എല്ലാ ഭേദചിന്തകളും മാറ്റിവച്ച് ഒറ്റക്കെട്ടായി ഒരു മഹാദുരന്തത്തെ നേരിട്ട കേരളത്തില്‍ തന്നെ ആ ദുരന്തത്തെ വിറ്റുകാശാക്കുന്നവരും ജീവിക്കുന്നു എന്ന അറിവ് ഒരേസമയം ഞെട്ടലും ഭീതിയും നിരാശയും ജനിപ്പിക്കുന്നു. പ്രളയക്കെടുതികളില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ അണ്ണാരക്കണ്ണനും തന്നാലായത് എന്ന ചിന്തയോടെ ഓരോ മലയാളിയും മുണ്ട് മുറുക്കിയുടുത്ത് കൈയയച്ച് സംഭാവന നല്കിയവരാണ്. പ്രളയ സെസ് എന്ന പേരില്‍ കേരളത്തിലെ ഒരോ പൗരനും പ്രളയഫണ്ടിലേക്ക് ഇപ്പോഴും സംഭാവനകളര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ട് കേരളം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തന്നെ മോഷ്ടിക്കുന്നത് അമ്പരപ്പോടെ മാത്രമേ കാണാനാകൂ. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 13 ലക്ഷം രൂപയാണ് ഏതാനും സിപിഎം പ്രവര്‍ത്തകര്‍ തട്ടിയെടുത്തത്. ബുധനാഴ്ച ഒരു സിപിഎം നേതാവും അയാളുടെ ഭാര്യയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നു. ഇതേ കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇരുവരും സിപിഎമ്മിന്റെ ഒരേ ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങളത്രേ. പ്രതികള്‍ എറണാകുളം കളക്ട്രേറ്റിലെ പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 13 ലക്ഷം രൂപ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. 10,54,000 രൂപ തൃക്കാക്കര അയ്യനാട് സഹകരണ ബാങ്കിലേക്കും രണ്ടര ലക്ഷം രൂപ ദേനാ ബാങ്കിന്റെ കാക്കനാട് ബ്രാഞ്ചിലേക്കും മാറിയ ശേഷം പ്രതികള്‍ പിന്‍വലിക്കുകയാണുണ്ടായത്. തൃക്കാക്കര അയ്യനാട് സഹകരണ ബാങ്ക് സിപിഎമ്മാണ് ഭരിക്കുന്നത്. ട്രഷറി വഴി അഞ്ച് തവണകളായാണ് 10.54 ലക്ഷം രൂപ ഈ ബാങ്കിലേക്ക് എത്തിയത്.
പ്രളയദുരിതാശ്വാസത്തിന് ജനങ്ങളും വിവിധ സ്ഥാപനങ്ങളും കേന്ദ്രസര്‍ക്കാരും വിദേശ ഏജന്‍സികളുമെല്ലാം കൈയയച്ച് സംഭാവന നല്‍കിയിരുന്നു. നാശം സംഭവിച്ച പൊതുനിരത്തുകളും പാലങ്ങളുമെല്ലാം പുതുക്കിപ്പണിയുന്നതിനും വീടുള്‍പ്പെടെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആ നഷ്ടം നികത്തുന്നതിനുമായി ലോക ബാങ്കില്‍ നിന്ന് വായ്പയായി എടുത്ത പണം വകമാറ്റി ചെലവഴിച്ചുമെന്ന വാര്‍ത്ത കഴിഞ്ഞ മാസമാണ് നാം വായിച്ചത്. ഇപ്പോഴിതാ നാട്ടുകാരില്‍ നിന്ന് ഇതേ ആവശ്യങ്ങള്‍ക്കായി സ്വരൂപിച്ച പണത്തിലൊരു പങ്ക് ഭരണകക്ഷിക്കാര്‍ തന്നെ കൊള്ളയടിച്ചെന്ന വാര്‍ത്തയും പുറത്തു വന്നിരിക്കുന്നു. പ്രളയക്കെടുതിയില്‍ വീടില്ലാതായ, സര്‍വ്വവും നഷ്ടപ്പെട്ട വയനാട്ടിലെ സനില്‍ എന്നയാള്‍ ധനസഹായത്തിനായി കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ ഒരു തുണ്ട് കയറില്‍ ജീവിതമവസാനിപ്പിച്ചു. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര സഹായമായി നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞ പതിനായിരം രൂപ പോലും കിട്ടാത്തയാളാണ് സനില്‍. പിണറായി സര്‍ക്കാര്‍ കൊട്ടിഗ്ഘോഷിക്കുന്ന ലൈഫ് പദ്ധതി പ്രകാരവും സനിലിന് വീട് ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അനര്‍ഹരായ നിരവധി പേര്‍ക്ക് ധനസഹായം ലഭിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹരായ പലരും സഹായം ലഭിക്കാതെ ഇപ്പോഴും കഴിയുകയാണ്. കേരളത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ നിരവധി ആളുകള്‍ പ്രളയക്കെടുതിയില്‍ നിന്ന് കരകയാറാനാകാതെ കഴിയുമ്പോഴും വിവിധ പദ്ധതികളുടെ പേരില്‍ ആഘോഷങ്ങളും ധൂര്‍ത്തും നടത്തുന്ന സര്‍ക്കാരും പ്രളയഫണ്ട് തിരിമറി നടത്തുന്ന പാര്‍ട്ടി നേതാക്കളും കേരളത്തിന്റെ ശാപമാണെന്ന് പറയാതിരിക്കാനാവില്ല.
എറണാകുളം ജില്ലാ കളക്ടറുടെ പ്രളയദുരിതാശ്വാസ ഫണ്ട് ഏതാനും പ്രാദേശിക സിപിഎം നേതാക്കള്‍ തട്ടിയെടുത്തത് കളക്ടറേറ്റിലെ സിപിഎമ്മുകാരായ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്ന് വ്യക്തമായിട്ടുണ്ട്. ഫണ്ട് തട്ടിയെടുക്കുന്നതിന് സഹായിച്ച വിഷ്ണുപ്രസാദ് എന്ന ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഫണ്ട് മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് വ്യക്തമാകുന്നത്.
പ്രളയാനന്തര ദുരിതാശ്വാസ പ്രവൃത്തികള്‍ക്കായി ലോക ബാങ്ക് അനുവദിച്ച വായ്പ വകമാറ്റി ചെലവഴിച്ചതും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ധൂര്‍ത്തിനും ആഘോഷങ്ങള്‍ക്കും ഒരു കുറവും വരുത്താത്തതും പ്രളയക്കെടുതിയില്‍ പെട്ട ആയിരങ്ങളോടു കാണിക്കുന്ന ക്രൂരതയാണ്. അതിന് പുറമെ ജില്ല കളക്ടറേറ്റില്‍ പിഞ്ചു വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ നുള്ളിപ്പെറുക്കി കൂട്ടിവച്ച് എത്തിച്ചുകൊടുത്ത സ്നേഹത്തിന്റെയും കരുതലിന്റെയും നനവുള്ള ആ പണം കൂടി കവരാന്‍ ശ്രമിച്ചവരെ പതിവുപോലെ സിപിഎം പാര്‍ട്ടിതല അന്വേഷണം നടത്തി വെറുതെ വിട്ടാലും കേരളീയ സമൂഹം മാപ്പ് നല്‍കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: