ക്ഷേത്രത്തില്‍ മോഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചു എന്ന വാര്‍ത്ത ക്ഷേത്രവിശ്വാസികളില്‍ മാത്രമല്ല, മുഴുവന്‍ ജനാധിപത്യവിശ്വാസികളിലും ഞെട്ടലുണ്ടാക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്തുള്ള പൊയ്ലൂര് മുത്തപ്പന് മടപ്പുര ക്ഷേത്രത്തില്‍ ഈ മാസം ഏഴാം തീയതിയാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് അകത്തും പുറത്തുമുള്ള അഞ്ചോളം ഭണ്ഡാരങ്ങള്‍ തകര്‍ത്ത് കവര്‍ച്ച നടത്തുകയായിരുന്നു. പിന്നീട് അറസ്റ്റിലായ മോഷ്ടാക്കളാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ക്വട്ടേഷന്‍ ലഭിച്ചതു പ്രകാരമാണ് തങ്ങള്‍ മോഷണം നടത്തിയതെന്ന് വെളിപ്പെടുത്തിയത്. ക്ഷേത്രങ്ങള്‍ സംരക്ഷിക്കാനും ഭംഗിയായി നടത്തിക്കൊണ്ടുപോകാനും ചുമതലപ്പെട്ടവര്‍ തന്നെ ക്ഷേത്രം കൊള്ളയടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ സംഭവം ചരിത്രത്തില്‍ തന്നെ ആദ്യത്തേതായിരിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ഒ.കെ. വാസുവിന് നേരത്തെ നല്ല സ്വാധീനമുണ്ടായിരുന്ന ക്ഷേത്രമായിരുന്നു പൊയ്ലൂര് മടപ്പുര ക്ഷേത്രം എന്നാണറിയുന്നത്. രാഷ്ട്രീയമായ കാലുമാറ്റത്തെ തുടര്‍ന്ന് സ്വാധീനം നഷ്ടപ്പെട്ട അദ്ദേഹം ക്ഷേത്രത്തെ തന്റെ നിയന്ത്രണത്തിലാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ആ ശ്രമം നടക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി നിലവിലുള്ള ക്ഷേത്രക്കമ്മിറ്റി, ക്ഷേത്രത്തെ സംരക്ഷിക്കാന്‍ കെല്‍പില്ലാത്തവരാണെന്ന് വരുത്തിത്തീര്‍ക്കാനും അതുവഴി ദേവസ്വം ബോര്‍ഡിനെ ഉപയോഗിച്ച് ക്ഷേത്രം പിടിച്ചെടുക്കാനുമായിരുന്നു പ്രസിഡന്റിന്റെ നീക്കം. അതിനായി ഒ.കെ. വാസു മൂന്ന് സിപിഎം പ്രവര്‍ത്തകരെ ആറ് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ഏല്പിച്ചു. ഇത് സ്വീകരിച്ചവര്‍ തന്നെ ഈ വിവരം പുറത്തുപറഞ്ഞതോടെ ഒ.കെ. വാസു പ്രതിരോധത്തിലാവുകയായിരുന്നു.
സിപിഎമ്മുകാരനും സിപിഎം സര്ക്കാരിനാല് നിയമിതനുമായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്വാഭാവികമായും ക്ഷേത്രക്കവര്‍ച്ചയ്ക്കുള്ള ക്വട്ടേഷന്‍ നല്‍കിയത് സ്ഥലത്തെ സിപിഎം ഗുണ്ടകള്‍ക്കാണ്. ഭക്തജനങ്ങളുടെ ശ്രമഫലമായി മോഷ്ടാക്കള്‍ പിടിയിലായപ്പോള്‍ സിപിഎമ്മിനും ഒ.കെ. വാസുവിനും അവരെ സംരക്ഷിക്കാന്‍ കഴിയാതെ വന്നതോടെയാണ് ക്വട്ടേഷന്‍ വിവരം പുറത്തു പറഞ്ഞത്. മോഷ്ടാക്കളുടെ വെളിപ്പെടുത്തലിന്റെ വീഡിയോ ക്ളിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുകയും ചെയ്തു.
1975 മുതല്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന പൊയ്ലൂര് മുത്തപ്പന് മടപ്പുര ക്ഷേത്രം അടിക്കടി സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും വളരുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉത്സവകാലത്ത് ഏറ്റവുമധികം ഭക്തരെത്തുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുക എന്ന ദുരാര്‍ത്തിയാണ് ഒ.കെ. വാസുവിന്റെയും സിപിഎമ്മിന്റെയും ഉദ്ദേശ്യമെന്ന് വ്യക്തം. ഇതിനുവേണ്ടി തയ്യാറാക്കിയ ആസൂത്രണമാണ് മോഷ്ടാക്കളുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്.
ഇടതുപക്ഷ ഭരണത്തില്‍ ദേവസ്വം ബോര്‍ഡുകളുടെ ഭരണം നിരീശ്വരവാദികളുടെ കൈകളില്‍ എത്തിയതിന്റെ ദുരന്തഫലം കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കേരളം അനുഭവിച്ചുകഴിഞ്ഞു. ഭക്തജനങ്ങളും വിശ്വാസികളും ഭക്തിപൂര്‍വ്വം ദേവസന്നിധിയില് സമര്‍പ്പിക്കുന്ന പണവും മറ്റ് വസ്തുക്കളുമാണ് ദേവസ്വം ബോര്‍ഡുകളുടെ വരുമാനം. ഈ വരുമാനം ഉപയോഗിച്ച് ക്ഷേത്രവിശ്വാസത്തെ തകര്‍ക്കുന്ന തരത്തിലുള്ള നിലപാടുകളും ക്ഷേത്രധ്വംസനവും നടത്തുകയാണ്. ഗുരുവായൂരപ്പന്റെ ഭക്തരായ ലക്ഷക്കണക്കിനാളുകള്‍ സമര്‍പ്പിച്ച പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പൂന്താനത്തിന്റെ പേരിലുള്ള പുരസ്കാരം കൃഷ്ണസങ്കല്പത്തെ നീചവും നികൃഷ്ടവുമായ രീതിയില്‍ ആവിഷ്കരിച്ച കവിക്ക് നല്‍കിയതിലെ നീതികേടിനെ കോടതി പോലും ചോദ്യം ചെയ്തിരിക്കുന്നു. ദൈവനിന്ദ പതിവുപരിപാടിയാക്കിയ ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്ന കെടുതികളില്‍ ഒടുവിലത്തെ സംഭവമാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ക്വട്ടേഷന്‍. ക്ഷേത്രം നടത്തിപ്പുകള്‍ക്ക് നേതൃത്വം നല്കുന്ന ട്രസ്റ്റുകളില്‍ നിന്ന് ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് ക്ഷേത്രഭരണത്തെ കൊണ്ടുവരാനും അതുവഴി ക്ഷേത്രങ്ങളില്‍ സാര്‍വ്വത്രികമായി മാര്‍ക്സിസ്റ്റ്വല്‍കരണം നടപ്പാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. പൊയ്ലൂര് മടപ്പുര ക്ഷേത്രത്തില്‍ നടന്ന സംഭവം ഏറെ ഗൗരവത്തോടെ കാണുകയും ക്ഷേത്രഭരണത്തിലുള്ള മാര്‍ക്സിസ്റ്റുവല്‍കരണത്തിനെതിരെ ജാഗരൂകരായിരിക്കാനും മുഴുവന്‍ ക്ഷേത്രവിശ്വാസികളും തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: