല്‍, സാക്ഷാത്കരിച്ചാല്‍ മനുഷ്യര്‍ എല്ലാ പരിമിതികളില്‍ നിന്നും അനാത്മബന്ധത്തില് നിന്നും അധമമായ ആവശ്യങ്ങളില്‍ നിന്നും മുക്തനാവും. ശരീരം, മനസ്സ്, ബുദ്ധി തുടങ്ങിയവയുമായി അവിവേകത്താല്‍ ഉണ്ടായ താദാത്മ്യവും അതേ തുടര്‍ന്നുണ്ടായ അനര്‍ത്ഥങ്ങളില്‍ നിന്നും മോചനമുണ്ടാകും.
ശരീരം മുതലായ ഉപാധികളില്‍ നിന്നും അതുമായി ബന്ധവെട്ട കര്‍തൃത്വ ഭോക്തൃത്വ അഭിമാനത്തില്‍ നിന്നും വിഷയ വികാര വിചാര അനുഭവമണ്ഡലങ്ങളില്‍ നിന്നുമുള്ള മോചനമാണ് കൈവല്യം. ജീവന് തന്റെ ഉപാധികളില്‍ നിന്നും വിഷയങ്ങളില്‍ നിന്നും മോചനം നേടുമ്പോഴാണ് സ്വ സ്വരൂപമായ ശുദ്ധ ജ്ഞാനം നേടുക. ഇത് തന്നെയാണ് കൈവല്യം. ദൃശ്യങ്ങളൊന്നുമില്ലാത്ത ദ്രഷ്ടാവ് മാത്രമാണ് ആത്മാവ്. തന്നില്‍ നിന്ന് വേറിട്ട് ഒന്നും തന്നെ ആത്മാവിന് കാണാനില്ല. ആത്മസ്വരൂപം തന്നെയാണ് എല്ലാം.
ശ്ലോകം 125
അസ്തി കശ്ചിത് സ്വയം നിത്യം അഹം പ്രത്യയ ലംബനഃ
അവസ്ഥാത്രയസാക്ഷി സന് പഞ്ചകോശവിലക്ഷണഃ
ഞാന്‍ എന്ന ബോധത്തിന് ആധാരമായി അവസ്ഥാ ത്രയങ്ങള്‍ക്ക് സാക്ഷിയായി പഞ്ചകോശങ്ങളില്‍ നിന്ന് വേറിട്ട് നിത്യനായി മറ്റ് അപേക്ഷയില്ലാതെ സ്വയം നിലനില്‍പ്പുള്ള ആത്മാവുണ്ട്.=
ഞാന്‍ എന്ന ബോധം എല്ലായ്പ്പോഴുമുണ്ട്. അത് എല്ലാ അവസ്ഥകളിലും മാറാതെയിരിക്കുന്നു. ഞാന്‍ സുഖിയാണ്, ഞാന്‍ ദു:ഖിയാണ് ,ഞാന്‍ ധനികനാണ്, ഞാന്‍ ശക്തനാണ് എന്നിങ്ങനെ പറയുന്ന അവസ്ഥകള്‍ക്കെല്ലാം മാറ്റമുണ്ട്. ശരീരം മനസ്സ്, ബുദ്ധി എന്നിവയുടേയും പുറം ലോകത്തിന്റെയും അവസ്ഥകള്‍ മാറുന്നതാണ്.ഈ മാറ്റങ്ങള്‍ നടക്കുമ്പോഴും അവയെല്ലാം അറിഞ്ഞ് മാറാതെ ഉള്ളിലിരിക്കുന്നതാണ് യഥാര്‍ത്ഥ ഞാന്‍.
‘ഞാന്‍.. ഞാന്‍ ‘ എന്ന ഭാവത്തില്‍ എല്ലാ അനുഭവങ്ങള്‍ക്കും ആധാരമായി ഇരിക്കുകയാണ്. ശൈശവം, ബാല്യം, കൗമാരം, യൗവനം, മധ്യവയസ്സ്, വാര്‍ദ്ധക്യം എന്നിവയിലൊന്നും ‘ഞാന്‍’ മാറിയിട്ടില്ല. എന്റെ ശരീരവും മനസ്സുമൊക്കെ മാറിയിട്ടുണ്ടാകും. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും സുഷുപ്തിയിലും മാറാതെ ഞാനുണ്ട്. സുഖത്തിലും ദുഃഖത്തിലും തുടങ്ങി എല്ലാ മാറ്റങ്ങളിലും ഞാന്‍ മാറാതിരിക്കും.
ഞാന്‍ എന്ന ഭാവത്തിലും പുറകിലായി എല്ലാറ്റിനും ആധാരമായി മാറാതെ നിലകൊള്ളുന്നതാണ് ശുദ്ധ ബോധസ്വരൂപമായ ഞാന്‍. ഏതൊക്കെ അവസ്ഥകളുണ്ടായാലും അവയ്ക്കൊക്കെ സാക്ഷിയായിരിക്കുന്നതാണ്. എല്ലാ അവസ്ഥകളിലേയും അനുഭവങ്ങളെ ആത്മസ്വരൂപിയായ ഞാന്‍ അറിയുന്നുണ്ട്. എന്നാല്‍ ഒന്നിലും ഇടപെടുന്നില്ല. പഞ്ചകോശങ്ങളില്‍ നിന്ന് വേറിട്ടവനാണ് ആത്മാവ്. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിവയാണ് പഞ്ചകോശങ്ങള്‍. ഇവ ശരീരവും ഇന്ദ്രിയങ്ങളും മനസ്സും പ്രാണനു മനസ്സും ബുദ്ധിയുമുള്പ്പടെയുള്ള എല്ലാ ഉപാധികളുടെയും കൂട്ടമാണ്. അതിനാല്‍ തന്നെ സ്ഥൂല, സൂക്ഷ്മ , കാരണ ശരീരങ്ങള്‍ക്ക് വേറിട്ടതുമാണത്.
എല്ലാറ്റില്‍ നിന്നും വേറിട്ട് എല്ലാറ്റിനും സാക്ഷിയായി ആത്മാവ് കുടികൊള്ളുന്നു. മറ്റുള്ളവയെയൊന്നും അതിന് ആശ്രയിക്കേണ്ടതില്ല.അതിന്റെ ഉണ്മയാണ് മറ്റെല്ലാം ഉള്ളതാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: