ശ്ലോകം 102
ഉച്ഛ്വാസ നിഃശ്വാസ വിജൃംഭണക്ഷുത്
പ്രസ്പന്ദനാദ്യുത്ക്രമണദികാഃ ക്രിയാഃ
പ്രാണാദി കര്‍മ്മാണി വദന്തി തജ്ജ്ഞാഃ
പ്രാണസ്യ ധര്‍മ്മാവശനാപിപാസേ
ശ്വാസം ഉള്ളിലേക്ക് വലിക്കല് പുറത്തേക്ക് വിടല്‍, കോട്ടുവായിടുക, തുമ്മല്‍, മലമൂത്രങ്ങളും മറ്റും വിസര്‍ജ്ജിക്കുക, ശരീരം വിട്ടു പോവുക തുടങ്ങിയവ പ്രാണന്മാരുടെ കര്‍മ്മങ്ങളാണെന്ന് അതേപ്പറ്റി അറിവുള്ളവര്‍ പറയുന്നു.മുഖ്യ പ്രാണന്റെ ധര്‍മ്മമാണ് വിശപ്പും ദാഹവും.
ജീവനുള്ള ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രാണന്റെ പങ്ക് വളരെ വലുതാണ്. ശ്വാസോച്ഛ്വാസം മുതല്‍ വിശപ്പും ദാഹവും വരെ പ്രാണന്റെ പ്രവര്‍ത്തനമാണ്. പഞ്ച പ്രാണന്മാരുടെയും പഞ്ച ഉപപ്രാണന്മാരുടേയും പ്രവര്‍ത്തനമാണ് ശരീരത്തെ നിലനിര്‍ത്തുന്നത് എന്ന് പറയാം. ഇവയൊന്നും ആത്മാവിന്റെ ധര്‍മ്മങ്ങളല്ല എന്ന് കാണിക്കാനാണ് ഇത് ഇവിടെ എടുത്ത് പറഞ്ഞത്.
ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം പ്രാണന്റെ പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്നുണ്ട്. ഉറങ്ങുമ്പോള്‍ പ്രാണനില്‍ അഭിമാനമില്ലാത്തതിനാല് വിശപ്പും ദാഹവുമൊന്നും ഉണ്ടാവുകയില്ല. കോട്ടുവായിടുന്നതും തുമ്മുന്നതുമൊന്നും നമ്മള് ഇഷ്ടപ്പെട്ടിട്ടല്ല എങ്കിലും അവ വേണ്ട സമയത്ത് നമ്മള് അറിയാതെ പുറത്തുവരുന്നു. ബോധപൂര്‍വം വേണമെന്ന് കരുതി ചെയ്യുന്നതല്ല.
നല്ല ക്ഷീണം തോന്നുമ്പോഴും ഉറക്കത്തിലേക്ക് വഴുതുമ്പോഴും ഇരുന്ന് മുഷിയുമ്പോഴുമൊക്കെ കോട്ടുവായിടാറുണ്ട്. പൊടിയും മറ്റും മൂക്കിലേക്ക് കയറുമ്പോള്‍ അവയെ പുറത്താക്കാന്‍ തുമ്മല്‍ നടക്കാറുണ്ട്. ജലദോഷം മുതലായവ വന്നാല്‍ പിന്നെയുള്ള തുമ്മല്‍ പറയേണ്ടതില്ല.ശരീരത്തില്‍ വച്ചിരിക്കാന്‍ പറ്റാത്തതായ എല്ലാ അഴുക്കുകളേയും പല സ്ഥലത്തിലൂടെ പുറത്തു കളയുന്നതും പ്രാണനാണ്. പ്രധാനമായും മലവും മൂത്രവുമായും ഇവ അതിന്റെ വഴിയിലൂടെ പുറത്ത് പോകുന്നു.
അശുദ്ധവായുവിനെ പുറത്ത് വിടും പോലെ വിയര്‍പ്പ്, തുപ്പല് എന്നിവയും കണ്ണ്, കാത്, മൂക്ക്, വായ എന്നിവയിലൂടെ അഴുക്കുകള്‍ പുറത്ത് വരുന്നതും പ്രാണപ്രവര്ത്തനം വഴിയാണ്. പഞ്ചപ്രാണന്മാരോടൊപ്പം നാഗന്, കൂര്‍മ്മന്‍, ദേവദത്തന്, കൃകലന്‍, ധനഞ്ജയന് എന്നീ ഉപപ്രാണന്മാരുമുണ്ട്.
നാഗന് പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ച് നടക്കാനും ഓടാനും ചാടാനും എടുക്കാനും പിടിക്കാനും ഇരിക്കാനുമൊക്കെ സഹായിക്കുന്നു. ശരീരശുദ്ധീകരണവും നടത്തുന്നു. കൂര്‍മ്മന്‍ കണ്ണടച്ചു തുറക്കലും ഇമവെട്ടലും നടത്തുന്നു.കൃകലനാണ് വിശപ്പിനും ദാഹത്തിനും തുമ്മലിനും ചുമയ്ക്കുമൊക്കെ ആധാരമായിരിക്കുന്നത്.ദേവദത്തനാണ് ഉറക്കം, കോട്ടുവായിടല്‍ എന്നിവയെ ചെയ്യിക്കുന്നത്. ശരീരത്തിലെ എല്ലാറ്റിനേയും വേണ്ട പോലെ യോജിപ്പിച്ചു നിര്‍ത്തുന്ന ധര്‍മ്മമാണ് ധനഞ്ജയന്. തൊലിയേയും പേശികളേയും നാഡീവ്യൂഹങ്ങളേയുമൊക്കെ അത് സ്വാധീനിക്കുന്നുണ്ട്.
മരണ ശേഷം അവസാനം ധനഞ്ജയനും പോകുമ്പോള്‍ ശരീരം വിഘടിക്കാനും അഴുകാനും തുടങ്ങും. മുഖ്യപ്രാണന് സ്ഥൂല ശരീരത്തില്‍ സൂക്ഷ്മ ശരീരത്തേയും കൊണ്ട് പുറത്ത് പോകുമ്പോള്‍ അത് ജഡമായിത്തീരുന്നു.
ശാരീരിക ഘടനയ്ക്ക് കോട്ടം തട്ടാതെ നിലനിര്‍ത്തി മുന്നോട്ട് കൊണ്ടു പോകുന്നത് പ്രാണനാണ്. പ്രാണശക്തി ശരീരത്തിലിരുന്ന് ഓരോ ആവശ്യങ്ങളേയും വൃത്തികളേയും നിര്‍വഹിപ്പിക്കുന്നു. പ്രാണവൃത്തികളെയെല്ലാം പ്രകാശിപ്പിക്കുന്നത് ആത്മാവാണ്. പ്രാണവൃത്തികള്‍ ബാധിക്കാത്ത അവയുടെ ധര്മ്മങ്ങളൊന്നുമേല്ക്കാത്തതാണ് ആത്മാവ്. പ്രാണന്മാരുടെ സ്ഥിതിയെ ആത്മസ്വരൂപനായ ഞാന്‍ പ്രകാശിപ്പിക്കുന്നു. അതിനാല്‍ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളേയും ഞാന്‍ അറിയുന്നു.
എനിക്ക് വിശക്കുന്നു, ദാഹിക്കുന്നു.. ശ്വാസം മുട്ടുന്നു…. തുടങ്ങിയ പ്രാണനുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഈ ദേഹത്തില്‍ ഇരിക്കുന്നതിനാല്‍ ‘ഞാന്‍’ അറിയുന്നുണ്ട്. അങ്ങനെ പ്രാണനെയും പ്രവര്‍ത്തിപ്പിക്കുന്ന, പ്രകാശിപ്പിക്കുന്ന ആത്മാവിനെയാണ് അറിയേണ്ടത്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: