കൊറോണ വൈറസ്-കോവിഡ് 19 ലോകത്തെ ഗ്രസിച്ചു തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. ചൈനയില്‍ മാത്രം ഏതാണ്ട് ഒരു ലക്ഷത്തോളം പേര് അസുഖ ബാധിതരാണ് എന്നാണ് അനൗദ്യോഗിക കണക്ക്. ഈ ലേഖനം എഴുതുമ്പോഴുള്ള സംഖ്യ 87,000 പേരാണ്. അതില്‍ ഏതാണ്ട് 3000 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അസുഖം മാറിയവര്‍ 42,000 പേരുണ്ട് എന്നത് ശുഭാപ്തി വിശ്വാസം നല്കുന്നു. എങ്കിലും ലോകസമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് കൊറോണ വളരെ വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പു കുത്തിയാലും അത്ഭുതപ്പെടാനില്ല.
വൈറസ് ഭീതി സാമ്പത്തിക സംവിധാനത്തെ ബാധിക്കുന്നത് ഏറെക്കുറെ സൈക്കോളജിക്കല്‍ കാരണങ്ങള്‍ കൊണ്ട് കൂടിയാണ്. ഉദാഹരണത്തിന്, വൈറസ് ഭീതി മൂലം ജനം പുറത്തിറങ്ങാന്‍ മടിക്കും. അതോടെവിപണിയില് വില്പന കുറയും, ഡിമാന്‍ഡ് കുറയും. വിപണി വരളും. ജനങ്ങള്‍ യാത്രകള്‍ കുറയ്ക്കും. ഷോപ്പിങ് കുറയ്ക്കും. വിപണിക്കൊപ്പം ട്രാവല്‍ രംഗത്തെയും ഇത് ബാധിക്കും. പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കപ്പെടുന്ന വസ്തുക്കള്‍ നിലയ്ക്കും. അതോടെ വിപണിയില്‍ സാധന ലഭ്യതക്കുറവ് അനുഭവപ്പെടും. സ്വാഭാവികമായും വില ക്രമാതീതമായി ഉയരും. ഇതോടെ പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാവും. പതിയെ പതിയെ ഈ അവസ്ഥ ലോകത്തെയാകമാനം ബാധിക്കും. ഒരു സുനാമിയോ കൊടുങ്കാറ്റോ വന്നു പോകുന്നത് പോലെ, എന്നു അവസാനിക്കും എന്നു ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാത്ത ഒരു സാമ്പത്തിക അടിയന്തരാവസ്ഥ ഉടലെടുക്കാനുള്ള സാഹചര്യം ഉണ്ടെന്നു നമ്മള് 2009 ല്‍ എച്ച് 1 എന്‍ 1 വൈറസ് പടര്‍ന്ന സമയത്തു മനസിലാക്കിയതാണ്. ഫാക്ടറികള്‍ അടയ്ക്കുന്നതോടെ തൊഴില്‍ നഷ്ടവും ജനങ്ങളുടെ ക്രയവിക്രയ ശേഷിയും തടസപ്പെടും. അതോടെ വില്പന കുറയുകയും അത് കമ്പനികളുടെ ലാഭത്തെ ബാധിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഉത്പാദനം കുറയ്ക്കുകയോ, ചെലവ് കുറയ്ക്കാന്‍ തൊഴിലാളികളെ പിരിച്ചു വിടുകയോ വേണ്ടി വരും. ഇത്തരം നടപടികള്‍ വൈറസ് ഭീതി മൂലമുള്ള സാമ്പത്തിക നഷ്ടത്തിന്റെ ഭാരം വര്‍ധിപ്പിക്കും.
കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഇത്തവണ കണ്ടെത്തിയതും കൂടുതല്‍ പേര് മരിക്കാനിടയായതും ചൈനയിലാണ്. ചൈനയിലെ വുഹാന്‍ പട്ടണമായിരുന്നു പ്രഭവകേന്ദ്രം. ചൈന എന്നാല്‍ ഇന്ന് അറിയപ്പെടുന്നത് ‘ ലോകത്തിന്റെ ഫാക്ടറി’ എന്നാണ്. ഐഫോണ്‍ മുതല്‍ അഡിഡാസ് ഷൂസ് വരെ ഉണ്ടാക്കുന്ന, എന്തു ഉല്്പന്നവും ഉണ്ടാക്കാന്‍ ഋരീിീാശല െീള ടരമഹല എന്ന ഉല്പാദന തന്ത്രം ഉപയോഗിച്ചു കൊണ്ടു ഉല്പാദനത്തിന്റെ തോത് വലിയ അളവില്‍ കൊണ്ടു വന്ന് പ്രതി യൂണിറ്റ് കോസ്റ്റ് കുറച്ച് ആ ലാഭം വിപണിയിലേക്ക് കൈമാറുന്നതു കൊണ്ടാണ് ഇന്ന് ചൈനയിലെ ഉല്പാദന രംഗവുമായി മത്സരിക്കാന്‍ അമേരിക്കയ്ക്ക് പോലും സാധിക്കാതെ വരുന്നത്. പക്ഷെ ലോകത്തിന്റെ ഫാക്ടറി ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച മട്ടാണ്. കരകയറാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എങ്കിലും ഭയം ഗ്രസിച്ചു തുടങ്ങിയ ലോകരാഷ്ട്രങ്ങള്‍ കൊറോണ ഭീതി മൂലം ചൈനയുമായുള്ള ബന്ധം മുറിച്ചിരിക്കുന്നു.
ചൈനയുടെ ജിഡിപി വളര്‍ച്ച അവസാന പാദത്തില്‍ 6 ശതമാനമായിരുന്നത് ഈ പാദത്തില്‍ 4 ശതമാനത്തിലേക്ക് ഇടിയും എന്നാണ് കണക്കാക്കുന്നത്. എല്ലാ മേഖലയേയും ഇടിവ് ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ 42 ശതമാനവും കൊറോണ വൈറസ് ബാധിതമായി കഴിഞ്ഞിരിക്കുന്നു.
കൊറോണ ഭീതി ആദ്യം ബാധിച്ചത് വ്യോമയാന വ്യവസായത്തെയാണ്. ഐഎടിഎ( ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷന്) യുടെ കണക്ക് പ്രകാരം ആഗോള തലത്തില്‍ ഇപ്പോള്‍ തന്നെ 29 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഈ മേഖലയില്‍ കണക്കാക്കുന്നത്. പല ചൈനീസ് വിമാന കമ്പനികളും സര്‍വീസുകള്‍ റദ്ദ് ചെയ്ത് വിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു കഴിഞ്ഞു.
ആഗോള പ്രൊഡക്ഷന്‍ ഹബ് ആയി മാറിക്കഴിഞ്ഞ ചൈന ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നാണ്. ഓട്ടോ ഭീമന്മാരായ വോള്‍ക്സ് വാഗന് , ഡൈംലേര്, ടൊയോട്ട, ഹ്യൂണ്ടായ്, ഹോണ്ട, ജനറല്‍ മോട്ടോഴ്സ് എന്നിവര്‍ക്കെല്ലാം ചൈനയില്‍ ഫാക്ടറികളുണ്ട്. അതില്‍ ഭൂരിഭാഗവും ഫെബ്രുവരി വരെ അടച്ചിട്ടിരിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ മോശമായി തുടര്‍ന്നാല്‍ ഫാക്ടറികള്‍ കൂടുതലായി അടച്ചു പൂട്ടും. വാഹന വിപണിയില്‍ വരുന്ന സാമ്പത്തിക വര്‍ഷം ആദ്യം 15% ഉല്പാദനം കുറയും.
ലക്ഷ്വറി ബ്രാന്‍ഡുകളുടെ വലിയ വിപണിയാണ് ചൈന. ബ്രിട്ടീഷ് കമ്പനിയായ ബര്‍ബറി അവരുടെ 64 സ്റ്റോറുകളില്‍ ഏതാണ്ട് പകുതിയോളം അടച്ചിട്ടിരിക്കുകയാണ്. ഓട്ടോ പാര്‍ട്സിന്റെ ലഭ്യതക്കുറവ് മൂലം ഹ്യൂണ്ടായ് അവരുടെ തെക്കന്‍ കൊറിയയിലെ ഫാക്ടറി അടച്ചു പൂട്ടി. ഫിയറ്റ് ക്രൈസ്ലര് അവരുടെ യൂറോപ്പിലെ ഫാക്ടറിയിലും സമാന അനുഭവം നേരിടാന്‍ സാധ്യത ഉണ്ടെന്നു റിപ്പോര്‍ട്ട് ഉണ്ട്.
ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വിതരണ ശ്യംഖലയെ വൈറസ് ഭീതി തടസ്സപ്പെടുത്തുന്നതോടെ ആഗോള തലത്തിലും വിലക്കയറ്റം ഉണ്ടാവും. ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത ലഭ്യതക്കുറവും നേരിടും. ചെറു രാജ്യങ്ങള്‍ക്ക് ഇത്തരം അടിയന്തര സാഹചര്യം നേരിടാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. എത്ര വൈകിയാണോ ആഗോള സപ്ലൈ ചെയ്ന്‍ ശൃംഖലയെ വൈറസ് ഭീതി ബാധിക്കുന്നത് അത്രത്തോളം ഒരു അടിയന്തര സാഹചര്യത്തെ നേരിടാനുള്ള സമയം ലോകരാജ്യങ്ങള്‍ക്ക് ലഭിക്കും.
ലോകബാങ്കിന്റെ പഠനം പറയുന്നത് ഒരു വലിയ പകര്‍ച്ചവ്യാധി മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ആഗോള ആഭ്യന്തര ഉല്പാദനത്തിന്റെ 5 ശതമാനത്തോളം വരും എന്നാണ്. അതായത് ഏകദേശം 3 ട്രില്യണ്‍ ഡോളര്‍ നഷ്ടം. ഒന്നുകൂടെ തെളിച്ചു പറഞ്ഞാല്‍ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ ആകെ തുകയാണ് 3 ട്രില്യണ്‍ ഡോളര്‍. ഒരു ഏകദേശ സാമ്പത്തിക നഷ്ടത്തിന്റെ തോതാണ് ലോക ബാങ്കിന്റെ പഠനം മുന്നോട്ട് വയ്ക്കുന്നത്. 3 ട്രില്യണ്‍ നഷ്ടം എന്നത് അവിടം കൊണ്ട് അവസാനിക്കുന്നില്ല. അതിന്റെ അലയൊലികളായി തൊഴില്‍ നഷ്ടവും പണപ്പെരുപ്പവും എല്ലാം നേരിടാന്‍ ആഗോള സമ്പത്തിക രംഗങ്ങള്‍ തയ്യാറായി ഇരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: