പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ച് വ്യക്തമാക്കിയത് വടക്കുകിഴക്കന്‍ ദല്‍ഹിയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. മുന്‍പ് ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെ പരാമര്‍ശിക്കുകയുണ്ടായി. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ തീവ്രവാദ സ്വഭാവത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടായിരുന്നു ഇത്. ഇസ്ലാമിക തീവ്രവാദ സംഘടനയായ എസ്ഡിപിഐയുടെ പേരെടുത്തു പറഞ്ഞുകൊണ്ടുള്ള പിണറായിയുടെ പ്രസ്താവനക്കെതിരെ മുസ്ലിംലീഗ് അടക്കമുള്ള സംഘടനകള്‍ നിശിത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി പ്രസ്താവന ആവര്‍ത്തിച്ചതില്‍നിന്ന് മനസ്സിലാക്കേണ്ടത്.
നുണകളുടെ ഘോഷയാത്രയ്ക്കിടെ ആരെങ്കിലുമൊരാള്‍ സത്യം പറയുന്നത്, അത് എത്ര പരിമിതമാണെങ്കിലും സന്തോഷകരമായിരിക്കും. സംസ്ഥാനത്തിന്റെ ഭരണാധിപന്‍തന്നെ അതിന് തയാറായതില്‍ പ്രത്യേക പ്രാധാന്യമുണ്ട്. എന്നാല്‍ പൗരത്വനിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് പിണറായി പറഞ്ഞത് അര്‍ദ്ധസത്യം മാത്രമാണെന്ന വസ്തുത കാണാതെ പോകരുത്. നിയമവാഴ്ചയെയും മതസൗഹാര്‍ദ്ദത്തെയും രാജ്യരക്ഷയെപ്പോലും അപകടപ്പെടുത്തുന്ന മുഴുവന്‍ സത്യവും അംഗീകരിക്കാനും, അത് ജനങ്ങളെ ബോധ്യപ്പെടുത്താനും മുഖ്യമന്ത്രി മടിക്കുകയാണ്.
പിണറായി പറയുന്നതുപോലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ നുഴഞ്ഞുകയറുകയോ അതിന് ശ്രമിക്കുകയോ മാത്രമല്ല ഇസ്ലാമിക ഭീകരര്‍ ചെയ്തത്. പല സംഘടനകളിലായി വിഭജിക്കപ്പെട്ടു കിടക്കുന്ന അവര്‍ പരസ്പരം കൈകോര്‍ത്ത് നയിച്ച പ്രക്ഷോഭങ്ങളില്‍ യാതൊരു മടിയും കൂടാതെ അണിചേരുകയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ചെയ്തത്. സാധാരണ അണികള്‍ മാത്രമല്ല, ഈ പാര്‍ട്ടികളുടെ നേതാക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഇതില്‍പ്പെടുന്നു. സിപിഎം സംഘടിപ്പിച്ച പ്രക്ഷോഭങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ഇമാം കൗണ്‍സില്‍, പിഡിപി മുതലായ സംഘടനകളില്‍പ്പെടുന്നവരും, ഈ സംഘടനകള്‍ നടത്തിയ പരിപാടികളില്‍ സിപിഎമ്മുകാരും വ്യാപകമായി പങ്കെടുക്കുന്നതാണ് കേരളം കണ്ടത്. പ്രകടനങ്ങളിലും മറ്റും മുഴങ്ങിക്കേട്ടത് കശ്മീര്‍ ഭീകരര്‍ വിളിക്കുന്ന ‘ആസാദി’ മുദ്രാവാക്യമായിരുന്നു. ഓരോ പ്രദേശത്തും മതതീവ്രവാദികളായി അറിയപ്പെടുന്നവരാണ് ഈ മുദ്രാവാക്യം മുഴക്കിയത്. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും അംഗങ്ങള്‍ ആവേശത്തോടെ ഏറ്റുവിളിക്കുകയായിരുന്നു. ഇത്രയും വസ്തുതകള്‍ പകല്‍പ്പോലെ വ്യക്തമാണ്. മുഖ്യമന്ത്രി ഒരു പ്രസ്താവന നടത്തിയതുകൊണ്ടുമാത്രം ഇവയൊക്കെ മാഞ്ഞുപോകില്ല.
പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്താല്‍ത്തന്നെ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതില്‍ പ്രകടമായ വൈരുദ്ധ്യമുണ്ട്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി തിരിച്ചറിയുന്ന ഈ സത്യം സിപിഎമ്മിന് ബോധ്യമാകാത്തത്? പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ മറ്റെതെങ്കിലും പാര്‍ട്ടി നേതാവോ ഇങ്ങനെ പറയുന്നില്ല എന്നു മാത്രമല്ല, തന്റെ പ്രസ്താവനയുടെ പേരില്‍ മുഖ്യമന്ത്രി വിമര്ശിക്കപ്പെട്ടപ്പോള് പാര്‍ട്ടി നേതൃത്വം ശക്തമായി പ്രതിരോധിക്കുകയും ചെയ്തില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥമല്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന് അറിയാം എന്നതുതന്നെ കാരണം. തന്റെ പ്രസ്താവനയെ പ്രധാനമന്ത്രി മോദി ശരിവച്ചപ്പോള്‍ തള്ളിപ്പറയുകയാണല്ലോ മുഖ്യമന്ത്രി ചെയ്തത്. ”പ്രധാനമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അപലപനീയവും” എന്നാണ് പിണറായി പ്രതികരിച്ചത്! ഒരേ കാര്യം മുഖ്യമന്ത്രി പിണറായി പറയുമ്പോള്‍ ശരിയും പ്രധാനമന്ത്രി പറയുമ്പോള്‍ തെറ്റുമാകാന്‍ വഴിയില്ലല്ലോ.
കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ മറ്റിടങ്ങളിലും പൗരത്വനിയമത്തിനെതിരെന്ന പേരില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. എസ്ഡിപിഐയിലും പോപ്പുലര്‍ ഫ്രണ്ടിലുമുള്ളവരാണ് ഇവയില്‍ പലതും ആസൂത്രണം ചെയ്തതെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. കര്‍ണാടകയിലും ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമൊക്കെ ഇത്തരക്കാര്‍ പോലീസിന്റെ പിടിയിലാവുകയും, അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ തീവ്രവാദികളില്‍ ചിലര്‍ മലയാളികളോ കേരളവുമായി ബന്ധമുള്ളവരോ ആണ്. പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് കോടിക്കണക്കിന് രൂപ ചെലവിട്ടതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നുഴഞ്ഞുകയറ്റ സിദ്ധാന്തവും സിപിഎമ്മിന്റെ നിശ്ശബ്ദതയും തമ്മിലെ വൈരുധ്യം വ്യക്തമാണ്.
പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ തീവ്രവാദികളുടെ പങ്ക് മുഖ്യമന്ത്രി സമ്മതിക്കുമ്പോള്‍ മറ്റിടങ്ങളില്‍ ഇത്തരം പ്രക്ഷോഭങ്ങളുടെ പേരില്‍ അരാജകത്തം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനെ സിപിഎം പിന്തുണയ്ക്കുകയാണ് എന്നായിരുന്നു പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. ഈ സത്യത്തിന് അടിവരയിടുന്നതാണ് വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറിയ കലാപം. മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും വന്‍തോതില്‍ ശേഖരിച്ച് കലാപം അഴിച്ചുവിട്ടവര്‍ തീവ്രവാദികളായിരുന്നു. സൂത്രധാരന്മാരില് ഒരാളായി കരുതപ്പെടുന്ന ആം ആദ്മി പാര്‍ട്ടി കൗണ്‍സില്‍ താഹിര്‍ ഹുസൈന്റെ ചാന്ത് നിര്‍മാണ ഫാക്ടറിയില്‍നിന്ന് മാരകായുധങ്ങളും മറ്റും കണ്ടെടുക്കുകയുണ്ടായി. പൗരത്വ നിയമത്തിന്റെ മറപിടിച്ച് ഷഹീന്‍ബാഗില്‍ ആഴ്ചകളായി നടക്കുന്ന അക്രമാസക്തമായ റോഡ് ഉപരോധം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക സന്ദര്‍ശനം അലങ്കോലപ്പെടുത്തി രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനുമാണ് ഇസ്ലാമിക തീവ്രവാദികള്‍ കലാപത്തിലൂടെ ശ്രമിച്ചത്. തുടക്കം മുതല്‍തന്നെ ഷഹീന് ബാഗ് സമരത്തിന് സിപിഎം പൂര്‍ണ പിന്തുണ നല്കി. കലാപത്തിനു പിന്നിലെ ഇസ്ലാമിക ഭീകരരുടെ കറുത്ത കൈകള്‍ പുറത്തുവന്നിട്ടും സിപിഎം അവര്‍ക്കൊപ്പം നിലയുറപ്പിച്ചു. കലാപത്തെ പോലീസ് നേരിട്ടത് മുസ്ലിംവേട്ടയായി ചിത്രീകരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. അടച്ചുപൂട്ടുകയോ നടത്തിപ്പ് പ്രതിസന്ധിയിലാവുകയോ ചെയ്ത ഇസ്ലാമിക മതമൗലികവാദ-തീവ്രവാദ മാധ്യമങ്ങളുടെ ദൗത്യം സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’ ഏറ്റെടുക്കുകയായിരുന്നു.
അപ്രതീക്ഷിതമായ പ്രതികരണങ്ങളല്ല, ആസൂത്രിതമായ അക്രമങ്ങളാണ് ഇസ്ലാമിക തീവ്രവാദികളുടെ ഭാഗത്തുനിന്നുണ്ടായത്. അങ്കിത് ശര്‍മ എന്ന ഐബി ഉദ്യോഗസ്ഥന് പ്രാകൃതമായി കൊലചെയ്യപ്പെട്ടതും,യുപിയില്‍ നിന്നുള്ള ഷാരൂഖ് എന്ന തീവ്രവാദി നടത്തിയ വെടിവയ്പ്പുമൊക്കെ ഇതിന് തെളിവാണ്. മസ്ജിദുകളില്‍നിന്ന് മുന്നറിയിപ്പുകള്‍ പോയിരുന്നു. ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെയും വിലപ്പിടിപ്പുള്ള സാധനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചില ഉടമകള്‍ ബൈക്കുകള്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോയശേഷം സ്വന്തം ഷോറൂമുകള്‍ തീയിട്ട് നശിപ്പിച്ചു. അതേസമയം കലാപം തുടങ്ങി ഉടന്‍തന്നെ ഹിന്ദുക്കളുടെ കടകള്‍ കൊള്ളയടിക്കുകയും, അതിനുശേഷം അഗ്നിക്കിരയാക്കുകയും ചെയ്തു. ഷഹീന് ബാഗിലെ ‘സമാധാനപരമായ പ്രതിഷേധം’ ഇതിനൊക്കെ വേണ്ടിയുള്ള മറയായി ഉപയോഗിച്ചു. ജഫ്രാബാദ്, ചാന്ദ്ബാഗ്, കരാവല്‍ നഗര്‍ എന്നിവിടങ്ങളിലെ ഹിന്ദു വീടുകള്‍ തീവ്രവാദികള്‍ ആഴ്ചകള്‍ക്കു മുന്‍പുതന്നെ ലക്ഷ്യമിട്ടിരുന്നു.
ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. മതേതരത്വത്തിന്റെ പേരില്‍ ഇരവാദം ഉന്നയിച്ച് മതാധിപത്യത്തിന് ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികളുമായി ഇടതുപാര്‍ട്ടികള്‍ അവിശുദ്ധ സഖ്യത്തിലാണ്. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഇതിന് നേതൃത്വം നല്‍കുന്നത് സിപിഎമ്മാണ്. ഇസ്ലാമിക മതമൗലികവാദികളെ ഒറ്റപ്പെടുത്തുകയും, പാക്കിസ്ഥാന്റെ സഹായത്തോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തി രാജ്യരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന മോദി സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്ലാമിക തീവ്രവാദികള്‍. ഇന്ത്യയിലെ പൗരന്മാരെ അവര്‍ ഏത് മതത്തില്‍പ്പെട്ടവരായാലും ഒരുതരത്തിലും ബാധിക്കാത്തതാണ് പൗരത്വ നിയമഭേദഗതി. എന്നാല്‍ ഇത് തങ്ങളുടെ വിഭാഗീയ അജണ്ട നടപ്പാക്കാനുള്ള അവസരമായിക്കണ്ട് സത്യവുമായി വിദൂരബന്ധംപോലുമില്ലാത്ത ദുഷ്പ്രചാരണം നടത്തുകയാണ് ഇസ്ലാമിക തീവ്രവാദികളും ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ചെയ്തത്.
മുസ്ലിം വര്‍ഗീയതയും വിഘടനവാദവുമായുള്ള ഇടതു പാര്‍ട്ടികളുടെ ബന്ധം ചരിത്രപരമാണ്. പാക്കിസ്ഥാന് വാദം ഉന്നയിച്ച മുഹമ്മദാലി ജിന്നയുടെ മുസ്ലിംലീഗിന് സമ്പൂര്‍ണമായ പിന്തുണയാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയത്. ഒരു ഘട്ടത്തില്‍പ്പോലും ലീഗിന്റെ രാഷ്ട്രവിഭജന വാദത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തിട്ടില്ല. എന്നുമാത്രമല്ല, കൂടുതല്‍ ശക്തമായി അത് ഉന്നയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. തങ്ങള്‍ ഉന്നയിക്കുന്ന അതിശക്തമായ വിഭജനവാദം ശരിയായി മനസ്സിലാക്കാത്തതിന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം ലീഗിനെ ശകാരിക്കുക പോലും ചെയ്യുന്നുണ്ട്. പാര്‍ട്ടി രേഖകളില്‍ ഈ വിവരങ്ങള്‍ ഇപ്പോഴും തെളിഞ്ഞു കിടക്കുന്നു. ഇതൊക്കെ അറിയാത്ത രാഷ്ട്രീയ നിരക്ഷരരാണ് പല സിപിഎം നേതാക്കളും എന്നത് മറ്റൊരു കാര്യം.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം മറ്റിടങ്ങളില്‍ ദുര്‍ബലപ്പെട്ടുപോയ മുസ്ലിംലീഗും അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയും ഒരുപോലെ ശക്തിപ്പെട്ടത് കേരളത്തിലായിരുന്നല്ലോ. പല ഘട്ടങ്ങളിലും ഇരുപാര്‍ട്ടികളും ഒന്നിച്ചു ഭരിക്കുകയും ചെയ്തു. വര്‍ഗീയത ശക്തിപ്പെടുത്തി ലീഗിന് ബദലായി ഉയര്‍ന്നുവന്ന ഐഎന്‍എല്‍, ജമാഅത്തെ ഇസ്ലാമി, പിഡിപി എന്നിവയുമായും ഇടതുപാര്‍ട്ടികള്‍ കൈകോര്‍ത്തു. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയവരുടെ ഊഴമാണ്. രാഷ്ട്രീയ നേട്ടം മുന്‍നിര്‍ത്തി ഇവരുമായി ചേരുന്നതു മൂലം ഹിന്ദുക്കളില്നിന്നുള്ള പിന്തുണ നഷ്ടപ്പെടാതിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇസ്ലാമിക തീവ്രവാദികളെ തള്ളിപ്പറയുന്നതായി ഭാവിക്കുന്നത്. മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പറയാന്‍ നിര്‍ബന്ധിതനാണെന്നും, അത് കാര്യമാക്കേണ്ടതില്ലെന്നും ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്കറിയാം. വഞ്ചനാത്മകമായ ഈ കാപട്യം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: